രാപ്പകൽ സമരത്തിൽ പങ്കുചേർന്ന് യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനാധിപൻ ഡോ. സ്തേഫാനോസ് മോർ ഗീവർഗീസ് മെത്രാപ്പോലീത്ത

വയലുകളുടെ നാടായ വയനാടിനെ കാട്ടുമൃഗങ്ങളുടെ കൂടാക്കി മാറ്റരുതേ …. ബത്തേരി: കടുവയും കാട്ടാനയും മറ്റു കാട്ടുമൃഗങ്ങളും നാട്ടിൽ ഇറങ്ങി വിലസുകയും ജീവനും ജീവിതത്തിനും സുരക്ഷിതത്വമില്ലാതെ മനുഷ്യർ വിഷമിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്ന് നമ്മുടെ നാട് നേരിടുന്ന പ്രതിസന്ധി. കാട്ടിൽ അതിക്രമിച്ചു കയറിയിട്ട് അവകാശം വേണമെന്ന് പറഞ്ഞു കൊണ്ടുള്ള സമരമല്ല ഇത്. മറിച്ച് കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യനെയും വളർത്തു മൃഗങ്ങളെയും കൃഷികളെയും നശിപ്പിക്കുന്നതിന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സാധാരണക്കാരുടെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. വയനാട്ടുകാരായ ഞങ്ങൾ കാടിന്റെ അകത്തേക്ക് അതിക്രമിച്ച് കയറുന്നില്ല. ഇവിടെ കാട്ടുമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിൽ ഇറങ്ങി മനുഷ്യന്റെ ജീവനും ജീവനോപാധികളും നശിപ്പിക്കുന്നു. അത് കാണാൻ അധികാരവർഗ്ഗത്തിന്റെയും ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും കണ്ണുകൾ എന്തേ തുറക്കാത്തത്? നിങ്ങളും മനുഷ്യരല്ലേ?മനുഷ്യന്റെ ജീവനേക്കാൾ വലുതായി മൃഗത്തിനാണോ നിങ്ങൾ വില കൽപ്പിക്കുന്നത്? പ്രകൃതി സംരക്ഷണം എന്ന പേര് പറഞ്ഞ് നാടിനെയും നാട്ടുകാരെയും നശിപ്പിക്കുകയാണോ നിങ്ങളുടെ ലക്ഷ്യം? ഇറക്കിവിടേണ്ട ആവശ്യമൊന്നുമില്ല ഇവരൊക്കെ തനിയെ ഇറങ്ങിപ്പോയ്ക്കൊള്ളും എന്നാണോ നിങ്ങൾ കരുതുന്നത്?എങ്കിൽ നിങ്ങൾക്ക് തെറ്റിപ്പോയി. ഇത് ഞങ്ങളുടെ ജീവന്റേയും ജീവിതത്തിന്റെയും നിലനിൽപ്പിനായുള്ള പോരാട്ടമാണ് …. ഇവിടെ നിന്ന് ഞങ്ങൾ എങ്ങോട്ടാണ് ഇറങ്ങി പോവുക? ഈ നാടിന്റെയും മണ്ണിന്റെയും മക്കളാണ് ഞങ്ങൾ. ഇറങ്ങി പോകാൻ വേറെ ഇടമില്ലാത്ത ഒരു കൂട്ടം മനുഷ്യർ. കാട് നശിപ്പിക്കാൻ പാടില്ല എന്ന് മാത്രമല്ല സംരക്ഷിക്കണം എന്ന് തന്നെയാണ് ഞങ്ങളും പറയുന്നത്. ഞങ്ങൾ ആരും കാട് നശിപ്പിച്ചിട്ടില്ല. പ്രകൃതിയെ ചൂഷണം ചെയ്തിട്ടില്ല. കാട്ടുമൃഗങ്ങൾ ഞങ്ങളുടെ മേലാണ് കടന്നാക്രമണം നടത്തുന്നത്. എന്നിട്ടും എന്തേ നിങ്ങൾ കാടും നാടും വേർതിരിക്കാൻ നാടിനും നാട്ടുകാർക്കും സംരക്ഷണം നൽകാൻ തയ്യാറാവത്തത്? കാട് മാത്രം സംരക്ഷിക്കപ്പെട്ടാൽ മതിയോ. കാടും നാടും നമ്മൾ മനുഷ്യരും ഒരു പോലെ സംരക്ഷിക്കപ്പെടേണ്ടതല്ലേ? എങ്കിൽ മാത്രമല്ലേ എല്ലാവർക്കും നിലനിൽപ്പുള്ളൂ. എന്നാൽ ഇപ്പോൾ ഇവിടെ എന്താണ് സംഭവിക്കുന്നത്? കാട്ടുമൃഗങ്ങൾ നാട്ടിൽ ഇറങ്ങി മനുഷ്യനെയും കാർഷിക വിളകളെയും വളർത്തുമൃഗങ്ങളെയും കൊല്ലുകയും നശിപ്പിക്കുകയും ചെയ്യുമ്പോൾ കണ്ടില്ല എന്ന് നടിക്കുന്നത് എന്തിന് വേണ്ടിയാണ്? ആർക്കുവേണ്ടിയാണ്? കാടും നാടും വേർതിരിച്ച് മനുഷ്യജീവന് സംരക്ഷണം ഉറപ്പുവരുത്തിയേ മതിയാകൂ. വയനാട് എന്ന സുന്ദരമായ നാടിനെ കാടാക്കരുത്, കാട്ടുമൃഗങ്ങളുടെ കൂടാക്കരുത്. അതിന് കൂട്ട് നിൽക്കുന്നവരോട് കൂട്ടു കൂടില്ല എന്നല്ല കൂട്ടത്തോടെ തന്നെ ഞങ്ങൾ പോരാടും. കാരണം നിങ്ങളെ പോലെ തന്നെ ഞങ്ങൾക്കും ജീവിക്കണം.ഞങ്ങളും മനുഷ്യരാണ്. മറക്കരുത്. മനുഷ്യ ജീവനെ വിലമതിക്കാത്ത നിയമങ്ങളും വ്യവസ്ഥിതികളും നിശ്ചയമായും തിരുത്തപ്പെടണം. വയനാട് എന്ന സുന്ദരമായ നാടിന്റെയും ഇവിടുത്തെ നല്ലവരായ നാട്ടുകാരുടെയും നിലനിൽപ്പിനു വേണ്ടി നടത്തുന്ന സമരത്തിനു യാക്കോബായ സഭ മലബാർ ഭദ്രാസനത്തിന്റെ എല്ലാവിധ പിന്തുണയും ഐക്യദാർഢ്യവും അറിയിക്കുന്നു …. എന്ന്, – ഡോ. സ്തേഫാനോസ് മോർ ഗീവർഗീസ് മെത്രാപ്പോലീത്ത മലബാർ ഭദ്രാസനം

Leave a Reply

Your email address will not be published. Required fields are marked *

Previous post അശ്വനി അയനത്ത് കണ്ണൂർ സർവ്വകലാശാലയിൽ നിന്നും ജന്തുശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി
Next post പനമരത്തെ മോഷണ പരമ്പരയിലെ പ്രതി പിടിയിൽ
Close

Thank you for visiting Malayalanad.in