പട്ടികവർഗ വിദ്യാർത്ഥികളുടെ പ്ലസ് വൺ പ്രവേശനം ഉറപ്പ് വരുത്തണം : കെ എസ് ടി സി

കൽപ്പറ്റ : വയനാട് ജില്ലയിലെ പത്താം ക്ലാസ് പാസ്സായ മുഴുവൻ പട്ടികവർഗ വിദ്യാർത്ഥികളുടെയും പ്ലസ് വൺ പ്രവേശനം ഉറപ്പു വരുത്തണമെന്ന് കേരളാ സ്റ്റേറ്റ് ടീച്ചേഴ്സ് സെൻ്റർ ( കെ എസ് ടി സി ) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മുൻ കളക്ടർ കേശവേന്ദ്രകുമാർ ഐ എ എസിൻ്റെ കാലത്ത് ഇതിനായി സ്പെഷ്യൽ അലോട്ട്മെൻ്റ് സംഘടിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള ഇടപെടലുകൾ വിദ്യാഭ്യാസ വകുപ്പിൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും പട്ടികവർഗ വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ അടിയന്തരമായി ഉണ്ടാകണം.
ജില്ലയിൽ പത്താം ക്ലാസ് പാസ്സായവരിൽ പതിനെട്ട് ശതമാനത്തോളം പട്ടികവർഗ വിദ്യാർത്ഥികളാണ് എന്നാൽ എട്ടു ശതമാനം സംവരണം മാത്രമാണ് ഈ വിഭാഗത്തിന് ലഭ്യമായിട്ടുള്ളത്. അതിനാൽ ധാരാളം വിദ്യാർത്ഥികൾ പ്രവേശനം ലഭിക്കാതെ പുറത്ത് നിൽക്കുകയാണ്. പ്രവേശനം ലഭിച്ചവരിൽ തന്നെ ഭൂരിഭാഗം പേർക്കും വീടിനടുത്തുള്ള സ്കൂളിലും ഇഷ്ടപ്പെട്ട വിഷയത്തിലുമല്ല പ്രവേശനം ലഭിച്ചിരിക്കുന്നത്. ഈ കാരണം കൊണ്ടാണ് ഹയർ സെക്കണ്ടറി ക്ലാസ്സുകളിൽ നിന്നും ഈ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ വലിയ കൊഴിഞ്ഞ് പോക്ക് നടക്കുന്നത്. മുൻ ക്ലാസ്സുകളിൽ ഇവർക്ക് ലഭ്യമാകുന്ന വാഹന സൗകര്യം, സൗജന്യ പാഠപുസ്തകങ്ങൾ, സൗജന്യ യൂണിഫോം, പ്രഭാത ഭക്ഷണം തുടങ്ങിയ പിന്തുണാ സംവിധാനങ്ങൾ ഹയർസെക്കണ്ടറി തലത്തിൽ നിലവിൽ ലഭ്യമല്ലാത്തതും കൊഴിഞ്ഞ് പോക്കിന് കാരണമാകുന്നുണ്ട്. ഇക്കാര്യത്തിലും പരിഹാരം ഉണ്ടാകേണ്ടതുണ്ട്.
ഷാനവാസ് ഓണാട്ട് അധ്യക്ഷത വഹിച്ചു. എ എ സന്തോഷ് കുമാർ, പി ജെ ജോമിഷ്, സിജോയ് ചെറിയാൻ, പി ആർ ദിവ്യ, എ വൈ നിഷാല , വി കെ കൃഷ്ണപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post 680 ഗ്രാം ഭാരവുമായി  ജനിച്ച കുട്ടിയുടെ ജീവൻ നിലനിർത്തി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്
Next post കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി
Close

Thank you for visiting Malayalanad.in