ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍, ഡിജിയാത്ര, എയര്‍പോര്‍ട്ട് എമര്‍ജന്‍സി സര്‍വീസ് ഇവയുടെ ഉദ്ഘാടനം. രാജ്യാന്തര ടെര്‍മിനല്‍ വികസനം, എയ്റോ ലോഞ്ച്, ഗോള്‍ഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാ വലയം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനത്തിന് തുടക്കമിടല്‍
കൊച്ചി: വികസന ചരിത്രത്തില്‍ നിര്‍ണായകമായ ഒരു ഘട്ടത്തിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍) തുടക്കമിടുന്നു. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ്, വിമാനത്താവള ആധുനികവത്കരണം, വിനോദ സഞ്ചാര സാധ്യത, കാര്‍ഷിക മേഖലയുടെ വളര്‍ച്ച മുതലായ ഘടകങ്ങള്‍ മുന്‍നിര്‍ത്തി, അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന 7 പദ്ധതികള്‍ക്കാണ് ഒരൊറ്റദിനത്തില്‍ സിയാല്‍ തുടക്കം കുറിക്കുന്നത്. 2023 ഒക്ടോബര്‍ 2, തിങ്കളാഴ്ച, മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.
കാര്‍ഗോയിലും യാത്രക്കാരുടെ എണ്ണത്തിലും ഉണ്ടാകുന്ന വളര്‍ച്ച ഉള്‍കൊള്ളത്തക്ക വിധം വിഭാവനം ചെയ്തിട്ടുള്ള 7 പദ്ധതികളാണ് സിയാല്‍ സജ്ജമാക്കിയിട്ടുള്ളത്. ഇവയില്‍ കാര്‍ഗോ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഡിജിയാത്ര, എയര്‍പോര്‍ട്ട് എമര്‍ജന്‍സി സര്‍വീസ് ആധുനികവത്ക്കരണം എന്നിവയും അന്നേദിവസം ഉദ്ഘാടനം ചെയ്യപ്പെടും. രാജ്യാന്തര ടെര്‍മിനല്‍ വികസനത്തിന്റെ ഒന്നാം ഘട്ടം, എയ്റോ ലോഞ്ച്, ഗോള്‍ഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാ വലയം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടലിനും ചടങ്ങ് സാക്ഷ്യം വഹിക്കും.
പദ്ധതികളുടെ വിശദാംശങ്ങള്‍:
നിലവിലെ രാജ്യാന്തര ടെര്‍മിനലിന്റെ വടക്കുഭാഗത്തുകൂടി ഏപ്രണ്‍ വരുന്നു. 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പുതിയ ഏപ്രണ്‍, 8 പുതിയ എയ്റോബ്രിഡ്ജുകള്‍ ഉള്‍പ്പെടെ 5 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ രാജ്യാന്തര ടെര്‍മിനലിന്റെ വികസനം. ഇതോടെ വിമാന പാര്‍ക്കിംഗ് ബേയുടെ എണ്ണം 44 ആയി ഉയരും. ഭാവിയിലെ ട്രാഫിക് വളര്‍ച്ച പരിഗണിച്ച് തയ്യാറാക്കിയിട്ടുള്ള ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് തറക്കല്ലിടും.
ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ സിയാലിന്റെ പ്രതിവര്‍ഷ കാര്‍ഗോ കൈകാര്യം ചെയ്യല്‍ ശേഷി 2 ലക്ഷം മെട്രിക് ടണ്ണായി വര്‍ധിക്കും. നിലവിലെ കാര്‍ഗോ സ്ഥലം മുഴുവനും കയറ്റുമതി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുമാകും. കേരളത്തിലെ കാര്‍ഷികോത്പന്നങ്ങള്‍ക്ക് ആഗോള വിപണി കണ്ടെത്തുന്നതിനായുള്ള സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ഇത് കരുത്ത് പകരും.
യാത്രക്കാര്‍ക്ക് ഹ്രസ്വസമയ വിശ്രമത്തിന് രണ്ടാം ടെര്‍മിനലിന് സമീപം പണികഴിപ്പിക്കുന്ന, ‘0484 ലക്ഷ്വറി എയ്റോ ലോഞ്ച് ‘ എന്ന് നാമകരണം ചെയ്യപ്പെട്ട, എയ്റോലോഞ്ചിന്റെ തറക്കല്ലിടല്‍. 42 ആഡംബര ഗസ്റ്റ് റൂമുകള്‍, റസ്റ്റൊറന്റ്, മിനി കോണ്‍ഫറന്‍സ് ഹാള്‍, ബോര്‍ഡ് റൂം, ജിം, സ്പാ എന്നിവയടക്കം അരലക്ഷം ചതുരശ്രയടിയായിരിക്കും ഇതിന്റെ വിസ്തീര്‍ണം. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള ലോഞ്ചായി ഇത് മാറും.
വിമാനത്താവള ടെര്‍മിനലുകളിലെ പുറപ്പെടല്‍ പ്രക്രിയ, ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതല്‍ കാര്യക്ഷമവും സുഗമവുമാക്കുന്ന സംവിധാനമാണ് ഡിജിയാത്ര. കൊച്ചി വിമാനത്താവളത്തില്‍ ഡിജിയാത്ര സോഫ്ട്വെയര് രൂപകല്പന ചെയ്തത് സിയാലിന്റെ തന്നെ ഐടി വിഭാഗമാണ്. ഇതാണ് ഉദ്ഘാടനം ചെയ്യപ്പെടുന്ന മറ്റൊരു പദ്ധതി. ആഭ്യന്തര ടെര്‍മിനലില്‍ 22 ഗേറ്റുകളില്‍ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സുഗമമാക്കുന്നു. ബെല്‍ജിയത്തില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇ-ഗേറ്റുകള്‍ ആണ് ഇവിടെ ഉപയോഗിക്കുക.
വിമാനത്താവള അഗ്നിശമന സേനയെ എയര്‍പോര്‍ട്ട് എമര്‍ജന്‍സി സര്‍വീസ് എന്ന നിലയിലേയ്ക്ക് ആധുനികവത്ക്കരിക്കുന്നു. അടിയന്തരാവശ്യ വാഹനവ്യൂഹത്തിലേയ്ക്ക് ഓസ്ട്രിയന്‍ നിര്‍മിത രണ്ട് ഫയര്‍ എന്‍ജിനുകള്‍, മറ്റ് ആധുനിക വാഹനങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇവയുടെ പ്രവര്‍ത്തന ഉദ്ഘാടനം. അത്യാഹിതങ്ങളില്‍ അതിവേഗം പ്രതികരിക്കാന്‍ ഇവ സിയാലിനെ പ്രാപ്തമാക്കും.
കൊച്ചി വിമാനത്താവളത്തിന്റെ ഓപ്പറേഷണല്‍ മേഖലയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ അത്യാധുനിക ഇലക്ട്രോണിക് സുരക്ഷാവലയം തീര്‍ക്കുന്നു. പെരിമീറ്റര്‍ ഇന്‍ട്രൂഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം (പി. ഐ. ഡി. എസ്) എന്ന ഈ സംവിധാനത്തിന്റെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. വിമാനത്താവളത്തിന്റെ പന്ത്രണ്ട് കിലോമീറ്ററോളം വരുന്ന സുരക്ഷാമതിലില്‍ മാരകമാകാത്ത വിധമുള്ള വൈദ്യുതവേലിയും ഫൈബര്‍ ഒപ്റ്റിക് വൈബ്രേഷന്‍ സെന്‍സറും തെര്‍മല്‍ ക്യാമറകളും സ്ഥാപിച്ച് സിയാലിന്റെ സെക്യൂരിറ്റി ഓപ്പറേഷന്‍സ് കണ്ട്രോള് കേന്ദ്രവുമായി ബന്ധപ്പെടുത്തുന്നു. ചുറ്റുമതിലിന് സമീപമുണ്ടാകുന്ന നേരിയ പ്രകമ്പനങ്ങളും താപവ്യതിയാനങ്ങളും തത്സമയം തിരിച്ചറിയുന്നതിലൂടെ വിമാനത്താവളത്തിന് നേരെയുണ്ടാവുന്ന നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഉടനടി മനസിലാക്കാനും പ്രതിരോധ പ്രവര്‍ത്തനം സജ്ജമാക്കാനും കഴിയും.
കേരളത്തിലെ ഏക 18-ഹോള്‍ കോഴ്സായ സിയാല്‍ ഗോള്‍ഫ് കോഴ്സില്‍ വിനോദസഞ്ചാര സാധ്യത തേടുന്നു. ഇതിന്റെ ഭാഗമായി റിസോര്‍ട്ടുകള്‍, വാട്ടര്‍ഫ്രണ്ട് കോട്ടേജുകള്‍, പാര്‍ട്ടി/ കോണ്‍ഫറന്‍സ് ഹാള്‍, സ്പോര്‍ട്സ് സെന്റര്‍ എന്നിവ നിര്‍മിക്കുന്നു. ഈ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം.
കോവിഡാനന്തര കാലഘട്ടത്തില്‍ ലാഭത്തിലായ ഇന്ത്യയിലെ ഏക വിമാനത്താവളമായ സിയാല്‍, കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി സംരംഭങ്ങള്‍ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. പയ്യന്നൂരിലെ 14 മെഗാവാട്ട് സൗരോര്‍ജ്ജ പ്ലാന്റും കോഴിക്കോട് അരിപ്പാറയിലെ 4.5 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയും, ഇന്ത്യയിലെ ആദ്യത്തെ ചാര്‍ട്ടര്‍ ഗേറ്റ്വേ ആയ ബിസിനസ് ജെറ്റ് ടെര്‍മിനലും ഈ കാലയളവില്‍ സിയാല്‍ കമ്മീഷന് ചെയ്ത സംരംഭങ്ങളാണ്. ഈ മാറ്റങ്ങള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിന്റെ വികസനയാത്രയിലെ പുതുയുഗത്തെ സൂചിപ്പിക്കുന്നുവെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു. ‘നാളെയിലേയ്ക്ക് പറക്കുന്നു’ എന്ന ആശയത്തെ സാര്‍ത്ഥകമാക്കുന്ന ഏഴ് മെഗാ പ്രോജക്ടുകള്‍ നടപ്പിലാക്കി കൊണ്ട് ഞങ്ങള്‍ നൂതനമായ ഒരു യാത്രക്ക് തുടക്കം കുറിക്കുകയാണ്. വര്‍ദ്ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുക എന്നതിലുപരി, അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി ഊന്നല്‍ നല്കി, ദീര്‍ഘവീക്ഷണത്തോടെയാണ് ഈ സംരംഭങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സിയാലിന്റെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുന്ന ഈ 7 മെഗാ പദ്ധതികള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നായി മാറാന്‍ ഞങ്ങളെ പ്രാപ്തരാക്കും എന്ന് ഉറപ്പുണ്ട്”, സുഹാസ് പറഞ്ഞു. വ്യവസായ മന്ത്രി അഡ്വ. പി. രാജീവ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ അഡ്വ. കെ. രാജന്, അഡ്വ. പി. എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്, എം.പി.മാര്‍, എം.എല്‍.എ മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...