സുരക്ഷ 2022: ലോക ട്രോമ ദിനത്തിന്റെ ഭാഗമായുള്ള റോഡ്ഷോ സമാപിച്ചു

മേപ്പാടി: റോഡപകടങ്ങളിലും,അടിയന്തര ഘട്ടങ്ങളിലും അപകടങ്ങളിൽ പെടുന്നവരെ സംഭവസ്ഥലത്തും പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴും സ്വീകരിക്കേണ്ട ശസ്ത്രീയമായ അടിയന്തര ചികിൽസാ മാർഗ്ഗങ്ങളും ജീവൻ രക്ഷാ മാർഗ്ഗങ്ങളും തെരുവിൽ പ്രദർശിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും ആസ്റ്റർ ഹോസ്പിറ്റൽസും സംയുക്തമായി സംസ്ഥാനത്തുടനീളം നടത്തിവരുന്ന, രാജ്യത്തെ തന്നെ ആദ്യത്തെ ട്രോമാകെയർ ബോധവൽക്കരണ യാത്രയുടെ വയനാട് ജില്ലയിലെ പര്യടനം അവസാനിച്ചു. ഒക്ടോബര്‍ 17, ലോക ട്രോമ ദിനത്തോട് അനുബന്ധിച്ചാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. റോഡപകടങ്ങളിലും പെട്ടെന്നുണ്ടാകുന്ന ആഘാതങ്ങളിലും ഉണ്ടാകുന്ന മരണങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടി ആസ്റ്റര്‍ ഹോസ്പിറ്റൽസ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം നടത്തിവരുന്ന ”ബി ഫസ്റ്റ്” പദ്ധതിയുടെ ഭാഗമാണ് ” സുരക്ഷ 2022” റോഡ്ഷോ. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പേ സംഭവിക്കുന്ന മരണങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. ആസ്റ്റര്‍ മിംസിലെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെയും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവരും യാത്രയുടെ ഭാഗമായി കൂടെ ഉണ്ട്. മാനന്തവാടി സെൻ്റ് മേരീസ് കോളേജിൽ വെച്ച് ജില്ലയിലെ ഉദ്ഘാടനം ഡിവൈഎസ്പി എ.പി ചന്ദ്രൻ നിർവ്വഹിച്ച യാത്ര പനമരം ബസ് സ്റ്റാൻ്റ് പരിസരത്ത് വൈസ് പ്രസിഡൻ്റ് തോമസ് പാറക്കാലായിലും, മുട്ടിൽ ഡബ്ല്യുഎംഒ ക്യാമ്പസിൽ പ്രിൻസിപ്പൽ ഡോ. ടി പി മുഹമ്മദ് ഫരീദും, ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ നടന്ന ഷോ മെഡിക്കൽ കോളേജ് ഡീൻ ഡോ.ഗോപകുമാരൻ കർത്തയും പര്യടനത്തിന്റെ ഉൽഘാടനം നിർവഹിച്ചു. യാത്രയുടെ സമാപനം കുറിച്ചുകൊണ്ടുള്ള ഷോ കൽപ്പറ്റ എസ്കെ എംജെ സ്കൂളിൽ കൽപ്പറ്റ ഡിവൈഎസ്പി ജേക്കബ് ഉൽഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ വൈസ് പ്രിൻസിപ്പാൾ അനിൽ കുമാർ, ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി ജനറൽ മാനേജർ സൂപ്പി കല്ലൻങ്കോടൻ, അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ ഷാനവാസ്‌ പള്ളിയാൽ എന്നിവർ സംസാരിച്ചു. മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലൂടെ സഞ്ചരിച്ച് ഒക്ടോബര്‍ 17 ന് റോഡ്ഷോ കോഴിക്കോട് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post കളിമൺ കലാശില്പശാല 14 മുതൽ 17 വരെ മാനന്തവാടി ആർട്ട് ഗ്യാലറിയിൽ
Next post എൻ.ലക്ഷ്മി പ്രിയക്ക് കേന്ദ്രസർവകലാശാലയിൽനിന്ന്‌ ഗണിതശാസ്‌ത്രത്തിൽ ഡോക്ടറേറ്റ്‌
Close

Thank you for visiting Malayalanad.in