പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം തടവും പിഴയും.

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്കെതിരെ അഞ്ച് വർഷം കഠിന തടവും 10000 രൂപ പിഴയും വിധിച്ചു . കണിയാമ്പറ്റ, പച്ചിലക്കാട് സ്വദേശിയായ ബാലസുബ്രഹ്മണ്യ(42)ത്തെയാണ് ബഹു :കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ്‌ കെ.ആർ. സുനിൽകുമാർ ശിക്ഷിച്ചത്.
2022 ജനുവരിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി പറഞ്ഞത്. കൂട്ടുകാരോടൊപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പിടിച്ചു വലിച്ചു കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നായിരുന്നു പരാതി. അന്നത്തെ കമ്പളക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന പി.പി. അഖിലാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി. ബബിത ഹാജരായി. അന്വേഷണ സംഘത്തിൽ കമ്പളക്കാട് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിപിൻ, രതീഷ് തുടങ്ങിയവരും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സിവിൽ പോലീസ് ഓഫീസറായ റമീനയുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *