റോഡ് നവീകരണം; സമയക്രമം നിശ്ചയിച്ച് പൂര്‍ത്തിയാക്കും: – മന്ത്രി മുഹമ്മദ് റിയാസ്

· മൂന്ന് പ്രവൃത്തികള്‍ക്ക് 78.5 ലക്ഷം രൂപയുടെ ഭരണാനുമതി
പൊതുമരാമത്ത് വകുപ്പിന് കീഴിലുളള ജില്ലയിലെ വിവിധ റോഡുകളുടെ നിര്‍മ്മാണവും നവീകരണ പ്രവൃത്തികളും സമയക്രമം നിശ്ചയിച്ച് വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ ജില്ലയിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പൊതുജനങ്ങള്‍ പങ്കുവെച്ച പരാതികളിലും നിര്‍ദ്ദേശങ്ങളിലും നടപടികള്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് നവീകരണത്തിലും വികസനത്തിലും വയനാട് ജില്ലയ്ക്ക് മികച്ച പരിഗണനയാണ് നല്‍കുന്നത്. ഒന്നര വര്‍ഷത്തിനുളളില്‍ 246.18 കോടി രൂപയുടെ റോഡ് പ്രവൃത്തികളാണ് ജില്ലയ്ക്ക് അനുവദിച്ചത്. ജില്ലയിലെ മൂന്ന് റോഡ് നവീകരണ പ്രവൃത്തികള്‍ക്കായി 78.50 ലക്ഷം രൂപയുടെ കൂടി ഭരണാനുമതി നല്‍കുന്നതായും മന്ത്രി പറഞ്ഞു. ദേശീയപാതയിലെ റോഡ് അറ്റകുറ്റപ്പണികള്‍ക്ക് – 38 ലക്ഷം, മേപ്പാടി ചൂരല്‍മല റോഡ് – 25 ലക്ഷം, മാനന്തവാടി കല്‍പ്പറ്റ റോഡ് – 15.50 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.
ജില്ലയിലൂടെ 67.4 കീലോമീറ്റര്‍ നീളത്തില്‍ കടന്ന് പോകുന്ന മലയോര ഹൈവേ കാര്‍ഷിക, ടൂറിസം വികസനത്തിന് മുതല്‍കൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു. നാല് റീച്ചുകളായി നടക്കുന്ന നിര്‍മ്മാണ പ്രവൃത്തി സമയക്രമം നിശ്ചയിച്ച് പൂര്‍ത്തീകരിക്കും. 123 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കിയിരിക്കുന്നത്. വാളാട് – കുങ്കിച്ചിറ റോഡ് 30 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായി. ബോയ്‌സ് ടൗണ്‍ – മാനന്തവാടി – പച്ചിലക്കാട് ഭാഗങ്ങളില്‍ കല്‍വെര്‍ട്ടറുകളുടെയും ഓവുചാലുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. നാലാം മൈല്‍ – മാനന്തവാടി റോഡ് പൂര്‍ണ്ണമായും പൊളിച്ച് പുനര്‍ നിര്‍മ്മിക്കും. ഇതിന്റെ പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. മാനന്തവാടി -കൊയിലേരി-കൈതക്കല്‍ റോഡ് നവീകരണം 88 ശതമാനം പൂര്‍ത്തിയായി. സ്വകാര്യ വ്യക്തിയുടെ എതിര്‍പ്പ് മൂലം 30 മീറ്റര്‍ നീളത്തില്‍ നവീകരണം അവശേഷിക്കുന്നു. ഈ ഭാഗത്തെ ടാറിംഗ് പ്രവൃത്തികള്‍ ഡിസംബറില്‍ പൂര്‍ത്തികരിക്കും. കല്‍പ്പറ്റ- വാരാമ്പറ്റ റോഡിന്റയും ബീനാച്ചി പനമരം റോഡിന്റെയും അവസാനഘട്ട നിര്‍മ്മാണങ്ങള്‍ ഡിസംബറില്‍ പൂര്‍ത്തിയാക്കും. റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിത മായി പൂര്‍ത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് മേല്‍നോട്ട ചുമതല നല്‍കി യിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ 11 പ്രവൃത്തികള്‍ക്ക് റണ്ണിംഗ് കരാര്‍ നല്‍കിയിട്ടുണ്ട്. 276 കിലോ മീറ്ററിലുളള പ്രവൃത്തിയ്ക്ക് 45 കോടി രൂപയാണ് ചെലവിടുന്നത്. ബീനാച്ചി പനമരം റോഡ് ഈ മാസം തന്നെ ഗതാഗത യോഗ്യമാക്കും. ബത്തേരി താളൂര്‍ റോഡിലെ പ്രശ്‌നങ്ങളും പരിഹരിക്കും.
ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളെ സംബന്ധിച്ച പരാതികള്‍ താരതമ്യേന കുറവാണെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന് കീഴിലുളളത് 864 കിലോമീറ്റര്‍ റോഡുകളാണ് നിലവിലുളളത്. ഉദ്യോഗസ്ഥര്‍ ഫീല്‍ഡ്തലത്തില്‍ സമയ ബന്ധിത പരിശോധന നടത്തി റോഡുകളിലെ പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരമായി വീഴ്ച്ച വരുത്തുന്ന കരാറുകാര്‍ക്കെതിരെ നടപടി ഉണ്ടാകും. കരാര്‍ ഏറ്റെടുത്ത ശേഷം പ്രവൃത്തി നിര്‍മ്മാണത്തില്‍ തുടര്‍ച്ചയായി അനാസ്ഥ കാണിക്കുന്ന കരാറുകാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. ഇത്തരക്കാര്‍ക്ക് സ്ഥിരം വിലക്ക് ഏര്‍പ്പെടുത്തും. ഇതിനായി പൊതുമരാമത്ത് മാന്വല്‍ ഭേദഗതി ചെയ്യുന്ന കാര്യവും പരിഗണിക്കും. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുളള റോഡുകള്‍ നവീകരിക്കുന്നതിനുളള പ്രത്യേക പാക്കേജും പദ്ധതികളും ആസൂത്രണം ചെയ്യുന്നതായും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരമാത്ത് വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിൽ സി.പി.ഐ.ക്ക് പുതിയ രണ്ട് അസിസ്റ്റൻ്റ് സെക്രട്ടറിമാർ
Next post കേന്ദ്ര സർക്കാർ പാസാക്കിയ വാടക നിയമം (2020) സംസ്ഥാനത്ത് നടപ്പാക്കണം: കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ
Close

Thank you for visiting Malayalanad.in