കോടിയേരി ബാലകൃഷ്ണൻ വനിത  ടി20: ട്രിവാൺഡ്രം റോയൽസ് സെമിയിൽ

തലശ്ശേരി: ട്രിവാൺഡ്രം റോയൽസ് , കോടിയേരി ബാലകൃഷ്ണൻ വനിത കെ സി എ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്റിൻ്റെ സെമിയിൽ കടന്നു. ലീഗ് റൌണ്ടിലെ അവസാന മല്സരത്തിൽ റേസ് ബ്ലാസ്റ്റേഴ്സിനോട് തോൽവി വഴങ്ങിയെങ്കിലും ആദ്യ രണ്ട് മല്സരങ്ങളിലെ ജയത്തിൻ്റെ മികവിൽ റോയൽസ് സെമിയിലേക്ക് മുന്നേറി. ആദ്യം ബാറ്റ് ചെയ്ത റേസ് ബ്ലാസ്റ്റേഴ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 91 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന് 20 ഓവറിൽ ഒൻപത് വിക്കറ്റിന് 86 റൺസ് മാത്രമാണ് നേടാനായത്. സെമിയില്‍ ക്ലൌഡ്ബെറിയാണ് ട്രിവാൺഡ്രം റോയൽസിന്‍റെ എതിരാളി.
ടോസ് നേടിയ റോയൽസ്, ബ്ലാസ്റ്റേഴ്സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി നിയതി റോയൽസിന് മികച്ച തുടക്കം നല്കി. ഈ ടൂര്‍ണ്ണമെന്റിലെ ആദ്യ ഹാര്‍ട്ടിക് വിക്കറ്റും നിയതിക്കാണ്. എന്നാൽ 20 റൺസെടുത്ത അനശ്വര സന്തോഷിൻ്റെയും 19 റൺസെടുത്ത ക്യാപ്റ്റൻ സായൂജ്യയുടെയും മികവിൽ ബ്ലാസ്റ്റേഴ്സ് 91 റൺസെടുത്തു. റോയൽസിന് വേണ്ടി നിയതി നാല് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസ് ബാറ്റിങ് നിരയിൽ ക്യാപ്റ്റൻ സജന സജീവനും , നജ്ല സിഎംസിയും മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. 37 റൺസെടുത്ത സജന അവസാന ഓവർ ടീമിന് വിജയപ്രതീക്ഷ നല്കി. എന്നാൽ കളി തീരാൻ രണ്ട് പന്ത് ബാക്കി നില്ക്കെ സജന പുറത്തായത് റോയൽസിന് തിരിച്ചടിയായി. റോയൽസിൻ്റെ മറുപടി 86 റൺസിൽ അവസാനിച്ചതോടെ ബ്ലാസ്റ്റേഴ്സ് അഞ്ച് റൺസിൻ്റെ വിജയം സ്വന്തമാക്കി. റോയൽസിന് വേണ്ടി നജ്ല 24 റൺസ് നേടി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അനുശ്രീ അനിൽകുമാറും രണ്ട് വിക്കറ്റ് നേടിയ അനശ്വര സന്തോഷുമാണ് ബ്ലാസ്റ്റേഴ്സ് ബൌളിങ് നിരയിൽ തിളങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്  കേരള കൗണ്‍സില്‍ രൂപീകരിച്ചു
Next post ബൈക്ക് മോഷ്ടാവിനെ കർണാടകയിൽ നിന്ന്  പിടികൂടി.
Close

Thank you for visiting Malayalanad.in