ആദ്യ സ്വർണ്ണക്കടത്ത് ഭർത്താവിന്റെ നിർബന്ധപ്രകാരമെന്ന് ഷഹലയുടെ മൊഴി.

.

മലപ്പുറം: ദുബായിൽനിന്ന് കരിപ്പൂർ വിമാനത്താവളം വഴി ഒന്നരക്കിലോയിലേറെ സ്വർണം കടത്തിയത് ഭർത്താവിന്റെ നിർബന്ധപ്രകാരമെന്ന് യുവതിയുടെ മൊഴി. ഞായറാഴ്ച രാത്രി കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് സ്വർണവുമായി പിടിയിലായ കാസർകോട് സ്വദേശി ഷഹല(19)യാണ് പോലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഞായറാഴ്ച രാത്രി ദുബായിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഷഹല കരിപ്പൂരിലെത്തിയത്. യുവതി സ്വർണം കടത്തുന്നതായി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് കസ്റ്റംസ് പരിശോധന കഴിഞ്ഞ് രാത്രി 11 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മണിക്കൂറുകളോളം ചോദ്യംചെയ്തിട്ടും തന്റെ കൈയിൽ സ്വർണമില്ലെന്നായിരുന്നു ഷഹല ആദ്യം പറഞ്ഞിരുന്നത്. ഓരോ ചോദ്യങ്ങൾക്കും ആത്മധൈര്യം കൈവിടാതെയാണ് യുവതി മറുപടി നൽകിയതെന്നും പോലീസ് പറയുന്നു. താൻ സ്വർണക്കടത്തിന്റെ കാരിയറാണെന്നോ തന്റെ കൈയിൽ സ്വർണമുണ്ടെന്നോ ഒരുഘട്ടത്തിൽ പോലും ഇവർ സമ്മതിച്ചിരുന്നില്ല. ഇതോടെയാണ് പോലീസ് വിശദമായ പരിശോധന നടത്തിയത്.

യുവതിയുടെ ലഗേജുകളായിരുന്നു ആദ്യം പരിശോധിച്ചത്. എന്നാൽ ലഗേജുകളിൽനിന്ന് സ്വർണം കണ്ടെത്താനായില്ല. തുടർന്ന് ദേഹപരിശോധന നടത്തിയതോടെയാണ് ഉൾവസ്ത്രത്തിനുള്ളിൽ അതിവിദഗ്ധമായി തുന്നിച്ചേർത്തനിലയിൽ 1.8 കിലോ സ്വർണം മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ചത് കണ്ടെത്തിയത്.

മൂന്ന് പാക്കറ്റുകളിലായാണ് ഷഹല ഉൾവസ്ത്രത്തിനുള്ളിൽ സ്വർണമിശ്രിതം ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വർണത്തിന് വിപണിയിൽ ഒരു കോടിയോളം രൂപ വിലവരും.

അതേസമയം, ഷഹല ആദ്യമായാണ് സ്വർണം കടത്തുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസിന് ലഭിച്ചവിവരം. കാസർകോട് സ്വദേശിയായ ഭർത്താവിന്റെ നിർബന്ധപ്രകാരമാണ് സ്വർണം കടത്തിയതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും നൽകും.

കസ്റ്റംസിനെ വെട്ടിച്ചാലും പുറത്ത് പോലീസ്, ഇത് 87-ാമത്തെ സ്വർണവേട്ട.

കാസർകോട് സ്വദേശിയായ 19-കാരിയെ അറസ്റ്റ് ചെയ്ത സംഭവം കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന 87-ാമത്തെ സ്വർണക്കടത്ത് കേസാണ്. വിമാനത്താവളത്തിനകത്ത് കസ്റ്റംസിനെ വെട്ടിച്ച് സ്വർണം പുറത്ത് എത്തിച്ചാലും കരിപ്പൂരിൽ പോലീസിന്റെ നിരീക്ഷണവലയമുണ്ടാകും. മിക്ക കേസുകളിലും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്വർണക്കടത്ത് പിടികൂടുന്നത്. എന്നാൽ ഇതെല്ലാം കസ്റ്റംസ് പരിശോധന കഴിഞ്ഞ് വരുന്ന യാത്രക്കാരിൽനിന്നാണെന്നതാണ് ശ്രദ്ധേയം.

കഴിഞ്ഞ ജനുവരിയിൽ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് പോലീസിന്റെ ഹെൽപ് ഡെസ്ക് ആരംഭിച്ചത്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കുകയും സ്വർണക്കടത്ത് തടയുകയുമായിരുന്നു ഹെൽപ് ഡെസ്കിന്റെ പ്രധാന ലക്ഷ്യം. വിമാനത്താവളത്തിന് പുറത്തെ പോലീസ് എയ്ഡ് പോസ്റ്റിന് പുറമേയായിരുന്നു ഹെൽപ് ഡെസ്കിന്റെ പ്രവർത്തനം.
കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘങ്ങളുടെ തട്ടിക്കൊണ്ടുപോകലുകളും കവർച്ചയും പതിവായതോടെയാണ് വിമാനത്താവളത്തിന് പുറത്ത് ഹെൽപ് ഡെസ്ക് ആരംഭിക്കാൻ പോലീസ് തീരുമാനിച്ചത്. 2021ൽ രാമനാട്ടുകരയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് സ്വർണക്കടത്തുമായുള്ള ബന്ധവും ഇതിന് കാരണമായി. പ്രവർത്തനം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ വിമാനത്താവളത്തിന് പുറത്തുവെച്ച് സ്വർണക്കടത്ത് പിടികൂടി പോലീസ് മികവ് കാട്ടി. പിന്നീടങ്ങോട്ട് ഒട്ടേറെ പേരെയാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയത്.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്ന യാത്രക്കാരെയാണ് പോലീസ് സംഘം പ്രധാനമായും നിരീക്ഷിക്കുക. നേരത്തെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലോ എന്തെങ്കിലും സംശയം തോന്നിയാലോ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യും. യാത്രക്കാരെ സ്വീകരിക്കാനെത്തുന്നവരും പോലീസിന്റെ നിരീക്ഷണവലയത്തിലുണ്ടാകും.

അടുത്തിടെ സ്വർണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ പിടികൂടിയതും പോലീസിന്റെ നേട്ടമായിരുന്നു. രണ്ട് യാത്രക്കാർ വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന സ്വർണം കൈമാറുന്നതിനിടെയാണ് കസ്റ്റംസ് സൂപ്രണ്ടായ മുനിയപ്പയെ പോലീസ് പിടികൂടിയത്. ഏകദേശം 25,000 രൂപയായിരുന്നു മുനിയപ്പയുടെ ‘കടത്തുകൂലി’. കള്ളക്കടത്ത് തടയാൻ വിമാനത്താവളത്തിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനെ കള്ളക്കടത്ത് സ്വർണവുമായി പോലീസ് വിമാനത്താവളത്തിന് പുറത്തുവെച്ചാണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രധാനമന്ത്രിയുടെ സഹോദരനും കുടുംബവും അപകടത്തിൽപ്പെട്ടു
Next post കൽപ്പറ്റ നഗരത്തിലെ ലിങ്ക് റോഡ് വിവാദം:അനുമതിയോടെ റോഡ് നിർമ്മിക്കണമെന്ന് പരാതിക്കാർ
Close

Thank you for visiting Malayalanad.in