ബാണാസുരസാഗര്‍, കാരാപ്പുഴ അണക്കെട്ടുകളില്‍ സീപ്ലെയിന്‍ സേവനം ആരംഭിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ

കല്‍പ്പറ്റ: ബാണാസുരസാഗറിലും, കാരാപ്പുഴ അണക്കെട്ടിലും സീപ്ലെയിന്‍ സേവനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനും, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കും കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് നിവേദനം നല്‍കി.
ജില്ലയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പടിഞ്ഞാറത്തറ ബാണാസുരസാഗറിലും, കാരാപ്പുഴ മെഗാ ടൂറിസം പദ്ധതിയും സന്ദര്‍ശിക്കുന്നതിനായി ദിനംപ്രതി ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്. പല സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമുള്ള സഞ്ചാരികളുടെയും എണ്ണം വര്‍ഷം തോറും വര്‍ധിച്ചു കൊണ്ടിരിയ്ക്കുകയാണ്. ബാണാസുരസാഗര്‍ അണക്കെട്ട് ഇന്ത്യയിലെ ഏറ്റവും വലിയ ഭൂതല അണക്കെട്ടും കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതുമാണ്. മലനിരകളാല്‍ ചുറ്റപ്പെട്ട മനോഹരമായ തടാകം വിനോദസഞ്ചാരത്തിന് ഏറെ പ്രാധാന്യമേറിയതാണ്. വാട്ടര്‍ സ്‌പോര്‍ട്‌സ്, കായിക വിനോദങ്ങള്‍, ട്രക്കിംഗ്, കയാക്കിംഗ്, ബോട്ടിംഗ് അണകെട്ട്, ഗാര്‍ഡന്‍, അഡ്വഞ്ചര്‍ ടൂറിസം തുടങ്ങിയവയ്ക്കായി ഇവിടം പ്രശസ്തമാണ്. ഇത്തരത്തില്‍ വിനോദസഞ്ചാര പ്രാധാന്യം വര്‍ധിച്ചു വരുന്ന ഈ ടൂറിസം കേന്ദ്രങ്ങളില്‍ സീപ്ലെയിന്‍ സേവനം ആരംഭിച്ചാല്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനും, സഞ്ചാരികള്‍ക്ക് ആധുനിക വിനോദസഞ്ചാര സൗകര്യങ്ങള്‍ ഒരുക്കാനും കഴിയുമെന്ന് എം.എല്‍.എ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കൂടാതെ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചക്കും പ്രാദേശിക തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും സീപ്ലെയിന്‍ സേവനം ഗുണകരമാകുന്നതാണ്. വിനോദസഞ്ചാര വകുപ്പ് മന്ത്രിയെ നേരില്‍ കാണുകയും സീപ്ലെയിന്‍ സേവനം ആരംഭിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ച് അനുകൂലമായ നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മാലിന്യമുക്ത നവ കേരളം ജനകീയ കാമ്പയിൻ:  ഏകദിന പരിശീലനം നടത്തി..
Next post ലഹരി വില്‍പ്പനകൊണ്ട് അനധികൃതമായി സമ്പാദിച്ചതെല്ലാം കണ്ടുകെട്ടും; നടപടികള്‍ തുടര്‍ന്ന് വയനാട് പോലീസ്
Close

Thank you for visiting Malayalanad.in