ബാലാവകാശ വാരാചരണത്തിന് 14 ന് തുടക്കം.

ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി നവംബര്‍ 14 മുതല്‍ കുട്ടികളുടെ അന്താരാഷ്ട്ര ദിനമായ നവംബര്‍ 20 വരെ ജില്ലാ ഭരണകൂടം, യൂണിസെഫ് എന്നിവയുടെ സഹകരണത്തോടെ ചൈല്‍ഡ്ലൈന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ‘സ്പോര്‍ട്ട്സ് ഫോര്‍ ഡവലപ്പ്്്മെന്റ് ആക്ഷന്‍ ഫോര്‍ ചില്‍ഡ്രന്‍, ബൈ ചില്‍ഡ്രന്‍’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ബാലസൗഹ്യദ പഞ്ചായത്ത് എന്നീ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വാരാചരണത്തില്‍ മുന്‍തൂക്കം നല്‍കും. ജില്ലയിലെ 5 ആശ്രമ വിദ്യാലയങ്ങളില്‍ സ്പോര്‍ട്ട്സ് കിറ്റ്, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവയുടെ വിതരണവും അനുബന്ധ ഗെയിംസ് ഇനങ്ങളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും.
കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എ. ഗീത ലോഗോ പ്രകാശനം ചെയ്തു. ചൈല്‍ഡ്ലൈന്‍ പ്രൊജക്ട് ഡയറക്ടര്‍ സി.കെ.ദിനേശന്‍, കോര്‍ഡി നേറ്റര്‍ പി.ടി. അനഘ, ടീം അംഗങ്ങളായ ലില്ലിതോമസ്, സതീഷ്‌കുമാര്‍, പി.വി സബിത, ശ്രേയസ് തദ്ദേവൂസ് എന്നിവര്‍ പങ്കെടുത്തു.
*പത്താം തരം തുല്യത പരീക്ഷ;* *ജില്ലയില്‍ 96.8 ശതമാനം വിജയം*
പത്താം തരം തുല്യതാ പരീക്ഷയില്‍ ജില്ലയില്‍ 96.80 ശതമാനം വിജയം. മൂന്ന് സ്‌ക്കൂളുകളില്‍ പഠിച്ച മുഴുവന്‍ തുല്യത പഠിതാക്കളും എല്ലാ വിഷയങ്ങളിലും വിജയിച്ചു. സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്‌ക്കൂള്‍, മേപ്പാടി ജി.എച്ച്.എസ്.എസ്, അച്ചൂര്‍ ജി.എച്ച്.എസ്.എസ് സ്‌കൂളുകളില്‍ പഠിച്ചവരാണ് എല്ലാ വിഷയങ്ങള്‍ക്കും ഡി പ്ലസ് നേടിയത്. ആകെ ഒന്‍പത് വിഷയങ്ങളിലാണ് പരീക്ഷ നടന്നത്. 80 മാര്‍ക്ക് എഴുത്ത് പരീക്ഷക്കും 20 മാര്‍ക്ക് നിരന്തര മൂല്യനിര്‍ണയത്തിനുമാണ്്. വിജയികള്‍ക്ക് സാക്ഷരതാ മിഷന്റെ ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്‌സില്‍ ചേരാം. ജില്ലയില്‍ നിന്ന് എസ്.ടി വിഭാഗത്തില്‍ 44 പേരാണ് പരീക്ഷ എഴുതി പാസായിരിക്കുന്നത്. വിജയികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അഭിനന്ദിച്ചു.
*ജില്ലാ ടി.ബി എലിമിനേഷന്‍ ബോര്‍ഡ് യോഗം ചേര്‍ന്നു*
ജില്ലാ ടി.ബി എലിമിനേഷന്‍ ബോര്‍ഡ് യോഗം ഡെപ്യൂട്ടി കളക്ടര്‍ വി. അബൂബക്കറിന്റെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്നു. മുഴുവന്‍ കോളനികളിലും ടി.ബി കണ്ടെത്തുന്നതിനായി സ്‌ക്രീനിംഗ് ക്യാമ്പുകള്‍ നടത്താനും ഡിസംബര്‍ മാസം അവസാനത്തോടെ സ്‌ക്രീനിംഗ് നടപടികള്‍ പൂര്‍ത്തി യാക്കാനും യോഗത്തില്‍ തീരുമാനമായി. ലേബര്‍ വകുപ്പുമായി സഹകരിച്ച് അതിഥി തൊഴിലാളികള്‍ക്കായും വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കുട്ടികളിലും സ്‌ക്രീനിംഗ് ക്യാമ്പുകള്‍ നടത്തും.
മാസത്തില്‍ രണ്ട് തവണയെങ്കിലും ടി.ബി യൂണിറ്റുകളിലെയോ, പി.എച്ച്.സികളിലെയോ മെഡിക്കല്‍ ഓഫീസര്‍ മാര്‍ ടി.ബി രോഗികളെ നേരിട്ട് കണ്ട് ആരോഗ്യസ്ഥിതി വിലയിരുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. പി.ദിനീഷ് നിര്‍ദ്ദേശിച്ചു. ടി.ബി നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഐസി.ഡി.എസ് പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ക്ക് പരിശീലനം നല്‍കും. ടി.ബി രോഗികളായ ഗോത്രവര്‍ഗ്ഗകാര്‍ക്ക് ബാങ്ക് അക്കൗണ്ട് ഉറപ്പാക്കന്‍ ട്രൈബല്‍ വകുപ്പിന് യോഗം നിര്‍ദ്ദേശം നല്‍കി. ടി.ബി രോഗികളെ അഡോപ്റ്റ് ചെയ്ത് അവര്‍ക്കാവശ്യമായ മരുന്നുകളും, നൂട്രീഷന്‍ കിറ്റുകളും നല്‍കുന്ന നിക്ഷയ് മിത്ര രജിസ്‌ട്രേഷന്‍ പ്രോത്സാഹിപ്പിക്കും. ടി.ബി രോഗികള്‍ക്ക് നൂട്രീഷന്‍ സപ്പോര്‍ട്ട് നല്‍കുന്നതിനായി സ്‌പോണ്‍സേഴ്‌സിനെ കണ്ടെത്താനും ധാരണയായി. നിലവില്‍ ഫ്യൂജി ഫിലിംസ് വയനാട്ടിലെ ടി. ബി രോഗികള്‍ക്ക് നൂട്രീഷന്‍, യാത്രാ സഹായങ്ങളും നല്‍കുന്നുണ്ട്.
യോഗത്തില്‍ ജില്ലാ ടി.ബി ഓഫീസര്‍ ഡോ. കെ.വി സിന്ധു, ഡബ്ല്യൂ എച്ച് ഒ കണ്‍സള്‍ട്ടറ്റന്റ് ഡോ.ഗായത്രി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനന്‍, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.സി ബാലന്‍, ടി.ബി എച്ച്.ഐ.വി കോര്‍ഡിനേറ്റര്‍ ടി.ജോണ്‍സണ്‍, എ.വിജയനാഥ്, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
*അറ്റന്റര്‍ നിയമനം*
ഹോമിയോപ്പതി വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അറ്റന്റര്‍മാരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച നവംബര്‍ 18 ന് രാവിലെ 11 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടക്കും. ഏതെങ്കിലും ഹോമിയോ സ്ഥാപനത്തില്‍ നിന്നുള്ള അറ്റന്റര്‍ തസ്തികയില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍:04936 205949
*നിയമനം*
മീനങ്ങാടി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ആയുര്‍ ആരോഗ്യ സൗഖ്യം പദ്ധതിയ്ക്കായി ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ഡയറ്റീഷ്യന്‍, ഫാര്‍മസിസ്റ്റ് എന്നിവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത – ഡോക്ടര്‍ : എം.ബി.ബി.എസ് /ടി.എം.സി രജിസ് ട്രേഷന്‍., സ്റ്റാഫ് നഴ്‌സ്: ബി.എസ്.സി.നഴ്‌സിംഗ്/ജി.എന്‍.എം, ഡയറ്റീഷ്യന്‍: അംഗീകൃത ബി.എസ്.സി/ എം.എസ്.സി ഫുഡ് ആന്‍ഡ് ന്യൂട്രീഷ്യന്‍ സര്‍ട്ടിഫിക്കറ്റ.്, ഫാര്‍മസിസ്റ്റ:് അംഗീകൃത ബി.ഫാം /ഡി.ഫാം ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യതയുടെ അസ്സല്‍ രേഖകളും സഹിതം നവംബര്‍ 21 ന് രാവിലെ 10.30 നകം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായ പി.ജെ ബേബി (65) നിര്യാതനായി
Next post കല്‍പ്പറ്റ ജനറല്‍ ആശുപത്രി ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക്
Close

Thank you for visiting Malayalanad.in