പരാപ്ലീജിയ ബാധിതരുടെയും കുടുംബാംഗങ്ങളുടെയും സൗഹൃദ സംഗമം ശനിയാഴ്ച പീസ് വില്ലേജിൽ.

കൽപ്പറ്റ : പീപ്പിൾസ് ഫൗണ്ടേഷൻ നടപ്പിലാക്കുന്ന സമഗ്ര പരാപ്ലീജിയ പുനരധിവാസ പദ്ധതിയായ ‘ഉയരെ’യുടെ ഭാഗമായി ഒക്ടോബർ 24 ശനിയാഴ്ച വയനാട് ജില്ലയിലെ പിണങ്ങോട് പീസ് വില്ലേജിൽ പരാപ്ലീജിയ ബാധിതരുടെയും കുടുംബാംഗങ്ങളുടെയും സൗഹൃദ സംഗമം നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. പീപ്പിൾസ് ഫൗണ്ടേഷനും പീസ് വില്ലേജും സംയുക്തമായാണ് സംഗമം സംഘടിപ്പിക്കുന്നത്.രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് പരിപാടി. പരാപ്ലീജിയ ബാധിതരുടെ ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവുമായ പുനരധിവാസം ഉറപ്പുവരുത്തുക, അവരുടെ ആത്മവിശ്വാസവും സാമൂഹിക പങ്കാളിത്തവും വർധിപ്പിക്കുക, കുടുംബങ്ങൾക്ക് പിന്തുണ നൽകുക, ഭിന്നശേഷി സൗഹൃദ സമൂഹം കെട്ടിപ്പടുക്കുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ. വയനാട് ജില്ലയിലെ പരാപ്ലീജിയ ബാധിതരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ ഏകദേശം 150 പേർ സംഗമത്തിൽ പങ്കെടുക്കും. പരസ്പര അനുഭവങ്ങൾ പങ്കുവെക്കുന്നതിനും ആശയവിനിമയത്തിനും കലാപരിപാടികൾക്കും വിദഗ്ധരുമായുള്ള സംവാദത്തിനും അവസരമൊരുക്കും. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിക്കും. എം.എല്‍.എ മാരായ ഐ.സി. ബാലകൃഷ്ണൻ,ഉഷ വിജയൻ, ജില്ലാ കളക്ടർ വി.ചെൽസാസിനി, പീപ്പിൾസ് ഫൌണ്ടേഷൻ സെക്രട്ടറി ഉമർ ആലത്തൂർ, ബാലിയിൽ മുഹമ്മദ് ഹാജി (ജനറൽ സെക്രട്ടറി, പീസ് വില്ലേജ്), ടി .പി യൂനുസ് (ജില്ലാ പ്രസിഡണ്ട്, ജമാഅത്തെ ഇസ്‌ലാമി) മുസ്തഫ മാസ്റ്റർ (സെക്രട്ടറി, പീസ് വില്ലേജ്),കെ കെ ബഷീർ (കൺവീനർ ,ഉയരെ, എക്സിക്യൂട്ടീവ് കമ്മിറ്റി), ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി കാർ രൂപകൽപ്പന ചെയ്ത പാരാപ്ലീജിക് കൂടിയായ മുസ്തഫ തോരപ്പ, പീപ്പിൾസ് ഫൌണ്ടേഷൻ ജില്ലാ കോർഡിനേറ്റർ സി . കെ. സമീർ, ഗായിക ഡോ. സിദ്റത്തുൽ മുൻതഹ തുടങ്ങിയവര്‍ സംബന്ധിക്കും. പരാപ്ലീജിയ ബാധിതരായ 400 കുടുംബങ്ങളെ മൂന്ന് വർഷത്തിനുള്ളിൽ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പീപ്പിൾസ് ഫൗണ്ടേഷൻ നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ഉയരെ’. ചികിത്സയും പുനരധിവാസ സഹായവും, വീടുകൾ വീൽചെയർ സൗഹൃദമാക്കൽ, വിദ്യാഭ്യാസ പിന്തുണ, നൈപുണ്യ വികസനം, തൊഴിലും സ്വയം തൊഴിലും, സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് പ്രതിമാസ ധനസഹായം, കൗൺസലിങ്, പൊതുസ്ഥലങ്ങളിലെ പ്രവേശനക്ഷമത വർധിപ്പിക്കൽ, ബോധവൽക്കരണ പരിപാടികൾ തുടങ്ങിയ വിവിധ ഘടകങ്ങൾ പദ്ധതിയിൽ ഉൾപ്പെടുന്നു. പരാപ്ലീജിയ ബാധിതരെ സഹായങ്ങളുടെ ഗുണഭോക്താക്കളായി മാത്രം കാണാതെ, സ്വയം പര്യാപ്തതയിലേക്കും അന്തസ്സുള്ള ജീവിതത്തിലേക്കും നയിക്കുകയും സമൂഹത്തിന്റെ മുഖ്യധാരയിൽ സജീവ പങ്കാളികളാക്കുകയും ചെയ്യുക എന്നതാണ് ‘ഉയരെ’ പദ്ധതിയുടെ സമീപനം. ഭിന്നശേഷി ബാധിതരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിൽ ഗുണപരമായ മാറ്റം സൃഷ്ടിക്കുന്നതിനും അവരുടെ അവകാശങ്ങൾ, അവസരങ്ങൾ, പ്രവേശനക്ഷമത എന്നിവ സംബന്ധിച്ച പൊതുജന അവബോധം വർധിപ്പിക്കുന്നതിനും ഇത്തരം സംഗമങ്ങൾ സഹായകമാകുമെന്ന് പീപ്പിൾസ് ഫൗണ്ടേഷൻ ഭാരവാഹികള്‍ അറിയിച്ചു. അറിയിച്ചു.
ടി.പി യൂനസ് , മുസ്തഫ മാസ്റ്റർ , സി കെ സമീർ, ശാക്കിർ മൂസ, കെ കെ സമീർ, കെസിയ മരിയ, ഹാരിസ് അരിക്കുളം, അബ്ദുറഹ്മാൻ തനിമ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *