മുട്ടിൽ വില്ലേജ് ഓഫീസ് നിര്‍മ്മാണത്തിന് ഭൂമി ലഭിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍, കോച്ചിംഗ് ക്ലാസ്സുകള്‍ക്ക് ഇന്ന് (ഓഗസ്റ്റ് 8) ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ സ്കൂള്‍, കോളേജുകള്‍ക്ക് അവധി ബാധകമല്ല. റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വം അതത് സ്ഥാപന മേധാവികള്‍ ഉറപ്പാക്കണം. ആവശ്യമെങ്കില്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നല്‍കാവുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ബോയ്സ് ടൗണ്‍- പാല്‍ചുരം റോഡില്‍ ഗതാഗത നിയന്ത്രണം.
ജില്ലയില്‍ മഴ ശക്തമായി തുടരുന്നതിനാലും പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാലും ബോയ്സ് ടൗണ്‍- പാല്‍ചുരം റോഡിലൂടെയുള്ള രാത്രി ഗതാഗതത്തിന് ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു.
ജില്ലയിലെ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 242 പേര്
ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് ആരംഭിച്ച നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 67 കുടുംബങ്ങളിലെ 242 പേരാണുള്ളത്. ഇവരില്‍ 90 പുരുഷന്മാരും 91 സ്ത്രീകളും 61 കുട്ടികളുമാണുള്ളത്. ഇതില്‍ ഏഴ് പ്രായമായവരും ഭിന്നശേഷി വിഭാഗത്തിലെ ഒരാളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. മാനന്തവാടി താലൂക്കിലെ പുളിഞ്ഞാല്‍ ഗവ ഹൈസ്കൂള്‍, മക്കിയാട് ഹോളി ഫെയ്സ് സ്കൂള്‍, കൈതക്കൊല്ലി ഗവ എല്‍.പി സ്കൂളിലും സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ശ്രേയസിലുമാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്.
*സ്വാതന്ത്രദിനാഘോഷം: മന്ത്രി ടി സിദ്ദീഖ് പതാക ഉയര്‍ത്തും*
80-ാമത് സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ ഓഗസ്റ്റ് 15 ന് രാവിലെ ഒന്‍പതിന് നടക്കുന്ന പരേഡില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. സ്വാതന്ത്രദിന പരേഡില്‍ പോലീസ്, എക്സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, എസ്.പി.സി, സ്കൗട്ട് ആന്‍ഡ് ഗൈഡസ്, ബാന്‍ഡ് ഉള്‍പ്പെടെ 17 പ്ലറ്റൂണുകള്‍ അണിനിരക്കും. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വട്ടക്കളിപാട്ട്, പരമ്പരാഗത നൃത്തം, പരമ്പരാഗത ഗാനം, ബാന്‍ഡ് തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ പരേഡ് ഗ്രൗണ്ടില്‍ അരങ്ങേറും. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ ഓഗസ്റ്റ് 10,11,13 തിയതികളില്‍ പരേഡ് പരിശീലനം നടക്കും. കളക്ടേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സ്വാതന്ത്രദിനാഘോഷം അവലോകന യോഗത്തില്‍ എ.ഡി.എം കെ അജീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
*വില്ലേജ് ഓഫീസ് നിര്‍മ്മാണത്തിന് ഭൂമി ലഭിച്ചു*
മുട്ടില്‍ നോര്‍ത്ത് വില്ലേജ് ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ സ്വകാര്യ വ്യക്തി സ്ഥലം അനുവദിച്ചു. മുട്ടില്‍ സ്വദേശിയായ മരണപ്പെട്ട എം.എന്‍ കൃഷ്ണമോഹന്റെ കുടുംബമാണ് വില്ലേജ് നിര്‍മ്മിക്കാന്‍ എട്ട് സെന്റ് ഭൂമി സര്‍ക്കാറിലേക്ക് കൈമാറിയത്. സുല്‍ത്താന്‍ ബത്തേരി- കോഴിക്കോട് ദേശീയ പാതയോട് ചേര്‍ന്നുള്ള സ്ഥലമാണ് വില്ലേജ് ഓഫീസ് നിര്‍മ്മിക്കാന്‍ ഇഷ്ടധാനമായി കുടുംബം കൈമാറിയത്. സര്‍ക്കാറിലേക്ക് ഭൂമി വിട്ടു നല്കിയ കുടുംബാംഗങ്ങളെ ജില്ലാ ഭരണകൂടം ആദരിച്ചു. കളക്ടറേറ്റിലെത്തിയ കൃഷ്ണമോഹനന്റെ ഭാര്യ സുജാത, മക്കളായ സൂരജ്, ഡോ ഗൗതം എന്നിവരെ എ.ഡി.എം കെ അജീഷ് ആദരിച്ചു. എ.ഡി.എമിന്റെ ചേംബറില്‍ നടന്ന പരിപാടിയില്‍ ലാന്റ് റവന്യൂ ഡെപ്യൂട്ടി കളക്ടര്‍ കെ മനോജ് കുമാര്‍, മുട്ടില്‍ നോര്‍ത്ത് വില്ലേജ് ഓഫീസര്‍ എം. അഫ്സത്ത്, വില്ലേജ് അസിസ്റ്റന്റ് സി.കെ ജിതേഷ് എന്നിവര്‍ പങ്കെടുത്തു.
