കെ. രവീന്ദ്രൻ എന്ന രവിയേട്ടൻ ഇനി ഓർമ്മ: മൃതദേഹം നാളെ വിംസ് മെഡിക്കൽ കോളേജിന് കൈമാറും

സി.വി. ഷിബു. കൽപ്പറ്റ:
വയനാടിന്റെ ടൂറിസം മേഖലക്ക് കരുത്തേകിയ ആദ്യ കാല ടൂറിസം സംരംഭകൻ പൊഴുതന കെ. രവീന്ദ്രൻ വിട വാങ്ങി. നാടിന്റെ നന്മക്ക് വേണ്ടി സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിച്ച അദ്ദേഹം മൃതദേഹം വിദ്യാർത്ഥികളുടെ പഠനത്തിനായി സ്വകാര്യ മെഡിക്കൽ കോളേജിന് വിട്ട് നൽകിയാണ് വിടപറഞ്ഞത്. പൊതുദർശനത്തിന് ശേഷം ബന്ധുക്കൾ നാളെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം കൈമാറും.
വയനാട് ജില്ലയിൽ ഇത്രയധികം ടൂറിസത്തിന് വളർച്ച ഇല്ലാതിരുന്ന ഒരു കാലത്താണ് പൊഴുതനയിലെ കെ രവീന്ദ്രൻ എന്ന കരിമത്തിൽ രവിയേട്ടൻ ജില്ലയിലെ ആദ്യത്തെ ഹോംസ്റ്റേ ആരംഭിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ടൂറിസം മേഖല അതിവേഗം പുരോഗമിക്കുകയാണെന്നും വയനാടിന്റെ കാർഷിക മേഖലയ്ക്ക് കരുത്തേകാൻ ടൂറിസം മേഖലയ്ക്ക് കഴിയുമെന്നും അദ്ദേഹം സമൂഹത്തെ ബോധ്യപ്പെടുത്തി. വീടിനോട് ചേർന്ന് രണ്ട് മുറികൾ വയനാട്ടിൽ വിരുന്നെത്തുവർക്ക് താമസം ഒരുക്കാനായി മാറ്റിവെച്ചു. തൻറെ വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം താമസക്കാർക്ക് നൽകി. അങ്ങനെ ഹോംസ്റ്റേ എന്ന സങ്കല്പം യാഥാർത്ഥ്യമാക്കി. പിന്നീട് പലരും ജില്ലയിലാകെ ധാരാളം ഹോംസ്റ്റേകൾ ആരംഭിച്ചു. 20 വർഷങ്ങൾക്കു മുമ്പ് റിസോർട്ടുകളുടെ നിർമ്മാണം ആരംഭിച്ചതോടെ വിവിധ സംരംഭകരെ ചേർത്ത് വയനാട് ടൂറിസം ഓർഗനൈസേഷൻ എന്ന സംഘടന രൂപീകരിച്ചു. തികഞ്ഞ പരിസ്ഥിതി സ്നേഹിയായിരുന്ന അദ്ദേഹം മികച്ചൊരു കർഷകൻ കൂടിയായിരുന്നു . കർഷകർക്ക് കൃഷിയിൽ നിന്നുള്ള വരുമാനത്തിനൊപ്പം ടൂറിസത്തിൽ നിന്നും വരുമാനം ലഭിക്കാൻ ഫാം ടൂറിസം നടപ്പാക്കണം എന്ന് ആവശ്യവുമായി സർക്കാരിനെ സമീപിച്ചു. കാലക്രമേണ അതും യാഥാർത്ഥ്യമായി.

രവിയേട്ടന്റെ നേതൃത്വത്തിൽ ടൂറിസം സംരംഭങ്ങളും സംഘടനയും വളർന്നു. മഴക്കാലത്ത് തീരെ വിനോദസഞ്ചാരികൾ വരാതിരുന്ന വയനാട്ടിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതിന് മഴക്കാല ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വാർത്താക്കളുമായി ചേർന്ന് നടപടികൾ സ്വീകരിച്ചു. ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച വയനാട് മഴ മഹോത്സവം അഥവാ സ്പ്ലാഷിന്റെ സംഘാടകരിൽ ഒരാളും കെ രവീന്ദ്രനായിരുന്നു. ഒരു ദിവസം മരണം തന്നെ വന്നു വിളിക്കുമെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് അദ്ദേഹം മരണശേഷം മൃതദേഹം സംസ്കരിക്കരുതെന്നും പഠന ആവശ്യത്തിനായി വിട്ടു നൽകണമെന്നും ബന്ധുക്കളോട് പറഞ്ഞു. മക്കളുടെ കൂടി സമ്മതത്തോടെ രവീന്ദ്രനും ഭാര്യ രമയും മരണാനന്തരം തങ്ങളുടെ മൃതദേഹങ്ങൾ മേപ്പാടി വിംസ് മെഡിക്കൽ കോളേജിന് വിട്ടു നൽകാൻ സമ്മതപത്രം നൽകി. ഇതനുസരിച്ച് 85ആം വയസ്സിൽ നിര്യാതനായ രവിയേട്ടന്റെ മൃതദേഹം നാളെ പൊതുദർശനത്തിനുശേഷം പഠനത്തിനായി മേപ്പാടിയിലേക്ക് കൊണ്ടുപോകും. സമൂഹത്തിൻറെ നാനാതുറകളിൽ പെട്ടവർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ വീട്ടിലെത്തിയിരുന്നു. വയനാടിനെ ലോക ടൂറിസം ഭൂപടത്തിലേക്കെത്തിച്ച മികച്ചൊരു സംഘാടകനാണ് ഇനി ഓർമ്മയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട: ഒരു കോടി 11 ലക്ഷം രൂപ പിടികൂടി.
Next post ദേശീയപാത തകരാന്‍ കാരണം നിര്‍മ്മാണത്തിലെ ഗുരുതരവീഴ്ച;  സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല: സണ്ണി ജോസഫ് എം എല്‍ എ
Close

Thank you for visiting Malayalanad.in