പോറ്റിയേ കേറ്റിയേ’ ; പാരഡി ഗാനം കേസായേക്കും, പരാതി എഡിജിപിക്ക് കൈമാറി


തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൈറലായ പോറ്റിയേ കേറ്റിയേ പാരഡി ഗാനത്തിന് എതിരെ കേസെടുത്തേക്കും. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതി അദ്ദേഹം എഡിജിപിക്ക് കൈമാറി. കേസെടുക്കാന്‍ വകുപ്പുണ്ടോയെന്ന് പരിശോധിക്കും. പാട്ടിനെതിരെ സിപിഎമ്മും നടപടി ആവശ്യപ്പെട്ടിരുന്നു.
പാട്ട് ദുരുപയോഗം ചെയ്തതില്‍ നടപടി വേണമെന്നും രാഷ്ട്രീയ ലാഭത്തിനു വേണ്ടി അയ്യപ്പന്‍റെ പേര് ഉപയോഗിച്ചെന്നും ആണ് പരാതിയിൽ പറയുന്നത്. പാട്ട് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും അയ്യപ്പനെ നിന്ദിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് ഗാനമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞിരുന്നു.
‘‘ഏതു മതത്തിന്റെ ഭക്തിഗാനത്തെ സംബന്ധിച്ചും പാരഡികൾ പാടില്ല. അത് മതവികാരം വൃണപ്പെടുത്തും. ശബരിമലയിലെ അയ്യപ്പ സ്വാമിയെ സംബന്ധിച്ച് അത്തരമൊരു പാരഡി ഇറക്കാൻ പാടില്ലായിരുന്നു. അയ്യപ്പനെപ്പറ്റിയുള്ള ശരണമന്ത്രത്തെയാണ് ദുരുപയോഗം ചെയ്തത്. പാരഡി ഗാനത്തിന് എതിരെ തിരുവാഭരണ സംരക്ഷണ സമിതി പരാതി കൊടുത്തിട്ടുണ്ടെങ്കിൽ‌ വളരെ ഗൗരവത്തിൽ അന്വേഷണം നടക്കണം’’– രാജു എബ്രഹാം പറഞ്ഞു. ഗാനത്തിന് എതിരെ രാജ്യസഭാ എംപി എ.എ.റഹീമും രംഗത്തെത്തി.
ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റി സ്വര്‍ണം ചെമ്പായി മാറ്റിയെന്നും സഖാക്കളാണ് സ്വര്‍ണം കട്ടതെന്നുമാണ് പാട്ടിൽ പറയുന്നത്. അയ്യപ്പ ഭക്തിഗാനത്തിന്‍റെ പാരഡിയില്‍ ഖത്തറിൽ ജോലി ചെയ്യുന്ന നാദാപുരം ചാലപ്പുറം സ്വദേശി ജി.പി.കുഞ്ഞബ്ദുല്ലയാണ് പാട്ടെഴുതിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സിരി ഭൂവലെെയം –   ചരിത്രത്തെ പുതുക്കി എഴുതുന്ന ബഹുഭാഷാ വിസ്മയം – ഡോ. ഡി. തേജസ്വിനി
Next post ഷീ പവർ 2025′ വനിതാ ഉച്ചകോടി 18-ന് കൊച്ചിയിൽ
Close

Thank you for visiting Malayalanad.in