‘അമ്മ’യിലെ കൂട്ടരാജി: മലയാള സിനിമയിൽ ഏറ്റവും വലിയ പ്രതിസന്ധി.

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് മലയാള സിനിമ ഇപ്പോൾ കടന്നു പോകുന്നത്. കോൺക്ലേവിലും അനിശ്ചിതത്വം. മലയാള സിനിമയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് ഉണ്ടായിട്ടുള്ളത്. താരസംഘടനയായ ‘ അമ്മ ‘യിലെ കൂട്ടരാജി പ്രതിസന്ധി വലുതാക്കി. സംസ്ഥാന സർക്കാർ വിളിച്ചു ചേർക്കുന്ന കോൺക്ലേവിൻ്റെ കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടു്.
◾ സിനിമരംഗത്തെ ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള പരാതികള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ അറിയിക്കാന്‍ ഇമെയില്‍, ഫോണ്‍ നമ്പറുകള്‍ സജ്ജീകരിച്ചു. digtvmrange.pol@kerala.gov.in എന്ന വിലാസത്തിലാണ് പരാതികള്‍ നല്‍കേണ്ടത്.അന്വേഷണ സംഘത്തിലെ ഡിഐജി അജിത ബീഗത്തിന്റെ ഔദ്യോഗിക ഇ-മെയില്‍ ആണിത്. 0471-2330747 എന്ന ഫോണ്‍ നമ്പറിലും പരാതികള്‍ അറിയിക്കാം.
◾ സിനിമയിലെ ലൈംഗിക പീഡനാരോപണങ്ങള്‍ സംബന്ധിച്ച് ഡിജിപിക്ക് ലഭിച്ച പരാതികളില്‍ വെളിപ്പെടുത്തലുകള്‍ നടത്താത്ത സംഭവങ്ങളുമെന്നും റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി വരെ 17 പരാതികള്‍ ലഭിച്ചെന്നും ഓരോ പരാതി അന്വേഷിക്കാനും പ്രത്യേക ടീമിനെ ചുമതലപ്പെടുത്തുമെന്നും എസ്ഐടി തലവന്‍ ഐജി ജി.സ്പര്‍ജന്‍കുമാര്‍ പറഞ്ഞു.
◾ അമ്മ ഭരണസമിതിയിലെ കൂട്ടരാജി തീരുമാനം ആലോചിച്ചെടുത്തതെന്ന് അമ്മ വൈസ് പ്രസിഡന്റായിരുന്ന ജയന്‍ ചേര്‍ത്തല. പലവട്ടം മോഹന്‍ലാലുമായി രാജി സംബന്ധിച്ച് കാര്യങ്ങള്‍ സംസാരിച്ചു. ധാര്‍മ്മികത കണക്കിലെടുത്താണ് രാജിവെച്ചത്. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. തെറ്റ് ചെയ്യാത്തവര്‍ അഗ്നിശുദ്ധി വരുത്തി തിരിച്ചു വരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
◾ അമ്മ എന്ന സംഘടനയെ തകര്‍ത്ത ദിവസമാണിന്നെന്നും നശിച്ച് കാണമെന്ന് ആഗ്രഹിച്ചവര്‍ക്ക് സന്തോഷിക്കാമെന്നും ഗണേഷ് കുമാര്‍ ഇന്നലെ പ്രതികരിച്ചു. മോഹന്‍ലാലും മമ്മൂട്ടിയും മാറിനിന്നാല്‍ ഇതിന് നയിക്കാന്‍ ആര്‍ക്കും കഴിയില്ല. പുതിയ ആളുകള്‍ വരണമെന്നാണ് പറയുന്നത്. എന്താകുമെന്ന് കണ്ടറിയാം. ഒരു സംഘടന തകരുന്നത്, കാണുന്നവര്‍ക്ക് രസമാണ്, പക്ഷേ എനിക്ക് ഏറെ ഹൃദയ വേദന തോന്നിയ നിമിഷമെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.
◾ മോഹന്‍ലാല്‍ അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് ഉചിതമായ തീരുമാനമെന്ന് ഭാഗ്യലക്ഷ്മി. അമ്മ സംഘടനയിലുള്ള സ്ത്രീകളൊന്നും പ്രതികരിക്കുന്നത് കാണാറില്ല. ഇനിയൊരു കമ്മിറ്റി രൂപീകരിക്കുകയാണെങ്കില്‍ 50 ശതമാനം പുരുഷന്മാരും 50 ശതമാനം സ്ത്രീകളും അതില്‍ ഉള്‍പ്പെടണമെന്ന് സ്ത്രീകള്‍ നിര്‍ബന്ധമായും ആവശ്യപ്പെടണം, ഭാഗ്യലക്ഷ്മി പറഞ്ഞു.
◾ താരസംഘടന അമ്മയിലെ കൂട്ടരാജി എടുത്തുചാട്ടമായിപ്പോയെന്ന് നടന്‍ ഷമ്മി തിലകന്‍. കുറ്റാരോപിതരായിട്ടുള്ളവര്‍ മാത്രം രാജിവെച്ചാല്‍ മതിയായിരുന്നു. ഇപ്പോഴത്തെ തീരുമാനത്തില്‍ സംഘടനയില്‍ അനിശ്ചിതത്വമുണ്ടായി. ഇപ്പോള്‍ അംഗമല്ലെങ്കിലും താനുംകൂടി സ്ഥാപകാംഗമായ സംഘടനയായതുകൊണ്ടാണിത് പറയുന്നതെന്നും അതിന്റെയൊരു വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ പ്രതിഛായ നഷ്ടപ്പെട്ട ഭരണസമിതി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. അമ്മ സംഘടനയുടെ ഭരണസമിതിയില്‍ നിന്നുള്ള കൂട്ടരാജി ഒളിച്ചോട്ടമല്ല. ഒരു വീട്ടിലെ എല്ലാ മക്കളും ഒരുപോലെ ആകണമെന്നില്ലല്ലോ. തലമുറ മാറ്റം കൊണ്ടല്ല, തലയ്ക്കുള്ളില്‍ എന്തെങ്കിലും ഉള്ള ആളുകള്‍ ഭരണസമിതിയില്‍ വന്നാലാണ് നല്ല മാറ്റമുണ്ടാകുക എന്നും അദ്ദേഹം പറഞ്ഞു.
◾ താരസംഘടനയായ അമ്മയില്‍ നിന്ന് മോഹന്‍ലാല്‍ രാജിവെച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിയെന്ന് നടി ശ്വേതാ മേനോന്‍. അദ്ദേഹം വലിയ മാനസിക സമ്മര്‍ദത്തിലൂടെ കടന്നുപോയിട്ടുണ്ടാവണമെന്ന് അവര്‍ പറഞ്ഞു.
◾ താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് പിരിച്ചുവിട്ടതില്‍ പ്രതികരിച്ച് സംവിധായക വിധു വിന്‍സെന്റ്. ഉടയാനുള്ളതൊക്കെ ഉടഞ്ഞു തന്നെ പോകട്ടെ എന്ന് വിധു കുറിച്ചു. സിനിമയില്‍ മാത്രമല്ല, ഉടയേണ്ട വിഗ്രഹങ്ങള്‍ രാഷ്ട്രീയ രംഗത്തും മാധ്യമ രംഗത്തും കായിക രംഗത്തും അക്കാദമിക് രംഗത്തും ഒക്കെയുണ്ട്…Hats off to WCC എന്നാണ് വിധു ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചത്.
◾ താരസംഘടനയിലെ കൂട്ടരാജി നാണക്കേടു കൊണ്ടാണെന്ന് ചിന്തിക്കുന്നില്ലെന്ന് സംവിധായകന്‍ വിനയന്‍. ‘അമ്മ’ സംഘടന തളര്‍ന്നുപോവുന്നതില്‍ ഒട്ടും സംതൃപ്തിയില്ല. പ്രസിഡന്റോ സെക്രട്ടറിയോ ആയി ഇരിക്കാത്തവര്‍ നേതൃസ്ഥാനത്തേക്ക് വരട്ടെ. ജനാധിപത്യപരമായിട്ടുള്ള ഒരു ചിന്ത വരുന്നു എന്നതാണിതിലെ പോസിറ്റീവായി താന്‍ കാണുന്നതെന്നും വിനയന്‍ പറഞ്ഞു.
◾ താരസംഘടന അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ ഫെയ്‌സ്ബുക്ക് കുറിപ്പുമായി ഡബ്ല്യൂ.സി.സി. പ്രവര്‍ത്തിക്കാനുള്ള ഞങ്ങളുടെ ആഹ്വാനമാണിത് എന്ന തലക്കെട്ടിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ‘പുനരാലോചിക്കാം, പുനര്‍നിര്‍മിക്കാം, മാറ്റങ്ങള്‍ക്കായി ഒന്നിച്ചുനില്‍ക്കാം. നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്. നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാം’ എന്നാണ് സംഘടനയുടെ പോസ്റ്റിലുള്ളത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലും എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രാജിവെച്ചതിനു തൊട്ടുപുറകേയാണ് ഡബ്ല്യൂ.സി.സിയുടെ പ്രതികരണം.
◾ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭരണത്തലപ്പത്തേക്ക് യുവാക്കളായ ഭാരവാഹികള്‍ വരണമെന്ന് നടി ഉഷ ഹസീന. സ്ത്രീകളുടെ ആവശ്യം മനസിലാക്കുന്ന വനിതാ അംഗങ്ങളും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് എത്തണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. പൃഥ്വിരാജ്, ചാക്കോച്ചന്‍, ടൊവീനോ, ആസിഫ് അലി തുടങ്ങിയവരേപ്പോലുള്ള സ്ത്രീകളെ ബഹുമാനിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും ചെയ്യുന്നവര്‍ ഇനി വരുന്ന ഭരണസമിതിയില്‍ ഭാരവാഹികളും എക്‌സിക്യൂട്ടീവ് അംഗങ്ങളുമായി എത്തണമെന്നും അവര്‍ പറഞ്ഞു.
◾ നടന്‍ സിദ്ദിഖ് ലെംഗികാതിക്രമം നടത്തിയെന്ന് നടി പൊലീസില്‍ പരാതി നല്‍കി. ഡി ജി പിക്ക് ഇമെയില്‍ മുഖേനെയാണ് പരാതി നല്‍കിയത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി 2016 ല്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.
◾ മുകേഷ് എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന് ആനി രാജ. ലൈംഗിക ആരോപണം നേരിടുന്ന മുകേഷ് തന്റെ സ്ഥാനങ്ങളില്‍ നിന്നും മാറി നിന്ന് അന്വേഷണത്തെ നേരിടണം. അല്ലെങ്കില്‍ അന്വേഷണം സത്യസന്ധമാണോ എന്നു പൊതുജനങ്ങള്‍ സംശയിക്കും. മുകേഷ് സ്വയം മാറി നിന്നില്ലെങ്കില്‍ മാറ്റി നിര്‍ത്തി അന്വേഷണം ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നും അനിരാജാ പറഞ്ഞു.
◾ താനുള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ സ്വാഗതംചെയ്യുന്നുവെന്ന് നടന്‍ കൂടിയായ എം. മുകേഷ് എം.എല്‍.എ. വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേഷണം അനിവാര്യമാണ്. സത്യം പുറത്തുവരണമെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
◾ മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച രണ്ടു നടിമാര്‍ക്കെതിരെ സംസ്ഥാനപോലീസ് മേധാവിക്കും സര്‍ക്കാര്‍ നിയോഗിച്ച പുതിയ അന്വേഷണ കമ്മീഷനും പരാതി നല്‍കി ഇടവേള ബാബു. തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് നടിമാര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് ഇടവേള ബാബു വ്യക്തമാക്കി.
◾ തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പ്രകോപിതനായ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നടപടി ഭരണഘടന ലംഘനമാണെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ്. വിമര്‍ശനങ്ങളോടും വിയോജിപ്പുകളോടും അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സുരേഷ് ഗോപി ജനാധിപത്യ സംവിധാനത്തിന് തന്നെ അപമാനമാണ്. മുന്‍പ് തന്നോട് പ്രതികരണമാരാഞ്ഞ മാധ്യമ പ്രവര്‍ത്തകയോടുള്ള മോശം സമീപനത്തിന്റെ പേരിലും സുരേഷ് ഗോപി വിവാദം സൃഷ്ടിച്ചിരുന്നുവെന്ന് എ ഐ വൈ എഫ് ചൂണ്ടികാട്ടി.
◾ സുരേഷ് ഗോപിയുടെ പേര് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടോയെന്ന് സംശയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള, മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് രോഷത്തോടെയുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റം കൊണ്ടാണ് ഇങ്ങനെ ഒരു സംശയം ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു.
◾ ഉറിയടി എന്ന ചിത്രത്തിന്റെ സംവിധായകന്‍ സുധീഷ് ശങ്കറിനെതിരെ പരാതിയുമായി നടി. സീരിയലിന്റെ ഓഡിഷനുവേണ്ടി വിളിച്ചുവരുത്തി സംവിധായകന്‍ കടന്നുപിടിച്ചെന്ന് അവര്‍ കൊല്ലം കഠിനംകുളം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
◾ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണത്തില്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സി.പി.എം. എം.എല്‍.എയ്ക്കുവേണ്ടി എന്തിനാണ് ബി.ജെ.പിയുടെ കേന്ദ്രമന്ത്രി സ്വന്തം പ്രതിച്ഛായയ്ക്കുതന്നെ കളങ്കംവരുത്തുന്ന രീതിയില്‍ പ്രകോപനപരമായി പ്രതികരിക്കുന്നതെന്ന് രാഹുല്‍ ചോദിച്ചു.
◾ സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 29 ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി എം.ലിജു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കുറ്റാരോപിതരായവര്‍ക്കെതിരെ കേസെടുക്കുക, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെയ്ക്കുക, ആരോപണങ്ങളില്‍ മന്ത്രി ഗണേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കെ.പി.സി.ടി.എ വയനാട് ദുരിതാശ്വാസപദ്ധതി – ആദ്യഘട്ട സഹായം വിതരണം ചെയ്തു.
Next post കാണാതായ മൂന്ന് കുട്ടികള്‍ തിരിച്ചെത്തി
Close

Thank you for visiting Malayalanad.in