വിദ്യാഭ്യാസ മേഖലയിലെ സമഗ്ര മാറ്റത്തിന് ‘സമഗ്ര’: വയനാട് ജില്ലാ പഞ്ചായത്തിൻ്റെ വിദ്യാഭ്യാസ പദ്ധതി തുടങ്ങി

ജില്ലയിലെ വിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ച ലക്ഷ്യമാക്കി ജില്ല പഞ്ചായത്ത് നടപ്പിലാക്കുന്ന ‘സമഗ്ര’ വിദ്യാഭ്യാസ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ അഡ്വ. ടി സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് ഗുണമേന്‍മയുള്ള വിദ്യാഭ്യാസം അനിവാര്യമാണ്. ശോഭനമായൊരു ഭാവി തലമുറയെ ജില്ലയില്‍ സൃഷ്ടിച്ചെടുക്കാന്‍ ‘സമഗ്ര’ പദ്ധതിയിലൂടെ സാധിക്കണമെന്നും മത്സരക്ഷമതയോടെ പദ്ധതിയുടെ വിജയത്തിനായി പരിശ്രമിക്കണമെന്നും അഡ്വ.ടി സിദ്ദീഖ് എം.എല്‍.എ പറഞ്ഞു. ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ് ബിന്ദു പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. ഡി.ഇ.ഒ ശശീന്ദ്രവ്യാസ് പദ്ധതിയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ജോയിന്റ് പ്രൊജക്ട് ഡയറക്ടര്‍ പി.സി മജീദ് പദ്ധതി അവതരണം നടത്തി. പൊതു വിഭാഗത്തിലെ പഠന പരിപോഷണ പരിപാടികള്‍ ഉള്‍പ്പെടുന്ന വിജ്ഞാന്‍ ജ്യോതി, ഗോത്ര വിഭാഗത്തിലെ പഠന പരിപോഷണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന ഗോത്ര ദീപ്തി, ഓരോ സബ്ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കുന്ന 50 കുട്ടികള്‍ക്ക് ഓണ്‍ലൈനായും ഓഫ് ലൈനായും വിവിധ വിഷയങ്ങളില്‍ പ്രതിഭാപരിപോഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ടാലന്റ് ഹണ്ട്, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഗോത്രസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പ് വരുത്തുന്ന ഗോത്ര ഫെസ്റ്റ്, ജില്ലാ പഞ്ചായത്ത് വജ്രജൂബിലി കലാകാരന്‍മാരെ ഉള്‍പ്പെടുത്തി വിദ്യാലയങ്ങളില്‍ സംഗീതം, നൃത്തം, മറ്റ് ക്ലാസിക്ക് കലകളില്‍ പരിശീലനം നല്‍കുന്ന കലാഗ്രാമം, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി പഠനസഹായികള്‍ വിതരണം ചെയ്യുന്ന പദ്ധതിയായ അരികെ, ഹൈസ്‌ക്കൂള്‍ കുട്ടികള്‍ക്ക് പഠനസഹായികള്‍ വിതരണം ചെയ്യുന്ന പദ്ധതിയായ ഉയരെ, ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട ഗെയിമുകളില്‍ വിദ്യാര്‍ഥികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന വണ്‍ സ്‌കൂള്‍ വണ്‍ ഗെയിം, ലാബ് നവീകരണം, കമ്പ്യൂട്ടര്‍ അനുബന്ധ സജ്ജീകരണം, എസ്.സി/എസ്.ടി പ്രോത്സാഹന പരിപാടികള്‍, എസ്.പി.സി പരിപാടികള്‍ എന്നിങ്ങനെയുള്ള 12 പദ്ധതികളെ ഉള്‍പ്പെടുത്തി തയാറാക്കിയ വിദ്യാഭ്യാസ പദ്ധതിയാണ് ‘സമഗ്ര’. കൂടാതെ കരിയര്‍ ഗൈഡന്‍സിനെക്കുറിച്ചും കോഴ്സുകളെക്കുറിച്ചും വിദ്യാര്‍ഥികളില്‍ അറിവ് പകര്‍ന്ന് കൊടുക്കുന്ന കരിയര്‍ കാരവന്‍, വിദ്യാര്‍ഥികളെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് പരീക്ഷക്ക് തയ്യാറാക്കുന്ന പദ്ധതിയും ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതിയായ സമഗ്രയുടെ ഭാഗമായി നടത്തും. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ എം.മുഹമ്മദ് ബഷീര്‍, ജുനൈദ് കൈപ്പാണി, ഉഷ തമ്പി, സീതാ വിജയന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എന്‍.സി പ്രസാദ്, എ.എന്‍ സുശീല, കെ.ബി നസീമ, കെ വിജയന്‍, സിന്ധു ശ്രീധര്‍, ഡി. ഇ.ഒ കെ.എസ് ശരത്ചന്ദ്രന്‍, എസ്.എസ്.കെ ജില്ലാ കോര്‍ഡിനേറ്റര്‍ വി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രദീപന്‍, പി.വി മൊയ്തു, പി.പി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വാഹനമോടാനുള്ള റോഡില്ല: ഓണത്തിയമ്മയും അയൽവാസികളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി
Next post പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം തടവും പിഴയും.
Close

Thank you for visiting Malayalanad.in