മുസ്ലിം ലീഗ് ദേശീയ അസി. സെക്രട്ടറിയായി വയനാട്ടുകാരി അഭിമാന നിമിഷം: പിന്നിലാക്കപ്പെട്ടവര്‍ക്ക് വേണ്ടി പോരാട്ടം: ജയന്തി രാജന്‍

കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്‍ മുസ്്‌ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായത് വയനാടിന് അഭിമാനകരമായ അംഗീകാരമായി. ദലിത് – സ്ത്രീ പക്ഷ രാഷ്ട്രീയത്തില്‍ ഇതിനകം ശ്രദ്ധേയ ഇടപെടല്‍ നടത്തിയ ജയന്തി രാജന്‍ നിലവില്‍ വനിതാ ലീഗ് ദേശീയ സെക്രട്ടറി കൂടിയാണ്. പതിറ്റാണ്ടുകള്‍ പിന്നിടുന്ന വയനാടന്‍ ഹരിതരാഷ്ട്രീയത്തില്‍ നിന്ന് ആദ്യമായാണ് ദേശീയ രാഷ്ട്രീയത്തിലെ ഇത്രയും ഉന്നതമായ പദവിയില്‍ ഒരാളെത്തുന്നതെന്ന പ്രത്യേകതയും ജയന്തിയുടെ പുതിയ സ്ഥാനലബ്ദിക്കുണ്ട്. സാമൂഹ്യമുന്നേറ്റത്തില്‍ പതിറ്റാണ്ടുകള്‍ പിന്നിലായ വയനാട് ജില്ലയില്‍ നിന്നുള്ള ഒരു വനിതാ നേതാവ് മുസ്്‌ലിം ലീഗിന്റെ അഖിലേന്ത്യാ ഭാരവാഹിത്വത്തിലെത്തുന്നതോടെ ദലിത് – സ്ത്രീ പക്ഷ രാഷ്ട്രീയത്തില്‍ വലിയ മുന്നേറ്റങ്ങള്‍ക്ക് നാന്ദികുറിക്കാനാവും. രാജ്യത്തെ ദലിത് – സ്ത്രീ പക്ഷ രാഷ്ട്രീയത്തെയും അവ നേരിടുന്ന വെല്ലുവിളികളെയും അതീവ ഗൗരവത്തോടെയാണ് മുസ്്‌ലിംലീഗ് കാണുന്നതെന്ന പ്രഖ്യാപനം കൂടിയാണ് ജയന്തി രാജന്റെ പുതിയ പദവി. ‘രാഷ്ട്രീയ ജീവിതത്തിലെ അഭിമാന നിമിഷമാണിതെന്ന്’ ജയന്തി രാജന്‍ പ്രതികരിച്ചു. ”രാജ്യത്തെ പിന്നാക്ക ദലിത് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി അഹോരാത്രം പരിശ്രമിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി അതിന്റെ അത്യുന്നത പദവകളിലൊന്നില്‍ നിയമിച്ചതില്‍ അഭിമാനമുണ്ട്. മുസ്്‌ലിം ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന്റെ മഹത്വം കൂടിയാണിത് തെളിയിക്കുന്നത്. രാജ്യത്തെ അരക്ഷിതരായവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം വര്‍ധിപ്പിക്കുന്നതാണ് പുതിയ ഉത്തരവാദിത്വം. വയനാട്ടിലെ ഏറ്റവും സാധാരണ കുടുംബത്തില്‍ നിന്നും വരുന്ന ഒരാളെന്ന നിലയില്‍ സ്ത്രീകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ദുരിതങ്ങള്‍ നേരിട്ടറിയാം. അവ പരിഹരിക്കുന്നതിനും അഭിമാനകരമായ അസ്ഥിത്വം ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ അസി. സെക്രട്ടറി പദവി വലിയ രീതിയില്‍ സഹായകമാവും.” ജയന്തിര രാജന്‍ പറഞ്ഞു. പുല്‍പള്ളി ഇരുളം സ്വദേശിയായ ജയന്തി, പൂതായി ഗ്രാമപഞ്ചായത്ത് അംഗമായാണ് ആദ്യമായി ജനപ്രതിനിധിയാവുന്നത്. അഞ്ചുകുന്ന് ഡിവിഷനില്‍ നിന്നും പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജനാണ് ഭര്‍ത്താവ്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ രാജീവ് രാജന്‍, ബി.ഡി.എസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി രഞ്ജുഷ രാജന്‍ എന്നിവര്‍ മക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ ഫലം കണ്ടു :കോട്ടയം – നിലമ്പൂർ  – കോട്ടയം  എക്സ്പ്രസ്   ട്രെയിനിൽ അധിക കോച്ചുകൾ അനുവദിച്ചു
Next post ചികിത്സാ രംഗത്ത് കൈകോർത്ത് വയനാട് ജില്ല പോലീസും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും
Close

Thank you for visiting Malayalanad.in