കേരള ഗവര്‍ണര്‍ അവഹേളിച്ചത് രാജ്യത്തിന്റെ ഭരണഘടനയെ: വിനോദ് കെ ജോസ്്

കല്‍പ്പറ്റ. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം നടത്തിയത് രാജ്യത്തിന്റെ ഭരണഘടനയെ തന്നെ അവഹേളിക്കുന്ന രീതിയിലുള്ള നടപടിയാണെന്ന് കാരവന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ വിനോദ് കെ ജോസ് പറഞ്ഞു. മാധ്യമങ്ങളെ വിലക്കിയ കേരള ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് വയനാട് പ്രസ് ക്ലബ് നടത്തിയ പ്രതിഷേധ യോഗത്തിന്റെയും പ്രകടനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രപ്രവര്‍ത്തകര്‍ക്ക് മാത്രമായി ഒരു അവകാശം ഇന്ത്യന്‍ ഭരണഘടനയിലില്ല. അത് ഇന്ത്യന്‍ പൗരന് കൊടുക്കുന്ന അവകാശമാണ്. ആ അവകാശങ്ങള്‍ കാലാകാലങ്ങളില്‍ സംരക്ഷിച്ച് കൊണ്ടിരിക്കുന്നതും അധികാര വര്‍ഗത്തോട് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ചെയ്യുന്നത്. ഇക്കാരണം കൊണ്ട് തന്നെ പൗരന്റെ മുഖത്തടിക്കുകയാണ് പത്രപ്രവര്‍ത്തകരോട് ഇറങ്ങിപ്പോവാന്‍ പറഞ്ഞതിലൂടെ ഗവര്‍ണര്‍ ചെയ്തിരിക്കുന്നത്. രാഷ്ട്രീയപരമായ ഇടപെടലാണ് ഗവര്‍ണര്‍ ഈ സംഭവത്തില്‍ നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മുന്‍വിധിയനുസരിച്ച് ചില പത്രക്കാര്‍ ഗവര്‍ണര്‍ക്ക് അനുകൂലരെന്നോ, ചിലര്‍ എതിര് നില്‍ക്കുന്നവരെന്നോ മനസില്‍ കരുതിയതാണ്. അതിന്റെ പ്രതിഫലനമാണ് ഇഷ്ടപ്പെടാത്തവരെ പുറത്താക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇപ്പോഴും തൊട്ട് കൂടായ്മയും തീണ്ടി കൂടായ്മയും പുലര്‍ത്തിപോരുന്ന ഉത്തരേന്ത്യയില്‍ നിന്നെത്തിയ ഗവര്‍ണര്‍ക്ക് അങ്ങിനെയേ തോന്നൂ. എന്നാല്‍ കേരളം പോലെ സാമൂഹിക മുന്നേറ്റങ്ങളുണ്ടാക്കിയ ഒരു സംസ്ഥാനത്ത് വന്ന് ഇത്തരത്തിലുള്ള നടപടികള്‍ കൈകൊള്ളുന്നത് ഒരുതരത്തിലും അംഗീകരിച്ച് കൊടുക്കാനാവില്ല. കേരളത്തില്‍ ഇത്തരത്തില്‍ ഒരു ഗവര്‍ണറുടെ ആവശ്യം തന്നെയില്ല. പൊതുസമൂഹത്തിന്റെ അറിയാനുള്ള അവകാശത്തെ ഹനിക്കുന്ന രീതിയിലുള്ള സംഭവങ്ങളാണ് നിലവിലുള്ള ഉണ്ടായിരിക്കുന്നത്. ഈ അപകടകരമായ പ്രകടനം ലജ്ജാവഹമാണെന്നും ഇത് കേരളത്തിന്റെ ഇരുണ്ട അധ്യായങ്ങളിലൊന്നായി രേഖപ്പെടുത്തേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ പ്രസ് ക്ലബ് പ്രസിഡന്റ് എ.എസ് ഗിരീഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് നീനു മോഹന്‍ സംസാരിച്ചു. സെക്രട്ടറി നിസാം കെ അബ്ദുല്ല സ്വാഗതം പറഞ്ഞ പരിപാടിക്ക് ജോയിന്റ് സെക്രട്ടറി അനീസ് അലി നന്ദി പറഞ്ഞു. പ്രകടനത്തിന് അദീബ് ബേബി, എം അബ്ദുല്ല, ജോമോന്‍ ജോസഫ്, ഷമീര്‍ കൈതപ്പൊയില്‍, ജിനു നാരായണന്‍, ജിംഷിന്‍ സുരേഷ്, ഇല്യാസ് പള്ളിയാല്‍, അനൂപ് വര്‍ഗീസ്, പ്രേമലത എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Previous post രാഹുൽ ഗാന്ധി എം.പി വാഗ്ദാനം പാലിച്ചു: മുണ്ടേരി സ്കൂളിന് ആദ്യ സ്കൂൾ ബസ്
Next post സംസ്ഥാന സ്കൂൾ ശാസ്ത്ര നാടക മത്സരത്തിൽ മാനന്തവാടി ജി വി എച്ച് എസ് എസിൻ്റെ ‘ പ്രയാണം”
Close

Thank you for visiting Malayalanad.in