സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങി; ട്രഷറികൾക്ക് മുന്നിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: സർക്കാർ ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പള വിതരണം തടസ്സപ്പെട്ടതിൽ പ്രതിഷേധിച്ച് കേരള എൻ.ജി. ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ട്രഷറികൾക്കു മുന്നിൽ ധർണ്ണയും വിശദീകരണ യോഗങ്ങളും സംഘടിപ്പിച്ചു. ട്രഷറി ഡയറക്ടറേറ്റിനു മുന്നിൽ സംസ്ഥാന പ്രസിഡണ്ട് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലയിലെ വിവിധ ട്രഷറികൾക്കു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ഹനീഫ ചിറക്കൽ, പി.ജെ.ഷൈജു, കെ.ടി.ഷാജി, എൻ.ജെ.ഷിബു, സജി ജോൺ, സി.കെ. ജിതേഷ്, ലൈജു ചാക്കോ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സർക്കാരിൽ നിന്നും ഫണ്ട് ലഭ്യമായാൽ ശമ്പള വിതരണം മുടങ്ങില്ലെന്ന് പറഞ്ഞ ധനകാര്യ വകുപ്പ് മന്ത്രിയുടെ ഉറപ്പ് പാഴ്‌വാക്കായിരിക്കുകയാണ്. മാർച്ച് ഒന്നിനു മുമ്പു തന്നെ കേന്ദ്രത്തിൽ നിന്നും നാലായിരം കോടി അനുവദിച്ചിരുന്നു, എന്നാൽ ട്രഷറി സോഫ്റ്റ് വെയറിലെ സാങ്കേതിക തകരാർ മൂലമാണ് ശമ്പള വിതരണം മുടങ്ങിയതെന്നാണ് ഇപ്പോൾ ധനകാര്യ വകുപ്പ് പറയുന്നത്. സപ്ലൈകോ ജീവനക്കാരുടെ ശമ്പളം കഴിഞ്ഞ് മാസങ്ങളിൽ സമയബന്ധിതമായി വിതരണം ചെയ്യാൻ സാധിച്ചിരുന്നില്ല. കെ. എസ്.ആർ.ടി.സി ജീവനക്കാർക്ക് ഗഡുക്കളായാണ് ശമ്പളം വിതരണം ചെയ്യുന്നത്, സമാനമായ സാഹചര്യത്തി ലേക്കാണ് സർക്കാർ ജീവനക്കാരുടേയും ശമ്പള വിതരണം എത്തി നിൽക്കുന്നത്.
ധനകാര്യ മിസ് മാനേജ്മെൻ്റിൻ്റെ നേർകാഴ്ചയാണ് ഇപ്പോൾ കേരളം കണ്ട് കൊണ്ടിരിക്കുന്നതെന്നും, നികുതി വർദ്ധനവും സെസ്സും ഉൾപ്പെടെ അധിക വരുമാന മാർഗ്ഗങ്ങൾ സാധാരണക്കാരൻ്റെ മേൽ അടിച്ചേല്പിച്ചിട്ടും സാമൂഹ്യ സുരക്ഷാ പെൻഷൻ പോലും കൊടുക്കാൻ സാധിക്കുന്നില്ലെന്നും, എന്നാൽ ഭരണകൂട ധൂർത്ത് യാതൊരു നിയന്ത്രണവുമില്ലാതെ തുടരുകയാണെന്നും ജില്ലാ പ്രസിഡണ്ട് മോബിഷ് പി. തോമസ് കുറ്റപ്പെടുത്തി. വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധയിടങ്ങളിൽ എം.എ. ബൈജു, സിനീഷ് ജോസഫ്, ബെൻസി ജേക്കബ്, ബേബി പടപ്പാട്, ശിവൻ പുതുശ്ശേരി, റജീസ് കെ. തോമസ്, എ.സുഗതൻ തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Previous post പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർത്ഥൻ്റെ ദുരൂഹ മരണം; പ്രതി ചേര്‍ക്കപ്പെട്ട 18 പേരും പോലീസിന്റെ പിടിയില്‍
Next post സിദ്ധാർത്ഥിന്റെ മരണം; ഗൂഢാലോചന അന്വേഷിക്കണം:യുവജനതാദൾ എസ്
Close

Thank you for visiting Malayalanad.in