ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസം; കേന്ദ്രത്തിന് ജന്മിയുടെ മാടമ്പിത്തരമെങ്കില്‍ സംസ്ഥാനം മനുഷ്യാവകാശ നിഷേധം നടത്തുന്നു; അഡ്വ. ടി സിദ്ധിഖ് എം എല്‍ എ.

കല്‍പ്പറ്റ: ഉരുള്‍ദുരന്തബാധിതരോട് കേന്ദ്രം കാണിക്കുന്നത് ജന്മിയുടെ മാടമ്പിത്തരമാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ദുരന്തബാധിതരെ കൂരിരിട്ടിലാക്കി മനുഷ്യാവകാശ നിഷേധത്തിന് നേതൃത്വം നല്‍കുകയാണെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ. വയനാട് കലക്‌ട്രേറ്റിന് മുമ്പില്‍ ആരംഭിച്ച രാപകല്‍ സമരവേദിയില്‍ നിന്നും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ കാര്യത്തില്‍ ഈ രണ്ട് സര്‍ക്കാരുകളുടെയും മനോഭാവം ഇത് ഔദാര്യമാണെന്നാണ്. എന്നാല്‍ പുനരധിവാസം നല്ല രീതിയില്‍ നടത്തിക്കിട്ടുകയെന്നത് ദുരന്തബാധിതരുടെ അവകാശമാണ്. അതിന്റെ നിഷേധമാണ് ഇപ്പോള്‍ ഇരുസര്‍ക്കാരുകളും ചെയ്തുകൊണ്ടിരിക്കുന്നത്. ദുരന്തമുണ്ടായി ആദ്യമാസം തന്നെ വീടുകള്‍ പണിയാന്‍ സന്നദ്ധതയറിയിച്ച് നിരവധി പേരാണ് എത്തിയത്. അന്ന് വീടുകള്‍ പണിയാനുള്ള സ്ഥലസൗകര്യം സര്‍ക്കാര്‍ ചെയ്തിരുന്നുവെങ്കില്‍ ഇപ്പോഴത് പൂര്‍ത്തിയാകുമായിരുന്നു. യഥാര്‍ത്ഥത്തില്‍ സ്‌പോണ്‍സര്‍മാരുടെ ഭവനനിര്‍മ്മാണം തടഞ്ഞതും, ഇത്രയും നാളായി ഒരു വീട് പോലും പൂര്‍ത്തീകരിക്കാത്ത സാഹചര്യമുണ്ടാക്കിയതും സംസ്ഥാന സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള രണ്ട് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഒരു തറക്കല്ലിടാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല. പുനരധിവാസം സമ്പൂര്‍ണമായി അവതാളത്തിലായ സാഹചര്യത്തില്‍ ദുരന്തബാധിതര്‍ക്ക് സ്വന്തം രീതിയില്‍ പുനരധിവാസം സാധ്യമാക്കുന്നതിനായി ഒരു കോടി രൂപ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു. നാല്‍പതിലധികം പേര്‍ക്ക് ഈ ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതിന് പുറമെ ദുരന്തത്തിന് ശേഷം മറ്റ് അസൂഖങ്ങള്‍ വന്നവരുമുണ്ട്. എന്നാല്‍ നിരവധി പേരുടെ തുടര്‍ചികിത്സക്കായി മാറ്റിവെച്ചിരിക്കുന്നത് വെറും അഞ്ചുലക്ഷം രൂപയാണ്. മനുഷ്വത്വമില്ലാത്ത നടപടിയാണിത്. ശരത്‌ലാല്‍, കൃപേഷ് എന്നിവരുടെ കൊലപാതകികളെ രക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ചിലവാക്കിയത് ഒന്നേകാല്‍കോടിയിലധികം രൂപയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് ദുരന്തബാധിതരുടെ തുടര്‍ചികിത്സ നടക്കുന്നത് പൊതുസമൂഹത്തിന്റെ പിന്തുണയിലാണ്. ദുരന്തബാധിതര്‍ക്ക് വാട്ടര്‍അതോറിറ്റി, വൈദ്യുതി ബില്ലുകള്‍ ഇപ്പോഴും അയച്ചുകൊണ്ടിരിക്കുകയാണ്. നിരന്തരമായി ആവശ്യപ്പെട്ടിട്ടും ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ഇതുവരെ ഇരുസര്‍ക്കാരുകളും നടപടി സ്വീകരിച്ചിട്ടില്ല. ദുരന്തമുണ്ടായി ഏഴ് മാസം പിന്നിടുമ്പോഴും സര്‍ക്കാര്‍ അദാലത്ത് നടത്തിക്കൊണ്ടിരിക്കുകയാണ്. ദുരന്തബാധിതരില്‍ പലരും ഇന്ന് ഗുണഭോക്തൃലിസ്റ്റിന് പുറത്താണ്. തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല എന്നതാണ് സര്‍ക്കാരിന്റെ നടപടിയെന്നും, നടപടിയുണ്ടാകുന്നത് വരെ യു ഡി എഫ് സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രഥമ കർണാടക നിയമസഭ    പുസ്‌തകോത്സവം  ബംഗ്ളൂരൂവിൽ തുടങ്ങി.
Next post കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് കടുത്ത അനീതി: സണ്ണി ജോസഫ് എം എല്‍ എ
Close

Thank you for visiting Malayalanad.in