എം.പി.മാരെ പുറത്താക്കിയതിൽ പ്രതിഷേധം; കോണ്‍ഗ്രസ് ജനാധിപത്യസംരക്ഷണ സദസ് നാളെ കൽപ്പറ്റയിൽ
കല്‍പ്പറ്റ: പ്രതിപക്ഷ എം പിമാരെ ഇരുസഭകളില്‍ നിന്നും പുറത്താക്കിയതിലും, ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന നരേന്ദ്രമോദിയുടെ ഏകാധിപത്യ നടപടികളിലും പ്രതിഷേധിച്ചു കൊണ്ടും നാളെ രാവിലെ 10 മണിക്ക് കല്‍പ്പറ്റ പുതിയ ബസ്റ്റാന്റിന്റെ എതിര്‍വശത്ത് വയനാട് ഡി സി സിയുടെ നേതൃത്വത്തില്‍ ജനാധിപത്യസംരക്ഷണ സദസ് സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അറിയിച്ചു. ജനാതിപത്യ സംരക്ഷണ സദസില്‍ ജില്ലയിലെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും, ത്രിതല പഞ്ചായത്ത് മെമ്പര്‍മാരും, സഹകരണ സ്ഥാപനങ്ങളിലെ ഭരണ സമിതിഅംഗങ്ങളും, പോഷകസംഘടനാ നേതാക്കളും പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നരേന്ദ്രമോദിയുടെ ഏകാധിപത്യത്തിന് മുന്‍പില്‍ രാജ്യസഭയും ലോക്‌സഭയും പഞ്ചപുച്ഛമടക്കി നില്‍ക്കേണ്ട ഗതികേടാണ് 142 പ്രതിപക്ഷ എം.പിമാരെ പുറത്താക്കിയതിലൂടെ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ നടന്നിട്ടുള്ളത്. ശക്തന്മാരായ പ്രതിപക്ഷ എം.പിമാരെ പുറത്താക്കിയതിലൂടെ ഇഷ്ടാനുസരണം സ്വതന്ത്രമായി ഭരണഘടനാ ഭേദഗതികള്‍ പാസാക്കിയെടുക്കാനുള്ള ആസൂത്രിത നീക്കമാണ് പ്രധാനമന്ത്രി മോദി നടത്തിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.