പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര അഴിമതിയും ധൂര്‍ത്തും: പി കെ അബൂബക്കര്‍

കല്‍പ്പറ്റ: കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര അഴിമതിയും ധൂര്‍ത്തുമാണെന്ന് മുസ്ലീംലീഗ് ജില്ലാപ്രസിഡന്റ് പി കെ അബൂബക്കര്‍ പറഞ്ഞു. യു ഡി എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധജാഥയുടെ മൂപ്പൈനാട് മണ്ഡലത്തിലെ ഉദ്ഘാടനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മുമ്പ് ഒരു സര്‍ക്കാരും കാണിക്കാത്ത വിവേചനമാണ് വികസനകാര്യത്തില്‍ പിണറായി സര്‍ക്കാര്‍ വയനാടിനോട് കാണിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ക്കാവശ്യമായ ഫണ്ട് പോലും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കാര്‍ഷികമേഖല തകര്‍ന്നുതരിപ്പണമായിട്ടും കര്‍ഷകരെ സഹായിക്കാനായി ഒന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല, അവരെ ദ്രോഹിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. ജപ്തിഭീഷണിയെ തുടര്‍ന്ന് ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ തയ്യാറാകുന്നില്ലെന്ന് മാത്രമല്ല, കടാശ്വാസകമ്മീഷനെയടക്കം നോക്കുകുത്തിയാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത സാഹചര്യമാണുള്ളത്. എന്തിനും വില കൂട്ടുന്നതല്ലാതെ യഥാസമയം ജനങ്ങളെ സഹായിക്കാന്‍ വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍ നിസംഗതയിലാണെന്നും അദ്ദേഹം പറഞ്ഞു. എം ബാപ്പുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ. ടി സിദ്ദിഖ് എം എല്‍ എ, റസാഖ് കല്‍പ്പറ്റ, പി പി ആലി, മാണി ഫ്രാന്‍സിസ്, സലീം മേമന, അഡ്വ. ടി ജെ ഐസക്, എം എ ജോസഫ്, യഹ്യാഖാന്‍ തലക്കല്‍, കണ്ടത്തില്‍ ജോസ്, പി വി വേണുഗോപാല്‍, എ കെ സലീം, ഉനൈസ് സി ടി, പി കെ ലത്തീഫ്, അബ്ദുള്ളക്കുട്ടി, യാസര്‍ പാലക്കല്‍, ആര്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സംസ്ഥാനത്തെ ഏറ്റവും മികച്ച അക്ഷയ കേന്ദ്രത്തിനുള്ള ഇ ഗവേണൻസ് അവാര്‍ഡ് കോറോം അക്ഷയക്ക്‌.
Next post ഭിന്നശേഷി ദിനത്തിൽ കുട്ടികൾക്ക് മധുരവും സമ്മാനങ്ങളും നൽകി ഒപ്പം ചേർത്ത് മുണ്ടേരി സ്കൂൾ സ്‌റ്റുഡന്റ് പോലീസ് കേഡറ്റ്
Close

Thank you for visiting Malayalanad.in