
വിഷം കലർത്തി ഷാരോണിനെ കൊന്നെന്ന് ഗ്രീഷ്മ സമ്മതിച്ചു :പിന്നിൽ അന്ധവിശ്വാസമെന്ന് അമ്മ.
പാറശ്ശാല സ്വദേശി ഷാരോണിന്‍റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഷാരോണിൻ്റെ പെൺസുഹൃത്ത് ഗ്രീഷ്മയുടെ കുറ്റസമ്മതത്തിന് തൊട്ടു പിന്നാലെ പ്രതികരിച്ച് ഷാരോണിന്‍റെ അമ്മ. തന്‍റെ ആദ്യ ഭർത്താവ് മരിക്കുമെന്ന് പെൺകുട്ടിയുടെ ജാതകത്തിൽ ഉണ്ടായിരുന്നുവെന്നും ഷാരോൺ കൊല്ലപ്പെട്ടത് അന്ധവിശ്വാസം മൂലമാണെന്നും അമ്മ പറഞ്ഞു. കേസിലെ പ്രതിയായ ഗ്രീഷ്മ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചതിനെ തുടർന്നാണ് ഇവരുടെ പ്രതികരണം.
‘ഷാരോണും ഗ്രീഷ്മയും ഒരു വർഷമായി പ്രണയത്തിലായിരുന്നു. അക്കാലത്ത് ഗ്രീഷ്മയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് മകൻ പറയാറുണ്ടായിരുന്നു. ഗ്രീഷ്മയുടെ ആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതകത്തിൽ ഉണ്ട്. ഷാരോൺ ഗ്രീഷ്മയെ വീട്ടിൽ വച്ച് താലി കെട്ടുകയും സിന്ദൂരമണിയിക്കുകയും ചെയ്തിരുന്നു. അങ്ങനെയെങ്കിൽ ആദ്യ ഭർത്താവ് ഷാരോൺ ആണ്’ അമ്മ പറഞ്ഞു.
നീണ്ട ചോദ്യം ചെയ്യലിനും അനിശ്ചിതത്വത്തിനുമൊടുവിലാണ് പാറശ്ശാല സ്വദേശി ഷാരോണിന്‍റെ ദുരൂഹമരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. പെൺകുട്ടിയെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരം പൊലീസിന് ലഭിച്ചത്. .