
അന്താരാഷ്ട്ര ടെലിമെഡിസിൻ സമ്മേളനം” ടെലിമെഡിക്കോൺ 2022 ‘ നാളെ മുതൽ കൊച്ചിയിൽ
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ലോകാരോഗ്യ സംഘടനാ പ്രതിനിധികൾ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുക്കുന്നുണ്ട്. ടെലിമെഡിസിനിലൂടെയും ഡിജിറ്റൽ ഹെൽത്തിലൂടെയും ആരോഗ്യ സംവിധാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയെന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം. ടെലിമെഡിസിൻ ആൻഡ് ഡിജിറ്റൽ ഹെൽത്ത്, ഐഒഎംടി, ടെലി-ഐസിയു മോണിറ്ററിംഗ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കൊപ്പം ടെലിമെഡിസിന്റെ ഇന്നത്തെയും നാളത്തെയും സാധ്യതകൾ, ചികിത്സയുടെ രഹസ്യാത്മകതയുൾപ്പെടെ ഇതുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങൾ തുടങ്ങിയവയെപ്പറ്റി സമ്മേളനം വിശദമായി ചർച്ച ചെയ്യും. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേംനായർ ആണ് സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർമാൻ. ടെലിമെഡിസിൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ഘടകം പ്രസിഡന്റ് കൂടി ആണ് അദ്ദേഹം.
ടെലിമെഡിസിൻ ഉപയോഗിക്കുന്ന രോഗികളുടെ എണ്ണത്തിൽ പത്ത് മടങ്ങോളം വർധനയുണ്ടായിട്ടുണ്ടെന്ന് ഡോ. പ്രേം നായർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡിന് ശേഷം കൂടുതൽ രോഗികൾ ടെലി മെഡിസിൻ സംവിധാനത്തെ ആശ്രയിക്കുന്നുണ്ട്. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ടെലിമെഡിസിൻ സൗകര്യം ജനകീയവത്കരിക്കുന്നതിനെ കുറിച്ച് സമ്മേളനം ചർച്ച ചെയ്യും. അവശ്യ ഘട്ടങ്ങളിൽ മാത്രം ആശുപത്രി സന്ദർശനം സാധ്യമാക്കി രോഗികൾക്ക് ഏറ്റവും സൗകര്യപ്രദമായി ചികിത്സ ലഭ്യമാക്കാൻ ടെലിമെഡിസിൻ സംവിധാനത്തിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നെറ്റ്‌വർക്ക് സംവിധാനത്തിന്റെ അപര്യാപ്തതയാണ് ഗ്രാമപ്രദേശങ്ങളിൽ ടെലിമെഡിസിൻ പൂർണതോതിൽ നടപ്പാക്കാൻ പ്രധാനതടസമെന്നും 5 ജി സേവനങ്ങളും ഐ എസ് ആർ ഒയുടെ പുത്തൻ സാങ്കേതികവിദ്യയും ഈ പ്രതിസന്ധി തരണം ചെയ്യാൻ സഹായിക്കുമെന്നും ടെലിമെഡിക്കോൺ ഓർഗനൈസിംഗ് സെക്രട്ടറി എം.ജി ബിജോയ് പറഞ്ഞു. ജനസംഖ്യയുടെ എൺപത് ശതമാനത്തിലേറെ പേർ സ്മാർട്ട് ഫോൺ ഉള്ളവരായതിനാൽ ടെലിമെഡിസിൻ സേവനങ്ങൾ പ്രയാസം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെലിമെഡിസിൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ഘടകം ആണ് പരിപാടിയുടെ സംഘാടകർ. For more Information , Please contact: sarithaiv@am.amrita.edu ,9778689817/9946025443