ഒരു മാസത്തിനിടെ രണ്ടാമത്തെ കടുവയും കൂട്ടിൽ : ഇനിയും ആശങ്കയൊഴിയാതെ വയനാട്.

ബത്തേരി: ഒരു മാസത്തിനിടെ രണ്ടാമത്തെ കടുവയും കൂട്ടിലായി. ആശങ്കയൊഴിയാതെ വയനാട്. പൊന്‍മുടിക്കോട്ടയില്‍ കൂട്ടിലായ കടുവയെ ബത്തേരി കുപ്പാടിയിലെ പരിപാലന കേന്ദ്രത്തിലേക്കു മാറ്റി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് കടുവയെ നിരീക്ഷിച്ചുവരുന്നത്. വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ഇന്നു പുലര്‍ച്ചെയാണ് കടുവ കുടുങ്ങിയത്. അമ്പലവയല്‍ പഞ്ചായത്തില്‍ സൗത്ത് വയനാട് വനം ഡിവിഷന്‍ പരിധിയിലാണ് പൊന്‍മുടിക്കോട്ട. ആഴ്ചകളായി ശല്യം ചെയ്യുന്ന കടുവയെ പിടികൂടുന്നതിനു പൊന്‍മുടിക്കോട്ട ക്ഷേത്രത്തിനു സമീപം ജനവാസ കേന്ദ്രത്തോടു ചേര്‍ന്നാണ് കൂട് സ്ഥാപിച്ചത്. പത്തു വയസ് പ്രായമുള്ള പെണ്‍കടുവയാണ് കൂട്ടിലായതെന്നു സൗത്ത് വയനാട് ഡി.എഫ്.ഒ. എ. ഷജ്‌ന പറഞ്ഞു. മീനങ്ങാടി, കൃഷ്ണഗിരി, റാട്ടക്കുണ്ട്, മൈലമ്പാടി, മണ്ഡകവയല്‍, ആവയല്‍, ചൂരിമല പ്രദേശങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് ജനങ്ങളെ ഭീതിപരത്തിയ കടുവയാണ് കൂട്ടിലായതെന്നു സ്ഥിരീകരിച്ചതായി ഡി.എഫ്.ഒ. പറഞ്ഞു. എന്നാൽ പലയിടത്തും ഇപ്പോഴും കടുവ ഭീതി ഒഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ വടക്കേവയനാടിൻ്റെ പല ഭാഗത്തും പുലിയുടെ കാൽപ്പാടുകൾ കണ്ടതായി നാട്ടുകാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *