വയനാട്ടിലെ വിജയം വ്യക്തിഹത്യ നടത്തി നേട്ടം കൊയ്യാന്‍ ശ്രമിച്ച സി പി എമ്മിനേറ്റ കനത്തപ്രഹരം: യു ഡി എഫ്
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ യു ഡി എഫിനുണ്ടായ തിളക്കമാര്‍ന്ന വിജയം വ്യക്തിഹത്യ നടത്തി നേട്ടം കൊയ്യാന്‍ ശ്രമിച്ച സി പി എമ്മിനുള്ള കനത്ത പ്രഹരമാണെന്ന് ജില്ലാ യു ഡി എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കല്‍പ്പറ്റ നിയോജകമണ്ഡലം സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിനെതിരെയും, സുല്‍ത്താന്‍ബത്തേരി മണ്ഡലം സ്ഥാനാര്‍ഥി ഐ സി ബാലകൃഷ്ണനെതിരെയും വ്യക്തിഹത്യ പരാമര്‍ശങ്ങള്‍ നടത്തി തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാണ് സിപിഎം ശ്രമിച്ചത്. ഇതിനുള്ള കനത്ത അടിയാണ് സുല്‍ത്താന്‍ബത്തേരിയിലെയും കല്പ്പറ്റയിലെയും വോട്ടര്‍മാര്‍ എല്‍ ഡി എഫിന് നല്‍കിയത്. ഒ ആര് കേളുവിന്റെ പൊള്ളയായ വികസന വാഗ്ദാനങ്ങള്‍ക്ക് ജനങ്ങള്‍ നല്കിയ മറുപടിയാണ് മാനന്തവാടിയിലെ ഉഷാവിജയന്റെ തകര്‍പ്പന്‍ജയം. ജനഹിതം മാനിച്ച് വയനാടിന്റെ സമഗ്രവികസനത്തിനായി എം എല്‍ എമാരുടെയും പുതിയ സര്‍ക്കാറിന്റെയും സേവനം ലഭ്യമാക്കാന്‍ യു ഡി എഫ് പ്രതിജ്ഞാബദ്ധമാണെന്നും യോഗം വിലയിരുത്തി. രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച അഞ്ചിന ഗ്യാരണ്ടി പദ്ധതി പുതിയ യു ഡി എഫ് സര്‍ക്കാര്‍ രൂപീകൃതമാകുന്നതോടെ നടപ്പിലാക്കും. വയനാടിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന വയനാട് ഡോക്യൂമെന്റ് പ്രസിദ്ധീകരിക്കുകയും നിര്‍ദ്ദേശങ്ങള്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ നടപ്പിലാക്കുകയും ചെയ്യും. കല്‍പ്പറ്റയിലെ ടൗണ്‍ഷിപ്പുമായി ഉയര്‍ന്നു വന്ന വിഷയങ്ങള്‍ യു ഡി എഫ് തലത്തില്‍ വിശദമായ പരിശോധന നടത്തി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കും. മാനന്തവാടി മെഡിക്കല്‍ കോളജ്, വന്യമൃഗ-മനുഷ്യ സംഘര്‍ഷങ്ങള്‍, ബദല്‍ പാതകള്‍, കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, പട്ടിക വര്‍ഗ സങ്കേതങ്ങളിലെ ശോചനീയാവസ്ഥ തുടങ്ങിയവ പരിഹരിക്കുന്നതിനായി പുതിയ സര്‍ക്കാറില്‍ ജില്ല യു ഡി എഫ് ശക്തമായ സമ്മര്‍ദം ചെലുത്തും. വയനാടിന്റെ എം പി പ്രിയങ്ക ഗാന്ധിയുടെ സ്വാധീനം വയനാടിന്റെ സമഗ്രപുരോഗതിക്കായി ഉപയോഗപ്പെടുത്തുമെന്നും നേതാക്കള്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മുഴുവന്‍ സീറ്റുകളിലും ചരിത്ര വിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്കും ചിട്ടയായ പ്രവര്‍ത്തനം നടത്തിയ കോണ്‍ഗ്രസിന്റെയും ഘടക കക്ഷികളുടെയും മുഴുവന്‍ നേതാക്കളേയും പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതായും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ല കണ്‍വീനര്‍ എച്ച് ബി പ്രദീപ് മാസ്റ്റര്‍, ഡി സി സി പ്രസിഡന്റ് അഡ്വ ടി ജെ ഐസക്ക്, മുസ് ലിംലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് എന്‍ കെ റഷീജ്, കെ പി സി സി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ്, നിയുക്ത എം എല്‍ എമാരായ അഡ്വ. ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണന്, ഉഷാവിജയന്, പി കെ ജയലക്ഷ്മി, പി പി ആലി, ബി സുരേഷ്ബാബു, പോള്‍സണ്‍ കൂവക്കല്‍, പി കെ അബ്ദുറഹ്മാന്, ഒ വി അപ്പച്ചന്, മാണി ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ടി സിദ്ധിഖ് കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരോട് ചേര്‍ന്നുനിന്ന ജനപ്രതിനിധികളെയും സംവിധാനങ്ങളെയും ഇകഴ്ത്താനും, മുഖം വികൃതമാക്കാനും നടത്തിയ ഹീനമായ ശ്രമത്തിനെതിരായ കനത്ത പ്രതിഷേധം ദുരന്തബാധിത മേഖലകളില്‍ നിന്നും ഉണ്ടായി എന്നതിന്റെ തെളിവാണ് ആ മേഖലയിലെ വലിയ ഭൂരിപക്ഷമെന്ന് അഡ്വ. ടി സിദ്ദിഖ് പറഞ്ഞു. ഇടതുപക്ഷസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെട്ടതായ തെരഞ്ഞെടുപ്പില്‍ അവരുടെ പ്രധാന ക്യാംപയിനുകളിലൊന്ന് മുണ്ടക്കൈ-ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസമായിരുന്നു. മേപ്പാടി പഞ്ചായത്തിലെ 203ാം നമ്പര്‍ ബൂത്ത് മുണ്ടക്കൈ ബൂത്തില്‍ യു ഡി എഫിന് 289 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇടതുപക്ഷസ്ഥാനാര്‍ഥിക്ക് ലഭിച്ച ആകെ വോട്ടിനേക്കാള്‍ ഭൂരിപക്ഷം ദുരന്തബാധിതരായ ജനങ്ങള്‍ യു ഡി എഫിന് നല്കി. 204ാം നമ്പര്‍ ചൂരല്‍മല ബൂത്തില്‍ 239 വോട്ടിന്റെ ഭൂരിപക്ഷമാണ് യു ഡി എഫിന് ലഭിച്ചത്. ദുരന്തബാധിതമേഖലയില്‍ സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങളടക്കം ദുരന്തബാധിതസമൂഹം പൂര്‍ണമായി കൈവിട്ടുവെന്നതിന്റെ കാഴ്ചയാണ് കാണാനായത്. ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട് മാത്രമല്ല, മറിച്ച് ദുരന്തബാധിതരുമായി ബന്ധപ്പെട്ട് വിവിധങ്ങളായ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ദുരന്തത്തിനിരയായവരുടെ തുടര്‍ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളാത്ത വിഷയങ്ങള്‍, ദുരന്തമേഖലയിലെ സ്ഥലങ്ങള്‍ കൃഷിഭൂമിയായി മാറ്റി കൈമാറുമെന്ന് പറഞ്ഞിട്ടും നടപ്പിലാവാത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങളുണ്ട്. ദുരന്തം നടന്നിട്ട് രണ്ട് വര്‍ഷമാകാന്‍ പോകുമ്പോഴും അന്തിമ ഗുണഭോക്തൃപട്ടിക പോലും പുറത്തിറക്കിയിട്ടില്ല. പഞ്ചായത്ത്, സര്‍വകക്ഷികള്‍, ദുരന്തബാധിതര്‍ എന്നിവരോടെല്ലാം കൂടിയാലോചന നടത്തി വരാനിരിക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
ഐ സി ബാലകൃഷ്ണന് കല്‍പ്പറ്റ: ഇടതുമുന്നണി നടത്തിയ നുണപ്രചരണങ്ങള്‍ക്കുള്ള ശക്തമായ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പിലുണ്ടായതെന്ന് ഐ സി ബാലകൃഷ്ണന് പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി എത്തുന്നവരോട് തങ്ങള്‍ വിഡ്ഡികളല്ലെന്ന് വോട്ടര്‍മാര്‍ കാണിച്ചുകൊടുത്തു. ഒരു തെറ്റും ചെയ്യാത്ത തന്റെ മേല്‍ നിരന്തരമായി ആരോപണങ്ങള്‍ ഉന്നയിച്ചു. എന്തെങ്കിലും കുറ്റം ചെയ്തിരുന്നെങ്കില്‍ പത്ത് വര്‍ഷം ആഭ്യന്തരം കൈയ്യാളിയ സര്‍ക്കാര്‍ തന്നെ അകത്തിടുമായിരുന്നു. സത്യസന്ധമായി വോട്ട് ചോദിക്കേണ്ടതിന് പകരം ഇല്ലാത്ത ആരോപണങ്ങളുണ്ടാക്കി വോട്ടുപിടിക്കാനാണ് സി പി എം ശ്രമിച്ചത്. പണ്ടത്തെ പോലെയല്ല, എല്ലാം തിരിച്ചറിയുന്ന ജനങ്ങളാണുള്ളതെന്നും, കൃത്യമായ മറുപടി വോട്ടിലൂടെ അവര്‍ നല്‍കിയെന്നും ഐ സി കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ എം എല്‍ എമാര്‍ക്ക് വലിയ പരിഗണനയായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ഇടതുസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വയനാടിന്റെ വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പോലും അതുണ്ടായില്ലെന്നും ഐ സി പറഞ്ഞു. വയനാടിന്റെ സമഗ്രവികസനത്തിനായി ജില്ലയിലെ മൂന്ന് എം എല്‍ എമാരും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമെന്ന് ഐസി പറഞ്ഞു.
ഉഷാവിജയന് കല്‍പ്പറ്റ: മാനന്തവാടിയിലെ ആരോഗ്യ, പട്ടികവര്‍ഗ മേഖലയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് നിയുക്ത എം എല്‍ എ ഉഷാവിജയന് പറഞ്ഞു. റഫറല്‍ കോളജായാണ് മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്. സി ടി സ്കാന്‍ പ്രവര്ത്തനക്ഷമായിട്ടില്ല. എം ആര് ഐ സ്കാന്‍ ഇല്ലാത്ത പ്രശ്നങ്ങളുണ്ട്. അത്യാധുനീക സൗകര്യങ്ങള്‍ അനിവാര്യമാണ്. പ്രഥമ പരിഗണന മെഡിക്കല്‍ കോളജിനായിരിക്കും. മറ്റു വിഷയങ്ങളും മണ്ഡലത്തിലുണ്ട്. കാര്‍ഷികമേഖലയിലെ വിഷയങ്ങള്‍, വന്യമൃഗശല്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ട് പരിഹാരം കാണുമെന്നും അവര്‍ പറഞ്ഞു. മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ സാധിച്ചതില്‍ മുഴുവന്‍ വോട്ടര്‍മാരോടും നേതാക്കളോടും പ്രവര്‍ത്തകരോടും, ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുകയാണെന്നും ഉഷ പറഞ്ഞു.