മുന്നറിയിപ്പുകള്‍ മുന്നൊരുക്കങ്ങൾ: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം ആചരിച്ചു

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് മുന്നറിയിപ്പുകളും മുന്നൊരുക്കങ്ങളും എല്ലാവരിലേക്കും എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പൂക്കോട് എം.ആര്‍.എസ് സ്‌കൂളില്‍ ജില്ലാ കളക്ടര്‍ എ. ഗീത നിര്‍വ്വഹിച്ചു. ദുരന്ത വ്യാപനവും ആഘാതവും പരമാവധി കുറയ്ക്കാനുള്ള തയാറെടുപ്പുകളാണ് നടത്തേണ്ടതെന്നും ദുരന്ത സാഹചര്യങ്ങളില്‍ കുട്ടികള്‍ക്ക് തങ്ങളാല്‍ കഴിയും വിധം ചെയ്യാന്‍ കഴിയുന്ന ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ദുരന്തങ്ങള്‍ എങ്ങനെ ലഘൂകരിക്കാം എന്ന അവബോധം ജനങ്ങളില്‍ വളര്‍ത്തുക എന്നതാണ് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ലക്ഷ്യം. എം.ആര്‍.എസ് സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥി കെ.പി അനുശ്രീ തയ്യാറാക്കിയ പോസ്റ്റര്‍ ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു. ”അപകട സാഹചര്യങ്ങളില്‍ എളുപ്പത്തിലുള്ള രക്ഷാപ്രവര്‍ത്തനം നടത്താം” എന്ന വിഷയത്തില്‍ കല്‍പ്പറ്റ അഗ്നിരക്ഷാ നിലയത്തിലെ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ സി.യു. പ്രവീണ്‍ കുമാര്‍, ”ജീവന്‍ രക്ഷാമാര്‍ഗ്ഗങ്ങളും പ്രഥമ ശുശ്രൂഷയും” എന്ന വിഷയത്തില്‍ ആരോഗ്യ വകുപ്പിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ സി.ബി. സുമി, ”ദുരന്തങ്ങള്‍ പരിഹാര മാര്‍ഗങ്ങള്‍” എന്ന വിഷയത്തില്‍ കെ.വൈ.എല്‍.എ കെ.ആര്‍ അതുല്യ എന്നിവര്‍ ബോധവല്‍ക്കരണക്ലാസ്സെടുത്തു. എ.ഡി.എം എന്‍.ഐ ഷാജു, വൈത്തിരി തഹസില്‍ദാര്‍ എം.എസ്. ശിവദാസന്‍, ഡി.എം സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് ജോയി തോമസ്, ഹസാഡ് അനലിസ്റ്റ് അരുണ്‍ പീറ്റര്‍, എം.ആര്‍.എസ് ഹെഡ് മാസ്റ്റര്‍ സി.കെ ആത്മാറാം, എം.ആര്‍.എസ് സീനിയര്‍ സൂപ്രണ്ട് എന്‍.ജെ. റെജി തുടങ്ങിയവര്‍ സംസാരിച്ചു.
*ദുരന്തങ്ങളെ എങ്ങനെ നേരിടാം; സുരക്ഷാ പാഠവുമായി അഗ്നി രക്ഷാ സേന*
ദുരന്ത സാഹചര്യങ്ങളെ നേരിടാനുളള സുരക്ഷാ പാഠവുമായി അഗ്നി രക്ഷാ സേന. അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് അഗ്‌നിരക്ഷാ സേന ഒരുക്കിയ ബോധവല്‍ക്കരണ ക്ലാസ്സ് ശ്രദ്ധേയമാകുന്നത്. മനുഷ്യ നിര്‍മ്മിതമോ അല്ലാത്തതോ ആയ സാഹചര്യങ്ങളില്‍ അവ വിവിധ മാര്‍ഗങ്ങളുപയോഗിച്ച് ലഘൂകരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അഗ്നി രക്ഷാ സേന കുട്ടികളുമായി പങ്കുവെച്ചു. തീപിടുത്തമുണ്ടാകുന്ന സാഹചര്യത്തില്‍ തീ അണക്കാന്‍ ഉപയോഗിക്കുന്ന ഫയര്‍ എസ്റ്റിങ്ക്വിഷറിന്റെ ഉപയോഗവും സാധ്യതകളും വിദ്യാര്‍ത്ഥികള്‍ക്കായി പരിചയപ്പെടുത്തി. അപകടങ്ങളില്‍ നല്‍കേണ്ട പ്രഥമ ചികിത്സാ മാര്‍ഗങ്ങള്‍, പാചകവാതക ഗ്യാസ് ലീക്കുണ്ടായാല്‍ അവ എങ്ങനെ കൈകാര്യം ചെയ്യണമെന്നും, ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയുണ്ടാകുന്ന അപകടങ്ങളില്‍ നല്‍കേണ്ട പ്രഥമ ചികിത്സകളെപ്പറ്റിയും ചടങ്ങില്‍ വിശദീകരിച്ചു. കല്‍പ്പറ്റ അഗ്നി രക്ഷാ നിലയിത്തിലെ ഉദ്യോഗസ്ഥരായ സി.യു. പ്രവീണ്‍കുമാര്‍, ബേസില്‍ ജോസ്, എം.കെ. വിനോദ് തുടങ്ങിയവരാണ് ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കിയത്. ബോധവല്‍ക്കരണ ക്ലാസ്സിലൂടെ അഗ്നിരക്ഷാ സേന പരിചയപ്പെടുത്തിയ അത്യാധുനിക ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവബോധവും പകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post എൻ.ലക്ഷ്മി പ്രിയക്ക് കേന്ദ്രസർവകലാശാലയിൽനിന്ന്‌ ഗണിതശാസ്‌ത്രത്തിൽ ഡോക്ടറേറ്റ്‌
Next post ജോസ്ന ക്രിസ്റ്റി ജോസ്നു അഭിനന്ദനവുമായി രാഹുൽ ഗാന്ധി എം പി
Close

Thank you for visiting Malayalanad.in