മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം: സമഗ്ര പുനരധിവാസ പദ്ധതികളുമായി കെ.സി.ബി.സി.

മാനന്തവാടി: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല, കോഴിക്കോട് ജില്ലയിലെ വിലങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലെ ഉരുൾപൊട്ടൽ ദുരിത ബാധിതർക്കായി സമഗ്ര പുനരധിവാസ പദ്ധതികൾ പ്രഖ്യാപിച്ച് കെ.സി ബി.സി. പുനരധിവാസത്തിനായി നൂറ് വീടുകൾ നിർമ്മിച്ച് നല്കും. സർക്കാർ ലഭ്യമാക്കുന്ന സ്ഥലത്തോ, സഭ സംഭാവന ചെയ്യുന്ന സ്ഥലത്തോ വ്യക്തികൾ സ്വയം കണ്ടെത്തുന്ന സ്ഥലത്തോ ആണ് വീടുകൾ നിർമ്മിച്ച് നല്കുക. മറ്റ് ജില്ലകളിൽ വന്ന് താമസിക്കാൻ താല്പര്യപ്പെടുന്നവർക്ക് അതിനുള്ള സൗകര്യവും ചെയ്തു കൊടുക്കും. സർക്കാരിന്റെ അനുവാദം ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണ പ്രവർത്തികൾ ആരംഭിക്കും. പുനരധിവസിപ്പിക്കപ്പെടുന്ന കടുംബങ്ങൾക്ക് ആവശ്യമായ ഗൃഹോപകരണ ങ്ങൾ നല്കുക, കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുക, പുനരധിവസിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക് വരുമാന ലഭ്യതയ്ക്കായി സംരംഭങ്ങൾ സജ്ജമാക്കുക, വിവിധങ്ങളായ സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ അംഗങ്ങളാക്കുക, വിദഗ്ധരെ ഉൾക്കൊള്ളിച്ച് കൗൺസിലിംഗ് ടീം രൂപീകരിച്ച് തുടർച്ചയുള്ള മാനസിക പിന്തുണ നല്കുക, ഒറ്റപ്പെട്ട വ്യക്തികൾക്കും കുട്ടികൾക്കും സുരക്ഷിത ഇടം കണ്ടെത്തി സംരക്ഷിക്കുക, എന്നിവയാണ് പ്രധാനമായും പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ദുരന്തത്തിൽ വീടും വരുമാനമാർഗ്ഗവും നഷ്ടപ്പെട്ട വയനാട് ജില്ലയിലെ മുഴുവൻ കുടുംബങ്ങൾക്കും 9500 രൂപ വീതം അടിയന്തര സാമ്പത്തിക സഹായവുംനല്കും.
ദുരന്തത്തിൽ നഷ്ടമായതും, ഒഴിപ്പിക്കപ്പെടുന്നതുമായ സ്ഥലത്തിന് യുക്തമായ നഷ്ടപരിഹാരം കുടുംബങ്ങൾക്ക് സർക്കാർ നല്കണമെന്നും മാനന്തവാടി പാസ്റ്ററൽ സെന്ററിൽ ചേർന്ന മെത്രാൻമാരുടേയും, കാരിത്താസ് ഇന്ത്യാ, സി ആർ എസ്, വിവിധ രൂപതകളിലെ സാമൂഹ്യ സേവന വിഭാഗം ഡയറക്ടർമാർ, എന്നിവരുടെയും യോഗം ആവശ്യമുന്നയിച്ചു. ഈ യോഗമാണ് പുനരധിവാസ പദ്ധതികൾക്ക് അന്തിമരൂപം നല്കിയത്. പുനരധിവാസ പദ്ധതികളുടെ നടത്തിപ്പിന് പ്രദേശത്തെ രൂപതാ നേതൃത്വം ഉൾക്കൊള്ളുന്ന സമിതികൾ രൂപീകരിക്കുമെന്നും യോഗ തീരുമാനങ്ങൾ അറിയിച്ചു കൊണ്ട് കെ.സി.ബി.സി പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമീസ് കാതോലിക്കാ ബാവ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കെ.സി.ബി.സി. സെക്രട്ടറി ജനറൽ ബിഷപ് അലക്സ് വടക്കുംതല, ജസ്റ്റീസ് ഫോർ പീസ് ആന്റ് ഡവലപ്മെന്റ് ചെയർമാൻ ബിഷപ് ജോസ് പുളിക്കൽ, ആർച്ച്ബിഷപ്പ് ജോസഫ് പാംബ്ലാനി, ബിഷപ് ജോസ് പൊരുന്നേടം, ബിഷപ്പ് റെമിഞ്ചിയോസ് ഇഞ്ചനാനി യിൽ, ബിഷപ്പ് ജോസഫ് മാർ തോമസ്, ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ, ബിഷപ്, ജോസഫ് പണ്ടാരശേരിൽ, ബിഷപ് അലക്സ് താരാമംഗലം, ബിഷപ് ജോർജ് ഞറളക്കാട്ട്, ബിഷപ് ജോർജ് വലിയമറ്റം, കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ.ജേക്കബ് മാവുങ്കൽ, കെ സി ബി സി വക്താവ് ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി, കരിത്താസ് ഇന്ത്യാ ഡയറക്ടർ ഫാ. ജോളി പുത്തൻപുര, സി ആർ എസ് ഇന്ത്യ ഡയറക്ടർ ഡോ. സെന്തിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് പുനരധിവാസം വേഗത്തിലാക്കണം അവ്യക്തതകൾ പരിഹരിക്കണം: വെൽഫെയർ പാർട്ടി
Next post ആവേശമായി ബെം​ഗളൂരു ലുലുമാളിൽ കുട്ടിത്താരങ്ങളുടെ ഒളിംപിക്സ്.
Close

Thank you for visiting Malayalanad.in