നീൽ ആംസ്ട്രോങ് മലയാളം സംസാരിച്ചു: കൗതുകത്തോടെ ചോദ്യങ്ങൾ ചോദിച്ച് കുട്ടികൾ.

തിരുനെല്ലി ഗവ.ആശ്രമം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി നന്ദന രഘു ചോദിച്ചു നീൽ ആംസ്ട്രോങ് മലയാളം സംസാരിക്കുമോ ? അധ്യാപകർ പറഞ്ഞു സംസാരിക്കുമെന്ന്. എട്ടാം ക്ലാസുകാരൻ റിനോഷ് ചോദിച്ചു ചന്ദ്രനിലൂടെ നടക്കാൻ പറ്റുമോ ? അധ്യാപകർ പറഞ്ഞു സാധിക്കും. ചാന്ദ്രദിനാഘോഷത്തിൻ്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച പ്രത്യേക ആർട്ടിഫിഷ്യൽ ഇൻറലിജൻ്റ് സാങ്കേതികവിദ്യയുടെ സഹായത്തോടുകൂടിയുള്ള വീഡിയോ പ്രദർശനമാണ് വിദ്യാർഥികൾക്ക് പുതിയ അനുഭവം സമ്മാനിച്ചത്. ആർട്ടിഫിഷ്യൽ ഇൻറലിജൻ്റിൻ്റെ സഹായത്തോടെ ഓഗ്മെൻ്റഡ് റിയാലിറ്റി, ത്രീഡി, ഹോളോഗ്രാം എന്നീ പ്ലാറ്റ്ഫോമുകളാണ് കുട്ടികളെ പരിചയപ്പെടുത്തിയത്. ഹോളോ ഗ്രാമിലൂടെ ചന്ദ്രനിൽ കാലുകുത്തിയ ആദ്യത്തെ മനുഷ്യനായ നീൽ ആംസ്ട്രോങ്ങ് മലയാളം സംസാരിച്ചു തുടങ്ങിയതോടെ വിദ്യാർഥികളിൽ ആശ്ചര്യവും അത്ഭുതവും കാണാനായി. ചന്ദ്രനിൽ പോയതിൻ്റെ അനുഭവങ്ങളെക്കുറിച്ച് നീൽ എങ്ങനെയാണോ ഇംഗ്ലീഷിൽ സംസാരിച്ചത് അതിൻ്റെ മലയാളമാണ് എഐ ടെക്നോളജി ഉപയോഗിച്ച് മലയാളത്തിലാക്കിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഉള്ളിലെ കാഴ്ചകൾ ത്രീഡി കണ്ണടകൾ ഉപയോഗിച്ചാണ് കണ്ടത്. അധ്യാപകരാണ് കണ്ണട ഉണ്ടാക്കിയത്. ടാബിലൂടെ ഓഗ്മെൻ്റഡ് റിയാലിറ്റി വഴി ചന്ദ്രനിലൂടെ നടക്കുന്ന പ്രതീതി ഉണ്ടാക്കാനും സാധിച്ചു. ഗോത്ര വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികൾ മാത്രം പഠിക്കുന്ന സ്ഥാപനത്തിൽ മുമ്പ് ഇതുപോലൊരു അനുഭവമുണ്ടായിട്ടില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. വിദ്യാർത്ഥികൾക്ക് ഇത്തരത്തിൽ നൂതന രീതിയിൽ പരിപാടി ഒരുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അധ്യാപകർ പറഞ്ഞു. സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും പ്രദർശനം നടത്തി. പ്രത്യേകം സജ്ജമാക്കിയ റൂമിൻ്റെ മുകളിൽ ബോളുകൾ, എൽഇഡി ലൈറ്റുകൾ എന്നിവ ഉപയോഗിച്ച് സൗരയുഥത്തിൻ്റെ മാതൃകയും സജ്ജീകരിച്ചിരുന്നു. സീനിയർ സൂപ്രണ്ട് ശ്രീകല, പ്രധാനധ്യാപിക കെ കെ കവിത, മാനേജർ അനിൽകുമാർ, അധ്യാപികമാരായ പി എസ് അശ്വിനി, സി എസ് സൂര്യ, പി കെ ഐശ്വര്യ, ആര്യ ടി മോഹൻ, രജിഷ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഫ്‌ളൈ ഹൈ; പ്രതിഭാ നിര്‍ണ്ണയ പരീക്ഷ നടത്തി
Next post വിമൻ ഇന്ത്യ മൂവ്മെന്റ് സാമൂഹിക സംഗമം ജൂലൈ 30ന്
Close

Thank you for visiting Malayalanad.in