
താമരശ്ശേരി ചുരത്തിൽ വൻ വാഹനതിരക്ക്: ഇന്നും ഗതാഗതനിയന്ത്രണം
കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ വാഹനങ്ങളുടെ തിരക്ക് വർദ്ധിച്ചു. ഇന്നും അർദ്ധരാത്രി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
വാഹനതിരക്കു കാരണം തുടർച്ചയായി രണ്ടാം ദിവസമാണ് താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയും അവധി ദിവസങ്ങളിലും സാധാരണ താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക് പതിവാണ്. മണിക്കൂറുകളാണ് ആളുകൾ ചുരത്തിൽ കുടുങ്ങുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് മുൻ അനുഭവങ്ങൾ ഒഴിവാക്കാൻ ഇന്നലെയും ഇന്നും നിയന്ത്രണം ഏർപ്പെടുത്തിയത്.
സഞ്ചാരികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുകയും പാർക്കിംഗും ഫോട്ടോഷൂട്ടും നിയന്ത്രിക്കുകയും ചെയ്തു.
തിരക്കുള്ള സമയങ്ങളിൽ ചുരത്തിൽ അനധികൃത പാർക്കിങ്ങും, കൂട്ടം കൂടി നില്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
പെരുന്നാൾ പ്രമാണിച്ച് വിനോദ സഞ്ചാരികൾ വാഹനങ്ങളിൽ കൂട്ടമായി എത്തി ചുരത്തിൽ ഗതാഗത തടസ്സം ഉണ്ടാവാൻ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
നിയന്ത്രണം അർദ്ധരാത്രി വരെ തുടരും. വാഹനപ്പെരുപ്പത്തിന് പുറമെ വരി തെറ്റിച്ചുള്ള യാത്രയും അനാവശ്യ സമയങ്ങളിലെ ഓവർടേക്കിംഗും ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതും കുരുക്കിന് കാരണമാകുന്നുണ്ട്. ഇടക്കിടെ അപകടങ്ങളും പതിവാണ്. ഇന്ന് ആറാം വളവിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. വാഹനങ്ങൾ കേടായി ചുരത്തിൽ കുടുങ്ങുന്നതും പതിവാണ്. ചുരത്തിലെ വളണ്ടിയർമാരും പോലീസും ചേർന്ന് ഇവ പെട്ടന്ന് തന്നെ മാറ്റിയാണ് തടസ്സമൊഴിവാക്കുന്നത്.