ഇടുക്കിയുടെ മിടുക്കൻ; കെ.സി.എല്ലിൽ ജോബിൻ ജോബിക്ക്  സെഞ്ച്വറി

​തൊടുപുഴ: തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇടുക്കിയുടെ അഭിമാനമുയർത്തി യുവതാരം ജോബിൻ ജോബിയുടെ വെടിക്കെട്ട് സെഞ്ച്വറി. കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) കൊച്ചി ബ്ലൂ ടൈഗേഴ്സിനായി പാഡണിഞ്ഞ ഈ തൊടുപുഴക്കാരൻ ആലപ്പി റിപ്പിൾസിനെതിരെ പുറത്താകാതെ നേടിയത് 51 പന്തിൽ 109 റൺസ്.
ജോബിന്റെ മാസ്മരിക ഇന്നിങ്സ് മികവിൽ കൊച്ചി പടുത്തുയർത്തിയത് 242 റൺസെന്ന കൂറ്റൻ സ്കോറാണ്. ​പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള ആലപ്പിക്കെതിരെ കൊച്ചിയുടെ ഒമ്പതാം മത്സരത്തിലായിരുന്നു ഓപ്പണറായെത്തിയ ജോബിന്റെ സംഹാര താണ്ഡവം. തുടക്കത്തിൽ നിലയുറപ്പിച്ച് കളിച്ച് 32 പന്തിൽ അർധസെഞ്ച്വറി പിന്നിട്ട താരം പിന്നീട് ഗിയർ മാറ്റി. തുടർന്നുള്ള 50 റൺസെടുക്കാൻ ഈ പത്തൊൻപതുകാരന് വേണ്ടി വന്നത് വെറും 16 പന്തുകൾ മാത്രമാണ്! അവസാന ഓവറിലെ രണ്ടാം പന്തിൽ അതിമനോഹരമായി ജോബിൻ തന്റെ സെഞ്ച്വറി പൂർത്തിയാക്കി.
​ആലപ്പിയുടെ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ജോബിൻ 10 തവണയാണ് പന്ത് അതിർത്തി കടത്തി ഗ്യാലറിയിലെത്തിച്ചത്. 5 ബൗണ്ടറികളും ആ ഇന്നിങ്സിന് മാറ്റുകൂട്ടി. കെ.സി.എല്ലിൽ ഒരിന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡും ഇതോടെ ഈ ഇടുക്കിക്കാരന്റെ പേരിലായി. അഴകും ആക്രമണോത്സുകതയും ഒത്തുചേർന്നതായിരുന്നു ആ ബാറ്റിങ്.
ഗ്രൗണ്ടിന്റെ ഏതു ഭാഗത്തേക്കും അനായാസം ഷോട്ടുകൾ പായിക്കാനുള്ള ജോബിന്റെ മികവിന് മുന്നിൽ ആലപ്പി ബൗളർമാർ നിഷ്പ്രഭരായി.
​തൊടുപുഴയുടെയും ഇടുക്കിയുടെയും ക്രിക്കറ്റ് മോഹങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് ജോബിന്റെ ഈ നേട്ടം. കാഞ്ഞിരമറ്റം പെണ്ടനാത്ത്‌ വീട്ടിൽ ജോബിയുടെയും മഞ്ജുവിന്റെയും മകനാണ് ജോബിൻ. ഇരുവരും സർക്കാർ ഉദ്യോഗസ്ഥരാണ്. റോബിൻ ആണ് സഹോദരൻ.

Leave a Reply

Your email address will not be published. Required fields are marked *