എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾ 22-ന് കലക്ട്രേറ്റ് ഉപരോധിക്കും.

കൽപ്പറ്റ:
മുണ്ടക്കൈ ടൗൺഷിപ്പിനു തറക്കല്ലിടുന്നതിനു മുമ്പ് തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. തൊഴിലാളികളുടെ ദുരിതം സർക്കാർ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഈ 22 ന് കലക്ട്രേറ്റ് ഉപരോധിക്കുമെന്ന് സി.ഐ.ടി.യു അടക്കമുള്ള ട്രേഡ് യൂണിയൻ നേതാക്കൾ വയനാട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തൊഴിലാളികളുടെ ദുരിതം കേൾക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവാസത്തിനുള്ള ടൗൺഷിപ്പ് നിർമ്മാണത്തിന് എൽസ്റ്റൺ എസ്റ്റേറ്റിലെ പുൽപ്പാറ ഡിവിഷനാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഈ സാഹചര്യത്തിൽ തൊഴിലാളികൾക്ക് നൽകാനുള്ള ആനുകൂല്യങ്ങൾ നൽകാതെ തൊഴിലാളികളെ കുടി ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് സംയുക്ത ട്രേഡ് യൂണിയൻറെ തീരുമാനം. 2014 മുതൽ തൊഴിലാളികളിൽ നിന്നും പിടിച്ച പി.എഫ് വിഹിതവും, ഉടമ അടക്കേണ്ട വിഹിതവും പി.എഫ് അക്കൗണ്ടിൽ അടച്ചിട്ടില്ല. നൂറ്റി അമ്പ തോളം വരുന്ന സർവ്വീസിൽ നിന്ന് വിരമിച്ച തൊഴിലാളികളുടെ ഗ്രാറ്റ്വിറ്റി ലഭി ക്കാനുണ്ട്.

സമരത്തിൻറെ ആദ്യഘട്ടം എന്ന നിലയിൽ ഈ മാസം 22ന് കലക്ട്രേറ്റിന് മുന്നിൽ മുഴുവൻ തൊഴിലാളികളെയും അണി നിരത്തി സത്യഗ്രഹ സമരം നടത്തും. വിഷയം എന്നിട്ടും പരിഹരിച്ചിട്ടില്ലെങ്കിൽ എൽസ്റ്റൺ എസ്റ്റേറ്റിലെ മുഴുവൻ തൊഴിലാളികളും കുടുംബാംഗങ്ങളും പങ്കെടുത്ത് കൊണ്ട് കലക്ട്രേറ്റ് ഉപരോധം നടത്താനും, മൂന്നാം ഘട്ട സമരം എന്ന നിലക്ക് ഭൂമിയിൽ അവകാശം സ്ഥാപിച്ച് കൈവശപ്പെടുത്താനും തീരുമാനിച്ചെന്ന് നേതാക്കൾ പറഞ്ഞു.

പുൽപ്പാറ ഡിവിഷൻ പൂർണ്ണമായും ഏറ്റെടുക്കുന്നതോടെ ഫാക്‌ടറിയിലും ഫീൽഡിലുമായി ജോലി ചെയ്തിരുന്ന മുഴുവൻ സ്ഥിരം തൊഴിലാളികളുടെയും ജോലി സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും, മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തെ ട്രേഡ് യൂണിയൻ സംഘടനകളും, ഭാരവാഹികളും ഒറ്റക്കെട്ടായി സ്വാഗതം ചെയ്യുകയാണെന്നും നേതാക്കൾ പറഞ്ഞു. വിഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തൊഴിൽ വകുപ്പിനും, ലേബർ കമ്മീഷണർക്കും, ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും ഇതുവരെ ട്രേഡ് യൂണിയനുകളെയോ, തൊഴിലാളികളെയോ വിളിച്ച് ചർച്ച ചെയ്യാനോ, വിഷയം പരിഹരിക്കാനോ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ട്രേഡ് യൂണിയൻ നേതാക്കളായ പി.പി.ആലി, പി.ഗഗാറിൻ, എൻ.ഒ.ദേവസി, എൻ.വേണുഗോപാൽ, സി.എച്ച്.മമ്മി, യു.കരുണൻ, കെ.ടി.ബാലകൃഷ്ണൻ, ബി സുരേഷ് ബാബു, കെ.സെയ്തലവി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലഹരി ഉപയോഗിച്ചെത്തിയ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു; ഭാര്യയുടെ പിതാവിനും മാതാവിനും വെട്ടേറ്റു
Next post ഇരട്ട അവാർഡുകളുടെ തിളക്കത്തിൽ കല്ലോടി എസ്.ജെ.യു.പി.സ്കൂൾ
Close

Thank you for visiting Malayalanad.in