വയനാട്ടിൽ ഫാം ടൂറിസത്തിന് ഊന്നൽ നൽകണം; മൃഗസംരക്ഷണവകുപ്പ് സെമിനാർ

കൽപ്പറ്റ: ജില്ലയിൽ ഫാം ടൂറിസത്തിന് ഊന്നൽ നൽകണമെന്ന് എന്റെ കേരളം മേളയിലെ സെമിനാർ . ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന വയനാട് പോലുള്ള ജില്ലയിൽ പ്രധാന വരുമാന സ്രോതസ്സായി ഫാം ടൂറിസത്തെ കൊണ്ടുവരണം. ഫാം ടൂറിസത്തെ പ്രോത്സാഹിപ്പികുന്നത് വഴി ക്ഷീര കർഷകർക്കും അധിക വരുമാനം ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കാൻ കഴിയും.
മൃഗസംരക്ഷണ മേഖലയിലെ ആനുകാലിക പ്രസക്തിയുള്ള വിഷയത്തെ പുതിയൊരു വീക്ഷണത്തിലൂടെ അവതരിപ്പിച്ച സെമിനാർ ഏറെ ശ്രദ്ധേയമായി. കാലാവസ്ഥ വ്യതിയാനവും മൃഗസംരക്ഷണ മേഖലയിലെ പ്രതിസന്ധിയും എന്ന വിഷയത്തിലായിരുന്നു സെമിനാർ .ഭക്ഷ്യ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ മുട്ട ഉൽപാദനം, കോഴിയിറച്ചി ഉൽപാദനം, കന്നുകാലി വളർത്തൽ, പരിപാലനം എന്നിവയിൽ നിരവധി പദ്ധതികളാണ് സർക്കാർ നടത്തിവരുന്നതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത കേരള പൗൾട്രി കോർപറേഷൻ ചെയർമാൻ പി.കെ മൂർത്തിപറഞ്ഞു.
പുരയിടങ്ങളിൽ ഭക്ഷ്യസ്വയം പര്യാപ്തതയ്ക്കായി ‘ഫുഡ് ഫോറസ്റ്റ്’ നടപടികൾക്ക് ഓരോ ഫല വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് സെമിനാറിൽ ചർച്ച ചെയ്തു. കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാൻ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ ജെഴ്സി പോലുള്ള ബ്രീഡുകളെ പ്രോത്സാഹിപ്പിക്കണം. കാലിതീറ്റ ലഭ്യതയിൽ സ്വയം പര്യാപ്ത കൈവരിക്കാൻ കഴിയണം. നിലവിൽ കാലിതീറ്റയ്ക്കായി അന്യ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാൽ അവിടങ്ങളിൽ പ്രളയം, വരൾച്ച എന്നീ പ്രകൃതി ദുരന്തങ്ങൾ മൂലം അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറയുകയും അത് മൂലം കാലിതീറ്റയ്ക്ക് വില വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. തീറ്റപുൽ കൃഷിയുടെ ഉൽപാദനം ഒരു പരിധിവരെ ചിലവു കുറഞ്ഞ തീറ്റ ഉൽപാദനത്തെ സഹായിക്കും. പച്ച പുല്ലിനെ സൈലേജായി ദീർഘകാലത്തേക്ക് കന്നുകാലികൾക്ക് ആവശ്യമായ തീറ്റ ലഭ്യമാക്കാൻ കഴിയും.
ജില്ലയിലെ മൃഗസംരക്ഷണ മേഖലയെ സംബന്ധിച്ചിടത്തോളം കാലാവസ്ഥ വ്യതിയാനം പ്രധാന ഭീഷണിയാണ്. കന്നുകാലികളിൽ രോഗങ്ങൾ വർദ്ധിക്കുന്നത് ക്ഷീരമേഖലയിൽ വലിയ പ്രതിസന്ധിയുണ്ടാക്കും. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് കുരങ്ങ് പനി, നിപ്പ പോലുള്ള രോഗങ്ങൾ വർദ്ധിക്കുന്നുണ്ട്. മനുഷ്യരിലും വളർത്തുമൃഗങ്ങളിലും ഉണ്ടാവുന്ന പല പകർച്ചവ്യാധികളും കാലാവസ്ഥ വ്യതിയാനത്തിന്റെ സൃഷ്ടിയാണ്. മൃഗ സംരക്ഷണ മേഖലയിൽ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് സെമിനാർ ആവശ്യപെട്ടു. സെമിനാറിൽ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ഡി. ജോസ് അധ്യക്ഷനായി. മൃഗസംരക്ഷണ വകുപ്പ് റിട്ട. അസിസ്റ്റന്റ് ഡയറക്ടർ ഡോ. അനിൽ സഖറിയ വിഷയാവതരണം നടത്തി. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഉഷാദേവി, ചീഫ് വെറ്റിനറി ഓഫീസർ ഡോ. കെ സുനിൽ, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കെ.എസ് സുനിൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുത്തങ്ങയിൽ കാർ മരത്തിലിടിച്ച് അഞ്ച് പേർക്ക് പരിക്ക്
Next post വയനാട് ചുരത്തിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്.
Close

Thank you for visiting Malayalanad.in