വി.ജെ.ജോഷിതക്ക് അഞ്ച് ലക്ഷം രൂപയും സ്വർണ്ണ പതക്കവും നൽകി മനോരമ ആദരിച്ചു

. കൽപ്പറ്റ: ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച ഹോം ഗ്രൗണ്ടിൽ ഇന്ത്യൻ താരം വി.ജെ. ജോഷിതയെ ആദരിച്ചു മലയാള മനോരമ. വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ അഭിമാനമുയർത്തിയ അണ്ടർ 19 ലോകകപ്പ് നേട്ടത്തിനുശേഷം ആദ്യമായി നാട്ടിലെത്തിയ താരത്തിന് 5 ലക്ഷം രൂപയുടെ ചെക്കും സ്വർണപ്പതക്കവുമാണു മലയാള മനോരമ സമ്മാനിച്ചത്. നാട്ടുകാരും സ്പോർട്സ് പ്രേമികളും ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളും ക്രിക്കറ്റ് അക്കാദമിയിലെ താരങ്ങളും കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിനു സാക്ഷികളായി. മിന്നു മണിക്കും സജ്ന സജീവനും പിന്നാലെ കൃഷ്ണഗിരി അക്കാദമിയിൽനിന്ന് ഇന്ത്യൻ ടീമിൽ ഇടംനേടുന്ന വയനാട്ടുകാരിയാണു ജോഷിത. മികച്ച ഓൾറൗണ്ടറായ താരം വലംകൈയ്യൻ പേസർ കൂടിയാണ്. ലോകകപ്പ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പ്ലെയർ ഓഫ് ദ് മാച്ച് ആയി തിരഞ്ഞൈടുക്കപ്പെട്ടു. 14 മുതൽ ബംഗളൂരു റോയൽ ചാലഞ്ചേഴ്സിനു വേണ്ടി വിമൻസ് പ്രീമിയർ ലീഗിലും ജോഷിത കളിക്കാനിറങ്ങും. മലയാള മനോരമ നൽകിയ ആദരം കൂടുതൽ നേട്ടങ്ങളുണ്ടാക്കാൻ വലിയ പ്രചോദനമാകുമെന്ന് ജോഷിത പറഞ്ഞു. കുട്ടിക്കാലം മുതലേ വായന തുടങ്ങി ഹൃദയത്തിലേറ്റുവാങ്ങിയ പത്രമായ മലയാള മനോരമയുടെ ആദരം മകൾക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന് ജോഷിതയുടെ അച്ഛൻ ജോഷി പറ‍ഞ്ഞു. വയനാട് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നാസിർ മച്ചാൻ അധ്യക്ഷത വഹിച്ചു. മലയാള മനോരമ സീനിയർ കോ ഓർഡിനേറ്റിങ് എ‍ഡിറ്റർ അനിൽ രാധാകൃഷ്ണൻ പുരസ്കാരദാനം നിർവഹിച്ചു. മലയാള മനോരമ വയനാട് ബ്യൂറോ ചീഫ് ഷിൻ്റോ ജോസഫ്, വയനാട് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ സമദ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേന്ദ്ര അവഗണനക്കെതിരെ പ്രവാസി സംഘം പ്രതിഷേധ ധർണ്ണ നടത്തി
Next post “ഭിന്നശേഷി സാങ്കേതികത്വം” നിയമന പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം – കെ.എച്ച്.എസ്.ടി.യു
Close

Thank you for visiting Malayalanad.in