എൻ്റെ കേരളം സംരംഭക സൗഹൃദം: സംരംഭകർക്ക് വരുമാനവും പുതുസംരംഭകർക്ക് പ്രതീക്ഷയും.
സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള സംരംഭക സൗഹൃദത്തിലും വരുമാന വര്‍ദ്ധനവിലും മാതൃകയാവുന്നു. മേള സമാപിക്കുമ്പോൾ വ്യവസായ വകുപ്പിന് കീഴിൽ ചെറുകിട സംരംഭകരും കുടുംബശ്രീക്ക് കീഴിൽ വീട്ടമ്മമാരായ. സംരംഭകരും കൃഷി വകുപ്പിന് കീഴിൽ കാർഷിക സംരംഭകരും സന്തുഷ്ടരാണ്. വ്യവസായ വകുപ്പ് സംരംഭങ്ങളുടെ 85 കൊമേഴ്സ്യല്‍ സ്റ്റാളുകളില്‍ നിന്നായി 14 ലക്ഷം രൂപയുടെ വില്‍പ്പനയാണ് ഇതുവരെ നടന്നത്. വയനാടിന്റെ തനത് ഉത്പന്നങ്ങള്‍ മുതല്‍ ചേക്ലേറ്റ് വരെ ഇവിടെയുള്ള സ്റ്റാളുകളിലുണ്ട്. നെയ്ത്ത് ഗ്രാമം, ഫിസി ഐസ്‌ക്രീം, ചോക്കോ സ്വീറ്റ്സ്, ഫാല്‍ക്കണ്‍ബാഗ്സ്, സുല്‍ത്താന്‍ കാഷ്യു തുടങ്ങിയ സ്റ്റാളുകളാണ് വരുമാന വര്‍ദ്ധനവില്‍ മുന്നിലുള്ളത്. കുടുംബശ്രീ വിപണന സ്റ്റാളില്‍ മാത്രം ഒരു ലക്ഷത്തിലധികം രൂപയുടെ വിറ്റുവരവുണ്ടായി. ഇത്തവണ ആദ്യമായി എന്റെ കേരളം മേളയില്‍ അവതരിപ്പിച്ച സംരംഭകര്‍ക്കായുള്ള ബി.ടു.ബി യില്‍ കെ.എസ്.ഐ.ഡി.സി യില്‍ 110 അന്വേഷകരെത്തി. ഇതില്‍ 144 കോടി രൂപയുടെ ഡീലുകളാണ് നടന്നത്. ഡി.ഐ.സി യില്‍ 162 അന്വേഷകരാണ് എത്തിയത്. 48 കോടി രൂപയുടെ ബിസിനസ് സാധ്യതകള്‍ക്കാണ് ഇവിടെ തുടക്കമിട്ടത്. ഭക്ഷ്യമേഖലയില്‍ കുടുംബശ്രീ, വനിതാ സംരംഭകര്‍, ചെറുകിട സംരംഭകര്‍ തുടങ്ങി 33 യൂണിറ്റുകളും , പാലുത്പന്നങ്ങളുമായി നാല് യൂണിറ്റുകളും പാഷന്‍ഫ്രൂട്ട് പഴ വര്‍ഗ്ഗങ്ങള്‍, വയനാടന്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്നിങ്ങനെയുള്ള മേഖലകളിലാണ് ബയേഴ്സ് കൂടുതലായി എത്തിയത്. കരകൗശല മേഖലയിലും നിര്‍മ്മാണ ഓര്‍ഡറുമായി ആളുകള്‍ രംഗത്ത് വന്നിരുന്നു. സംരംഭകര്‍ക്കുള്ള വായ്പാ പദ്ധതികളുമായി ഭാരതീയ സ്റ്റേറ്റ് ബാങ്ക്, കാനറ ബാങ്ക് തുടങ്ങിയ ബാങ്കുകളും ബി.ടി.ബി മേളയിലുണ്ടായിരുന്നു.
സപ്ലൈകോ എക്സ്പ്രസ്മാര്‍ട്ടിൽ അഞ്ച് ദിവസം കൊണ്ട്
6 ലക്ഷം വരുമാനം:
ഒരു സോപ്പെടുത്താല്‍ ഒരു സോപ്പ് സൗജന്യം. രണ്ട് ലിറ്റര്‍ ശബരി വെളിച്ചെണ്ണയ്ക്കൊപ്പം ഒരു ലിറ്റര്‍ വെളിച്ചെണ്ണകൂടി കിട്ടും. എന്റെ കേരളത്തില്‍ നിറയെ ഓഫറുകളുമായാണ് സപ്ലൈകോയുടെ എക്്സപ്രസ്മാര്‍ട്ട് ആറാം ദിവസവും ഏറ്റവും തിരക്കേറിയ സ്റ്റാളുകളിലൊന്നായി മാറിയത്. ആറ് ദിവസം ആറ് ലക്ഷം രൂപയാണ് ഈ സ്റ്റാളില്‍ നിന്നും വരുമാനം ലഭിച്ചത്. റേഷന്‍കാര്‍ഡ് തുടങ്ങിയവയൊന്നും ഈ സ്റ്റാളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടതില്ല. എഫ്എംസിജി ഉത്പന്നങ്ങള്‍ക്കും സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങള്‍ക്കും വന്‍ വിലക്കിഴവും ആകര്‍ഷകമായ ഓഫറുകളും ഇവിടെയുണ്ട്. മേള സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്കായി ഒരു മിനി സൂപ്പര്‍ മാര്‍ക്കറ്റ് തന്നെയാണ് സപ്ലൈകോ ഒരുക്കിയിരിക്കുന്നത്. സപ്ലൈകോ ശബരി ഹോട്ടല്‍ ബ്ലെന്‍ഡ് തേയില 500 ഗ്രാം വാങ്ങിയാല്‍ ശബരി എസ് എഫ് ഡി തേയില 250 ഗ്രാം സൗജന്യമായി നല്‍കും. ശബരി ഗോള്‍ഡ് തേയില 250 ഗ്രാം വാങ്ങിയാല്‍ ശബരി എസ് എഫ് ഡി 100ഗ്രാം സൗജന്യമായി നല്‍കും. ഇതിനു പുറമേ തേയിലയ്ക്ക് വിലക്കുറവും നല്‍കുന്നുണ്ട്. സ്റ്റോളിലെ ഏറ്റവും പ്രധാന ആകര്‍ഷണം രണ്ട് ലിറ്റര്‍ ശബരി വെളിച്ചെണ്ണയോടൊപ്പം ഒരു ലിറ്റര്‍ ശബരി വെളിച്ചെണ്ണ സൗജന്യമായി നല്‍കുന്നു എന്നതാണ്. ശബരി ഉത്പന്നങ്ങള്‍ കൂടാതെ നൂഡില്‍സ്, ടൂത്ത്പേസ്റ്റ്, തേന്‍, സോപ്പുപ്പൊടി, സോപ്പ്, പെര്‍ഫ്യൂം, നെയ്യ്, ബൂസ്റ്റ്, ഹോര്‍ലിക്സ് തുടങ്ങി നിരവധി എഫ് എം സി ജി സാധനങ്ങള്‍ക്ക് വിലക്കുറവ് ലഭിക്കുന്നുണ്ട്. രാവിലെ 10.30 മുതല്‍ രാത്രി എട്ടുവരെ എക്സ്പ്രസ് മാര്‍ട്ട് പ്രവര്‍ത്തിക്കും. സ്ഥാപനത്തിന്റെ വളര്‍ച്ചയും സേവനങ്ങളും വിശദമാക്കുന്ന വീഡിയോ പ്രദര്‍ശനവും ഉണ്ടാകും. എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് സപ്ലൈകോ ഒരുക്കിയ എക്സ്പ്രസ്മാര്‍ട്ട് വന്‍ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.
പുത്തൻ മാതൃകകൾ
പ്രളയവും കോവിഡും കവര്‍ന്നെടുത്ത ഇന്നെലകളില്‍ നിന്നും കരകയറി വരികയാണ് ഒരു കാലം. കുടില്‍ വ്യവസായം മുതല്‍ വാണിജ്യ വ്യാപാര കേന്ദ്രങ്ങള്‍ വരെയും മുട്ടുകുത്തിയ ദുരിത സാഹചര്യങ്ങള്‍. അതിജീവനത്തിന്റെ പുതിയ പാഠങ്ങളുമായി ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ് ജില്ലയിലെ ചെറുതും വലുതുമായ അനേകം സംരംഭങ്ങള്‍. എട്ട് വര്‍ഷത്തോളമായി മൊതക്കരയില്‍ ചോക്കോ സ്വീറ്റ്സ് ഹോം മെയ്ഡ് ചോക്ലേറ്റ് സ്ഥാപനം നടത്തിവരികയായിരുന്നു രമ്യാ ഹരീഷ്. ഈ മേഖലിയിലെ സംരംഭം പച്ച പിടിച്ച് വരികയായിരുന്ന സമയത്തായിരുന്നു 2018 ലെ ആദ്യ പ്രളയം. ചേക്ലേറ്റ് വിപണികളെല്ലാം ഈ പ്രളയത്തില്‍ മുങ്ങി. ഇതിന് തുടര്‍ച്ചയായി അടുത്ത വര്‍ഷവും പ്രളയം വന്നതോടെ സംരംഭം പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലായിരുന്നു. നിശ്ചയ ദാര്‍ഢ്യം കൊണ്ടുമാത്രം ഈ ഉദ്യമത്തെ രമ്യ കൈവിട്ടില്ല. ചെറിയ ഒരു കെട്ടിട മുറിയില്‍ വീണ്ടും ജീവിതം നട്ടു നനച്ചു. ബാങ്കില്‍ നിന്നും വായപയെടുത്ത് കൂടുതല്‍ ചോക്കോ സാധനങ്ങള്‍ വാങ്ങി ബിസിനിസ് മോടിപിടിപ്പിക്കുന്ന വേളയിലാണ് കോവിഡ് എന്ന മഹാമാരി ലോകത്തെ വിഴുങ്ങുന്നത്. പുറത്തേക്കുള്ള വാതിലുകളെല്ലാം അടഞ്ഞതോടെ രമ്യയും ഭര്‍ത്താവ് ഹരീഷും പൂര്‍ണ്ണമായും ഈ സാഹചര്യങ്ങളില്‍ പകച്ചു നിന്നുപോയി. എല്ലാം ഉപേക്ഷിക്കാന്‍ എന്നിട്ടും തയ്യാറായില്ല. ചോക്ലേറ്റും കേക്കുനിര്‍മ്മാണവുമെല്ലാമായി ചോക്കോ സ്വീറ്റ് അങ്ങിനെ അതിജീവനത്തിന്‍െ കരുത്തായി ഉയര്‍ത്തെണീറ്റു. വ്യവസായ വകുപ്പ് ഇവര്‍ തണലും താങ്ങുമായി ചേര്‍ത്തുപിടിച്ചു. വ്യവസായ മേളകളിലെല്ലാം സ്ൗജന്യമായി സ്റ്റാള്‍ ഒരുക്കി നല്‍കി. ഇവിടെ നിന്നും ഇവര്‍ പുതിയ ജീവിതം മെനയുന്ന കഥകള്‍ പറഞ്ഞുതുടങ്ങുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെല്ലാം ചേക്കോ സ്വീറ്റ്സിന്റെ സ്റ്റാളുകളുമായി ഇവര്‍ ഇന്ന് സഞ്ചരിക്കുന്നു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലും ഇവരുടെ ചോക്കോ സ്റ്റാള്‍ ശ്രദ്ധനേടുന്നു. പ്രതിദിനം 20000 രൂപയോളം വരുമാനം ഇവര്‍ക്ക് ഇവിടെ നിന്നും ലഭിക്കുന്നുണ്ട്. പാര്‍ട്ടി ഓര്‍ഡറുകളിലും മറ്റുമായി ചേക്ലേറ്റ് ഗിഫ്ട് പാക്കും, വ്യത്യസ്തങ്ങളായ ക്രീം പ്ലം കേക്കുകളും ഉണ്ടാക്കുന്നു.
എന്റെ കേരളത്തിലെ നിരവധി സംരംഭകരുടെ വിജയഗാഥയില്‍ ഇവരും സംതൃപ്തമായ അനുഭവങ്ങളാണ് പറയുന്നത്. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നുമുള്ള പിന്തുണയില്‍ വായ്പയും ലഭിച്ചു. പി.എം.ജി.പി യില്‍ ആദ്യ വായ്പയും ഇതിന് തുടര്‍ച്ചയായി എന്റെ കേരളം വേദിയില്‍ നിന്നുതന്നെ പി.എം.എസ്.ഇ യില്‍ നിന്നും മറ്റൊരു വായ്പയും ഇവര്‍ക്കായി അനുവദിച്ചു. പി.എം.എസ്.ഇ യില്‍ നിന്നും ജില്ലയില്‍ ആദ്യ വായ്പ ലഭിക്കുന്ന യൂണിറ്റ് എന്ന ബഹുമതിയും ചോക്കോ സ്വീറ്റ്സിനെ തേടിയെത്തിയിരിക്കുകയാണ്.
സ്വന്തം ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുമായി എന്റെ കേരളം മേളയില്‍ മുന്നേറുകയാണ് വനിതാ സംരംഭകരായ ഷിബില. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2022 ല്‍ നടന്ന മേളയിലാണ് ഷിബില ആദ്യമായി സ്വന്തം ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുമായി എത്തിയത്. അതുവരെ ഈ ഉല്‍പ്പന്നങ്ങള്‍ അധികമാരും അറിഞ്ഞിരുന്നില്ല. എന്നാല്‍ 2022 ല്‍ നടന്ന മേളയില്‍ എത്തിയതോടെ ഷിബിലയൂടെ വ്യവസായ യൂണിറ്റ് ഏറെ ശ്രദ്ധിക്കപ്പെടുകയും ഉത്പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിക്കുകയും ചെയ്തു. ഇത്തവണ എന്റെ കേരളം മേളയില്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ സംരംഭകര്‍ക്കായി നടത്തുന്ന ബി ടു ബി മീറ്റിലൂടെ ബാംഗ്ലൂര്‍ ആസ്ഥാനമായ ഫുഡ് കമ്പനി ഷിബിയുടെ മുസ്ദ ബ്രാന്‍ഡിനെ തിരഞ്ഞെടുത്തതും നേട്ടമായി. അമ്പലവയല്‍ സ്വദേശിയായ ഷിബില കഴിഞ്ഞ വര്‍ഷം തുടങ്ങിയ സംരംഭമാണ് മുസ്ദ പ്രൊഡക്ട്‌സ്. ബീഫ് അച്ചാര്‍, മീന്‍ അച്ചാര്‍, ചെമ്മീന്‍ അച്ചാര്‍, ചെത്ത മാങ്ങ അച്ചാര്‍, തുറമാങ്ങ തുടങ്ങി വിവിധതരം അച്ചാറുകളും ചക്കപ്പൊടി, ഡ്രൈ ഫ്രൂട്സ് ഹണി, തുടങ്ങി വ്യത്യസ്തമായ വിഭവങ്ങളും മേളയിലെ ഷിബിഷയുടെ സ്റ്റാളിലുണ്ട്. വെറുതെ വീടിനുള്ളില്‍ ഒതുങ്ങാതെ എന്തെങ്കിലും സ്വന്തമായി ചെയ്യണമെന്ന ആഗ്രഹമാണ് ഷിബിലയെ മുസ്ദയിലേക്ക് എത്തിക്കുന്നത്. ഭക്ഷ്യ ഉത്പന്നങ്ങള്‍ കൂടാതെ സ്വന്തമായി കൃഷി ചെയ്‌തെടുത്ത തേനിലൂടെ ബീ വാക്‌സ് ക്രീം, ബീ വാക്‌സ് ലിപ് ബാം, പെയിന്‍ ബാം തുടങ്ങിയ സൗന്ദര്യ വര്‍ധക വസ്തുക്കളും ഷിബിലയുടെ സ്വന്തം ഉല്‍പ്പന്നങ്ങളാണ്. കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്ന് ലഭിച്ച ക്ലാസ്സുകളും മുതല്‍ക്കൂട്ടായി. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെയും പരിശീലന ക്ലാസുകളിലും ഷിബില പങ്കെടുത്തിരുന്നു. എല്ലാ സാധ്യതകളെ കുറിച്ചും സ്വന്തം നിലയില്‍ വ്യക്തമായ ഗവേഷണം അങ്ങനെയാണ് വീട്ടമ്മയായ ഷിബിലിയില്‍ നിന്ന് സംരംഭകയായ ഷിബിലയിലേക്ക് മാറുന്നത്. സംരംഭക എന്ന നിലയില്‍ ഒരു ചെറുകിട യൂണിറ്റ് തുടങ്ങാന്‍ ഒരുങ്ങുകയാണ് ഷിബില. ഇങ്ങനെ വ്യവസായവകുപ്പിന്റെ സ്റ്റാളില്‍ നിരവധി വിജയഗാഥകള്‍ എന്റെ കേരളത്തിന് അഭിമാനമാകുന്നു.
പുതുമകൾ
വയനാടിന്റെ പ്രത്യേക ബ്രാന്‍ഡുകള്‍ അണിനിരന്ന എന്റെ കേരളം വേദി പുതുമയുള്ളതായി. വയനാടന്‍ കാപ്പി, ചായ, മഞ്ഞള്‍, അരി, കുരുമുളക് തുടങ്ങി പേര് കേട്ട വയനാടന്‍ ഉത്പന്നങ്ങളും സുഗന്ധദ്രവ്യങ്ങളുമെല്ലാം ബ്രാന്‍ഡ് ചെയ്ത് എന്റെ കേരളം വേദിയിലെത്തിക്കുന്നു. കടല്‍ കടന്നും വേറിട്ട രുചിയുടെ ആവി പറത്തുന്ന വയനാടന്‍ കാപ്പിയും സ്റ്റാളിലുണ്ട്. തനത് രുചിയുടെ കാപ്പി ബ്രഹ്മഗിരി കോഫിയാണ് ഇവിടെ കിയോസ്‌ക് വഴി ലഭ്യമാക്കുന്നത്. വയനാടന്‍ കാപ്പി ബ്രാന്‍ഡ് ചെയ്ത് ഇതിനകം ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ സംരംഭകരെയും ഇവിടെ പരിചയപ്പെടാം. സ്വാഭാവികമായ കാലാവസ്ഥയില്‍ വളരുന്ന കാപ്പിയുടെ സംസ്‌കരണം മുതല്‍ വിപണനം വരെ ശാസ്ത്രീയമായ രീതിയില്‍ പിന്തുടരുന്ന വനിതാ സംരംഭകരും മേളയിലുണ്ട്. കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ വയനാട് ജില്ലയിലെ വിവിധ സംരംഭകരെ കോര്‍ത്തിണക്കി ഒരു കുടക്കീഴില്‍ ഇവരുടെ ഉത്പന്നങ്ങള്‍ മേളയില്‍ പരിചയപ്പെടുത്തുന്നുണ്ട്. വിവിധയിനം മുല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഈ സ്റ്റാളില്‍ ലഭ്യമാണ്. ഭക്ഷ്യോത്പന്നങ്ങള്‍ മുതല്‍ കരകൗശല ഉത്പന്നങ്ങള്‍ വരെയും ഇവിടെ നിന്നും ലഭ്യമാകും. പാഷന്‍ ഫ്രൂട്ടില്‍ നിന്നുള്ള വിവിധ തരം സ്‌ക്വോഷുകള്‍, ജാമുകള്‍ തുടങ്ങി അച്ചാര്‍ വരെയും മറ്റൊരു സ്റ്റാള്‍ പരിചയപ്പെടുത്തുന്നു. ഇറക്കുമതി ചെയ്ത ഈന്തപ്പഴം സംസ്‌കരിച്ച് പ്രത്യേകമായി ബ്രാന്‍ഡ് ചെയ്തും മേളയില്‍ എത്തിച്ചിട്ടുണ്ട്. വ്യവസായ കേന്ദ്രത്തന്റെ പിന്തുണയോടെ പുതിയ ജീവിതം കണ്ടെത്തിയ നിരവധി സംരംഭകര്‍ അവരവരുടെ മുന്നേറ്റങ്ങളും മേളയിലൂടെ പങ്കുവെക്കുന്നു. മുളയില്‍ നിര്‍മ്മിച്ച വിവിധ തരം അലങ്കാര വസ്തുക്കളുടെ വിപുലമായ ശേഖരവും മേളയെ വേറിട്ടതാക്കുന്നു. വ്യത്യസ്തയിനം ലാംബ് ഷെയിഡുകള്‍, ആഭരണങ്ങള്‍, പെയിന്റിങ്ങുകള്‍, മ്യൂറല്‍സ് എന്നിവയെല്ലാം ഈ സ്റ്റാളിന്റെ ആകര്‍ഷകങ്ങളാണ്. കുടുംബശ്രീയുടെ സ്റ്റാളിലും മുളയുത്പന്നങ്ങള്‍ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായി എത്തിച്ചിട്ടുണ്ട്. സൂക്ഷ്മതല സംരംഭങ്ങളുമായി വര്‍ഷങ്ങളായി മുന്നേറുന്നവര്‍ നേരിട്ടാണ് മേളയില്‍ അവരവരുടെ ഉത്പന്നങ്ങളുമായി എത്തിയത്. സംരംഭകവർഷത്തിലെ എൻ്റെ കേരളം പ്രദർശന വിപണന മേള എന്തുകൊണ്ടും സംരംഭക സൗഹൃദമായി.
പുതിയ സംരംഭങ്ങൾ തുടങ്ങാനിരിക്കുന്നവർക്കും ഇതൊരു പ്രചോദനമായി.