വയനാട് ജില്ലാ പോലീസ് അത്‌ലറ്റിക് മീറ്റിന് മാർച്ച് പാസ്റ്റോടെ വർണാഭ തുടക്കം

* മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം നിർവഹിച്ചു * പുരുഷ-വനിതാ താരങ്ങളുടെ 5000 മീറ്റർ ഓട്ടത്തോടെ 09.11.2025 അത്‌ലറ്റിക് മത്സരങ്ങൾ ആരംഭിക്കും.
കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് അത്‌ലറ്റിക് മീറ്റിന് മാർച്ച് പാസ്റ്റോടെ മരവയലിലുള്ള എം.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ വർണാഭ തുടക്കം. പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു അത്‌ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്ത് മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ചു. വിശിഷ്ട അതിഥിയായ മുൻ ഇന്ത്യൻ വനിതാ ബാസ്കറ്റ്ബോൾ ടീം ക്യാപ്റ്റൻ പി.എസ്. ജീനയും മന്ത്രിയും ചേർന്ന് കൊളുത്തി കൊടുത്ത ദീപശിഖയുമായി പോലീസിലെ ദേശീയ-സംസ്ഥാന കായിക താരങ്ങൾ ഗ്രൗണ്ടിനെ വലയം വെച്ചു. ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച ഗ്യാസ് സ്തൂപത്തിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ദീപശിഖ സ്ഥാപിച്ചു.
ഉദ്ഘാടനത്തിനോടനുബന്ധിച്ചുള്ള മാർച്ച് പാസ്റ്റിൽ ബത്തേരി, മാനന്തവാടി, കൽപ്പറ്റ സബ് ഡിവിഷൻ ടീമുകളും, ഡി.ച്ച്.ക്യൂവും സ്‌പെഷ്യൽ യൂണിറ്റും അണിനിരന്നു. മാർച്ചിൽ ഡി.എച്ച്.ക്യൂ ടീം ഒന്നാമതായി. ഉദ്ഘാടന ശേഷം ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിൽ ബത്തേരി സബ് ഡിവിഷനും ഡി.ച്ച്.ക്യൂ ടീം തമ്മിൽ ഏറ്റുമുട്ടി. ഡി.എച്ച്.ക്യൂ ടീം ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ചാമ്പ്യാന്മാരായി. നിമീഷ് രണ്ട് ഗോളും ലിജിത്ത് ഒരു ഗോളും നേടി.
ജില്ലാ പോലീസ് അഡീഷണൽ എസ്.പി എൻ.ആർ. ജയരാജ്, റിട്ട. എസ്.പി. പ്രിൻസ് എബ്രഹാം, ഡിവൈ.എസ്.പിമാരായ കെ.ജെ. ജോൺസൺ(ഡി.സി.ആർ.ബി), എം.എം അബ്ദുൾ കരീം( സ്‌പെഷ്യൽ ബ്രാഞ്ച്), പി.എൽ. ഷൈജു(കൽപ്പറ്റ), കെ.കെ. അബ്ദുൽ ഷരീഫ്(ബത്തേരി), വി.കെ. വിശ്വംഭരൻ (മാനന്തവാടി), ടി. എ അഗസ്റ്റിൻ(എസ്.എം.എസ്), എന്നിവർ സന്നിഹിതരായിരുന്നു.
09.11.2025, ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ ട്രാക്കിലെയും ഫീൽഡിലെയും അത്‌ലറ്റിക്‌സ് മത്സരങ്ങൾ പുരുഷ-വനിതാ താരങ്ങളുടെ 5000 മീറ്റർ ഓട്ടത്തോടെ ആരംഭിക്കും. സമാപന സമ്മേളനം വൈകിട്ട് ജില്ലാ കലക്ടർ ഡോ. മേഘശ്രീ ഐ.എ.എസ്. ഉദ്ഘാടനം ചെയ്യും.
കായിക മേളയുടെ ഭാഗമായി നവംബർ ഒന്ന് മുതൽ നടന്ന ഗെയിംസ് മത്സരങ്ങളിൽ ക്രിക്കറ്റ് മത്സരത്തിൽ ഡി.ച്ച്.ക്യൂവും, വോളിബോൾ മത്സരത്തിൽ മാനന്തവാടി സബ് ഡിവിഷനും ചാമ്പ്യന്മാരായി. ബാഡ്മിൻറൺ സിംഗിൾസ് മത്സരത്തിൽ മാനന്തവാടി സബ്ഡിവിഷനിലെ റാഷിദും ഡബിൾസ് മത്സരത്തിൽ സ്‌പെഷ്യൽ യൂണിറ്റിലെ സജീവൻ- നെതിൽ സഖ്യവും ചാമ്പ്യന്മാരായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് സംഘടിപ്പിച്ച മെഡിക്കൽ എക്സിബിഷൻ ശ്രദ്ധേയമാകുന്നു
Next post പുളിയാർമല ‘ഹെക്കി ബണക്ക്’  വയനാട് പക്ഷി മേളയ്ക്ക് ഒരുങ്ങുന്നു
Close

Thank you for visiting Malayalanad.in