വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകാന്‍ കാരണം ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം: പിണറായി സര്‍ക്കാര്‍ കേരളത്തിന് ശാപമായി മാറി: ടി എന്‍ പ്രതാപന്‍

കല്‍പ്പറ്റ: അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ സംസ്ഥാന സര്‍ക്കാറിന്റെ ശവദാഹമാകും കേരളത്തില്‍ നടത്താന്‍ പോകുന്നതെന്നും, കേരളത്തിന് ശാപമായി മാറിയ സര്‍ക്കാറിനെ താഴെ ഇറക്കേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യമായി മാറിയെന്നും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ പറഞ്ഞു. കല്‍പറ്റയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത മേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരാണ് ഇവിടെയുള്ളത്. ഈ ഭരണ പരാജയം മറച്ചുവെക്കാനാണ് കോടിക്കണക്കിന് രൂപമുടക്കി ഓരോ ജില്ലയിലും ആഘോഷങ്ങള്‍ നടത്തുന്നത്. ഇതുകൊണ്ടൊന്നും പിണറായി വിജയന് രക്ഷപ്പെടാനാവില്ല. പിണറായി വിജയന്റെ ഏറ്റവും ദയനീയമായ മുഖമാണ് വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ ഇന്ന് കണ്ടത്. സ്വന്തം ക്യാബിനറ്റിലെ അംഗങ്ങളെ പോലും വേദിയിലിരുത്താന്‍ കഴിയാതെ അങ്ങേയറ്റം ദുര്‍ബലനായി മോദിയോട് സന്ധി ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരെ പുറത്ത് നിര്‍ത്തി മകളെയും കുടുംബത്തെയും രക്ഷിക്കുന്നതിന് ഉണ്ടാക്കിയ ധാരണയുടെ ദയനീയ കാഴ്ചയാണിതെന്നും, ഉമ്മന്‍ചാണ്ടിയെ അപമാനിച്ചതിന് കിട്ടിയ ശിക്ഷയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകാന്‍ കാരണം ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യമാണെന്നും പ്രതാപന്‍ ചൂണ്ടിക്കാട്ടി. 100 കോടി രൂപയാണ് നാലാം വാര്‍ഷിക ആഘോഷത്തിന് കേരളത്തില്‍ പൊടിച്ചത്. ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന ജനവിഭാഗങ്ങളെ മറന്നുകൊണ്ടുള്ള ഭരണമാണ് കേരളത്തില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി നടക്കുന്നത്. കാര്‍ഷിക മേഖല ഉള്‍പ്പടെ സമസ്ത മേഖലയും തകര്‍ന്നു. മുണ്ടക്കൈ ദുരിതബാധിതരെ അപമാനിച്ചു കൊണ്ടാണ് വയനാട്ടില്‍ കോടികളുടെ ആഘോഷം നടത്തിയത്. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. സര്‍ക്കാര്‍ ഒരുതരത്തിലുമുള്ള ഇടപെടലുകളും വിപണിയില്‍ നടത്തുന്നില്ല. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങളായി. വൈദ്യുതിചാര്‍ജ് കൂട്ടിയും, ഭൂനികുതിയും, കെട്ടിടനികുതിയും വര്‍ധിപ്പിച്ചും ജനങ്ങളെ കൊള്ളയടിക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരെയുള്ള ശക്തമായ ജനവിധിയായിരിക്കും അടുത്തുവരുന്ന തെരഞ്ഞെടുപ്പുകളില്‍ ഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്‍വെന്‍ഷനില്‍ എ ഐ സി സി തീരുമാനങ്ങള്‍ റിപ്പോര്‍ട്ടായി അഡ്വ. ടി സിദ്ധിഖ് എം എല്‍ എ അവതരിപ്പിച്ചു. അടുത്ത ദിവസങ്ങളിലായി എ ഐ സി സി പ്രമേയങ്ങള്‍ താഴെത്തട്ടില്‍ വരെ പ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്യുന്നതും, താഴെതലങ്ങളില്‍ സംഘടനയെ പുനരുജീവിപ്പിക്കുന്നത്തിനുള്ള നടപടികള്‍ നടത്തുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്‍വെന്‍ഷനില്‍ ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായിരുന്നു. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, പി കെ ജയലക്ഷ്മി, കെ എല്‍ പൗലോസ്, പി പി ആലി, കെ ഇ വിനയന്‍, പി ടി ഗോപാലക്കുറുപ്പ്, കെ കെ വിശ്വനാഥന്‍, കെ വി പോക്കര്‍ഹാജി, വി എ മജീദ്, ഒ വി അപ്പച്ചന്‍, ബിജു എം ജി, ബിനു തോമസ്, അഡ്വ. എന്‍ കെ വര്‍ഗീസ്, ടി ജെ ഐസക്, പി കെ അബ്ദുല്‍ റഹ്‌മാന്‍, അഡ്വ. വോണുഗോപാല്‍, എം എ ജോസഫ്, വിജയമ്മ ടീച്ചര്‍, ബീന ജോസ്, ശോഭന കുമാരി, ജിനി തോമസ്, ബെന്നി പി എം, എന്‍ സി കൃഷ്ണകുമാര്‍, ഡി പി രാജശേഖരന്‍, സില്‍വി തോമസ്, ഒ ആര്‍ രഘു, അഡ്വ. രാജേഷ് കുമാര്‍, നിസ്സി അഹമ്മദ്, ഇ എ ശങ്കരന്‍, ഉമ്മര്‍ കുണ്ടാട്ടില്‍, വര്‍ഗീസ് മൂരിയങ്കാവില്‍, പോള്‍സണ്‍ കൂവക്കല്‍, എ എം നിഷാന്ദ്, ജിന്‍സണ്‍ തൂപ്പുങ്കര എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അധ്യാപകർ സാമൂഹ്യ തിന്മകൾക്കെതിരായ പോരാട്ടത്തിന്റെ മുന്നണി പോരാളികൾ ആകണം:  മന്ത്രി എ കെ ശശീന്ദ്രൻ
Next post ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’  ഫുട്ബോള്‍ കാര്‍ണിവലിന് ആവേശ തുടക്കം
Close

Thank you for visiting Malayalanad.in