
ടൂറിസം മേഖലക്ക് ശക്തി പകർന്ന് സ്പ്ലാഷ് മഴ മഹോത്സത്തിന് വർണ്ണാഭമായ സമാപനം.
കൽപ്പറ്റ: കേരളത്തിൻ്റെ ടൂറിസം രംഗത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇവൻ്റായ സ്പ്ലാഷ് മഴ മഹോത്സവത്തിൻ്റെ പതിനൊന്നാം പതിപ്പിന് തിരശ്ശീല വീണു. വയനാടിൻ്റെ ടൂറിസം മേഖലക്കും കേരള ടൂറിസത്തിനും ശക്തി പകർന്നാണ് പത്ത് ദിവസത്തെ മഴ മഹോത്സവത്തിന് കൊടിയിറങ്ങിയത് .
വയനാട് ടൂറിസം ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ 2009 ൽ ആരംഭിച്ച മഴ മഹോത്സവം ഓരോ മൂന്നാം വർഷവുമാണ് നടക്കുന്നത്. ഇതേ ഇടവേളയിൽ കേരള ടൂറിസം നടത്തുന്ന കേരള ടൂറിസം മാർട്ട് (കെ.ടി.എം. ) നടക്കുന്നതിനാലാണ് കെ.ടി.എമ്മും സ്പ്ലാഷും വെവ്വേറെ വർഷങ്ങളിൽ നടത്തുന്നത്. അടുത്ത കേരള ടൂറിസം മാർട്ട് നടക്കാനിരിക്കെ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും വലിയ മഹോത്സവത്തിനാണ് വയനാട് കഴിഞ്ഞ പത്ത് ദിവസം സാക്ഷ്യം വഹിച്ചത്.
വയനാട് ടൂറിസം ഓർഗനൈസേഷനൊപ്പം വയനാട് ഡി.ടി.പി.സി.യും കേരള ടൂറിസവും മുഴുവൻ പരിപാടികളിലും പങ്കാളികളായി.അനുബന്ധ പരിപാടികളി മഡ് ഫെസ്റ്റ്, എം.ടി.ബി., മാരത്തോൺ തുടങ്ങിയവയിൽ വയനാട് ഒളിമ്പിക് അസോസിയേഷൻ, സൈക്ലിംഗ് അസോസിയേഷൻ തുടങ്ങിയ വിവിധ സംഘടനകൾ പങ്കാളികളായി.
120 ടൂറിസം സംരംഭകരും 600 ലധികം ടൂർ ഓപ്പറേറ്റർമാരും പങ്കെടുത്ത ബി ടു ബി മീറ്റിലൂടെ വരും വർഷങ്ങളിൽ വയനാട്ടിൽ കൂടുതൽ നിക്ഷേപവും പുതിയ സംരംഭങ്ങളും അതിലൂടെ പുതിയ തൊഴിലവസരങ്ങളും വരുമാന വർദ്ധനവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോക ടൂറിസം ഭൂപടത്തിൽ വയനാടും ചേർക്കപ്പെട്ടതോടെ ഇവിടേക്കെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിലും 40 ശതമാനത്തിൻ്റെയെങ്കിലും വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്.
മഴയുടെ കെടുതികൾക്കിടയിലും കായിക പ്രേമികൾക്കും കലാസ്വാദകർക്കും പൊതുജനങ്ങൾക്കും മഴയെ ആഘോഷമാക്കാൻ വ്യത്യസ്തങ്ങളായ പരിപാടികളായിരുന്നു സംഘാടകർ ഒരുക്കിയിരുന്നത്. വലിയ പങ്കാളിത്തവും കൂടുതൽ പേരുടെ സാന്നിധ്യവും ഉണ്ടായതിലൂടെ 2023 ലെ സ്പ്ലാഷ് മഴ മഹോത്സവം ഇതാദ്യമായി കുടുതൽ ജനകീയമാക്കാൻ സംഘാടകർക്ക് കഴിഞ്ഞു.