സ്വപ്നം സഫലം : വെള്ളാര്‍മല സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ പുതിയ ക്ലാസ് മുറികളില്‍

കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ സ്‌ക്കൂള്‍ നഷ്ടപ്പെട്ട വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ പുതിയ ക്ലാസ് മുറികളില്‍ പഠിച്ചു തുടങ്ങി. ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബിഎഐ) യാണ് മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികള്‍ ഇവര്‍ക്കായി നിര്‍മിച്ചു നല്‍കിയത്.
എട്ട് ക്ലാസ് മുറികളും 10 ശുചിമുറികളുമാണ് ബിഎഐ നിര്‍മിച്ചു നല്‍കിയത്. ഹൈസ്‌ക്കൂളിലെ ആറ് ഡിവിഷനുകളിലെ 250 വിദ്യാര്‍ഥികളാണ് ഇന്നലെ പുതിയ ക്ലാസ് മുറികളിലേക്ക് മാറിയത്. സ്റ്റാഫ് റൂം, ലാബ് എന്നിവയാണ് മറ്റ് രണ്ട് മുറികളില്‍. ഇന്നലെ രാവിലെ ബിഎഐ ഭാരവാഹികള്‍, സ്‌ക്കൂളിലെ അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്ന് ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ കുട്ടികളെ പുതിയ ക്ലാസ് മുറികളിലേക്ക് സ്വീകരിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ വെള്ളാര്‍മല ഹൈസ്‌ക്കൂളിലെ 25 അധ്യാപകരെയും പ്ലസ്ടു പരീക്ഷയില്‍ 83 ശതമാനം വിജയം നേടിയ വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ 11 അധ്യാപകരെയും ബിഎഐ യുടെ നേതൃത്വത്തില്‍ ആദരിച്ചു.
മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ നടന്ന ചടങ്ങ് ബിഎഐ സംസ്ഥാന ചെയര്‍മാന്‍ കെ എ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. വെള്ളാര്‍മല ഹൈസ്‌ക്കൂള്‍ ഹെഡ്മാഷ് ഇന്‍ ചാര്‍ജ് ഉണ്ണികൃഷ്ണന്‍ വി അധ്യക്ഷനായി. മുന്‍ സംസ്ഥാന ചെയര്‍മാന്‍ സുരേഷ് പൊറ്റെക്കാട്ട്, സംസ്ഥാന സെക്രട്ടറി സൈജന്‍ കുര്യാക്കോസ് ഓലിയാപ്പുറം, സംസ്ഥാന ട്രഷറര്‍ കെ സതീഷ് കുമാര്‍, വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ഭവ്യ ലാല്‍, ദിലീപ് കുമാര്‍ എം പി, ശ്രീജിത്ത് പിഎം എന്നിവര്‍ പ്രസംഗിച്ചു.
രണ്ട് ലക്ഷം രൂപ ചെലവഴിച്ച് ബിഎഐ സ്‌ക്കൂളില്‍ ഒരുക്കിയ രണ്ട് വാട്ടര്‍ പ്യൂരിഫയര്‍ യൂണിറ്റുകളുടെയും പബ്ലിക് അഡ്രസ് (പിഎ) സിസ്റ്റത്തിന്റെയും ഉദ്ഘാടനം ടി സിദ്ദീഖ് എംഎല്‍എ നിര്‍വഹിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ശേഷം വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലാണ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് കോടി ചെലവഴിച്ച് 12 ക്ലാസ് മുറികളും 16 ശുചിമുറികളുമാണ് ബിഎഐ ഇവര്‍ക്കായി നിര്‍മിച്ചു നല്‍കുന്നത്. നാല് ക്ലാസ് മുറികളുടെയും ആറ് ശുചിമുറികളുടെയും നിര്‍മാണം ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാവും.

Leave a Reply

Your email address will not be published. Required fields are marked *

Previous post തനിക്ക് ടി. പി. ചന്ദ്രശേഖറിൻ്റെ ഗതി വരാതിരിക്കാനാണ് മത്സരമെന്ന് പി.വി.അൻവർ .
Next post ഇമാജിന്‍ ബൈ ആംപിള്‍ കേരളത്തിലെ ഏറ്റവും വലുതും ആദ്യത്തേതുമായ ആപ്പിള്‍ പ്രീമിയം പാര്‍ട്ണര്‍ സ്റ്റോര്‍ കൊച്ചി ലുലുമാളില്‍  തുറന്നു
Close

Thank you for visiting Malayalanad.in