കല്‍പ്പറ്റ ജനറല്‍ ആശുപത്രി ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക്

കല്‍പ്പറ്റ: കല്‍പ്പറ്റ ജനറല്‍ ആശുപത്രി ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നതിന് ഭാഗമായുള്ള യു.എച്ച്. ഐ. ഡി ( ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ ) കാര്‍ഡ് വിതരണം ആരംഭിച്ചു. ഇനി മുതല്‍ ആശുപത്രിയിലെ ഒ. പി യില്‍ വരുന്നവര്‍ യു. ഏച്ച്. ഐ. ഡി കാര്‍ഡ് കൈപ്പറ്റുന്നതിനായി ആധാര്‍ കാര്‍ഡ് കൊണ്ട് വരണം. കാര്‍ഡിന്റെ ഫീസായി രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ പത്തു രൂപ അടക്കുകയും വേണം. യു.എച്ച്. ഐ. ഡി കാര്‍ഡ് വാര്‍ഡ് തല വിതരണോദ്ഘാടനം കല്‍പ്റ്റ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ശ്രീ കേയംതോടി മുജീബിന് നല്കി നിര്‍വഹിച്ചു.ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. അഡ്വ. എ. പി. മുസ്തഫ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ മുകുന്ദന്‍ സ്വാഗതം പറഞ്ഞു. കല്‍പ്പറ്റ നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ടി. ഐസക്, കൗണ്‍സിലര്‍ മണി, എ. കെ. സുരേന്ദ്രന്‍, ഇ-ഹെല്‍ത്ത് ജില്ലാ പ്രോജക്ട് എന്‍ജിനീയര്‍ ഷിന്റോ എന്നിവര്‍ സംസാരിച്ചു.
എന്താണ് യു.എച്ച്.ഐഡി കാര്‍ഡ് ഈ
ഹെല്‍ത്ത് കേരള സംവിധാനം നടപ്പാക്കുന്നതിന്റെ രണ്ടാം ഘട്ടമായാണ് യു എച്ച് ഐ ഡി കാര്‍ഡ് വിതരണം ചെയ്യുന്നത്. ആരോഗ്യം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കടലാസ് രഹിതമാക്കുന്നത് വഴി സമയലാഭവും രോഗിസൗഹൃദമായ മെച്ചപ്പെട്ട ചികിത്സാ സൗകര്യവും ആണ് ലക്ഷ്യമിടുന്നത്. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒറ്റത്തവണ രജിസ്‌ട്രേഷന്‍ സംവിധാനത്തിലൂടെ ഇ-ഹെല്‍ത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓരോ പൗരന്റെയും മുഴുവന്‍ ആരോഗ്യ വിവരങ്ങളും ഇലക്ട്രോണിക് റെക്കോര്‍ഡ് ആയി ക്രോഡീകരിച്ച് സൂക്ഷിക്കും. വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ആദ്യപടിയായി ആധാര്‍ അധിഷ്ഠിത സര്‍വ്വേ നടത്തി.സര്‍വ്വേ 80- ശതമാനത്തോളം പൂര്‍ത്തിയാക്കി കഴിഞ്ഞു.പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളും കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് വഴി ബന്ധിപ്പിക്കും. ക്രോഡീകരിച്ച വ്യക്തിഗത വിവരങ്ങള്‍ ഏത് ആശുപത്രിയിലെ കമ്പ്യൂട്ടറിലും ലഭിക്കുമെന്നതിനാല്‍ ഒറ്റത്തവണ രജിസ്‌ട്രേഷനിലൂടെ യു.എച്ച്.ഐഡി .കാര്‍ഡ് ലഭിച്ചിട്ടുള്ള ഏതൊരാള്‍ക്കും തുടര്‍ ചികിത്സയും ആശുപത്രി സേവനങ്ങളും ആയാസരഹിതമാകും. സമയനഷ്ടം ഒഴിവാക്കി അടുത്ത തവണ ഡോക്ടറെ കാണുന്നതിനുള്ള തീയതിയും സമയവും രേഖപ്പെടുത്തിയ അഡ്വാന്‍സ് ടോക്കണ്‍ വരെ ലഭിക്കുന്ന തരത്തിലാണ് ഇ- ഹെല്‍ത്തില്‍ സംവിധാനം ഒരുക്കുന്നത്. ഓരോ വ്യക്തിയുടെയും ആരോഗ്യപശ്ചാത്തലം യു എച്ച് ഐഡി വഴി ഇ -ഹെല്‍ത്ത് വിവരശൃംഖലയില്‍ നിന്ന് ഏത് സര്‍ക്കാര്‍ ആശുപത്രിയിലും ലഭ്യമാകും. അതുവഴി ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ അസുഖ വിവരങ്ങള്‍ പരിശോധന റിപ്പോര്‍ട്ടുകള്‍ എന്നിവയെല്ലാം വിരല്‍ത്തുമ്പില്‍ ലഭിക്കും.കൃത്യമായ ചികിത്സ സമയ നഷ്ടമില്ലാതെ നിര്‍ദ്ദേശിക്കാന്‍ ഇതിലൂടെ സാധിക്കുകയും ചെയ്യും. ഏകീകൃത നെറ്റ്വര്‍ക്ക് സംവിധാനത്തിലൂടെ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന പരിശോധനകളുടെയും കുറിക്കുന്ന മരുന്നുകളുടെയും വിവരങ്ങള്‍ ബന്ധപ്പെട്ട ലാബിലേക്കും ഫാര്‍മസിയിലേക്കും അപ്പപ്പോള്‍ എത്തുന്നത് വഴി അതത് ഇടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ ജോലി സുഗമമായി നിര്‍വഹിക്കാനും സാധിക്കും. ഒരു പടി കൂടി കടന്നു ഓണ്‍ലൈനായി ഡോക്ടറുടെ സേവനം തേടാവുന്ന ടെലി മെഡിസിന്‍ സംവിധാനവും ഇ – ഹെല്‍ത്ത് കേരളയുടെ ഭാഗമായി ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Previous post ബാലാവകാശ വാരാചരണത്തിന് 14 ന് തുടക്കം.
Next post ലഹരിക്കെതിരെ ബോധവത്ക്കരണവുമായി യുവജനതാദള്‍ (എസ്)
Close

Thank you for visiting Malayalanad.in