വന്യമൃഗശല്യം കേരള കോൺഗ്രസ് ബി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നിവേദനം നല്‍കും

കൽപ്പറ്റ: വയനാട്ടിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്-ബി ജില്ലാ ഘടകം മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ മുഖേന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നിവേദനം നല്‍കും. ഇതിനു മുന്നോടിയായി ജില്ലയില്‍ പ്രചാരണ വാഹനജാഥയും ഒപ്പുശേഖരണവും നടത്തുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രചാരണ ജാഥ ഉദ്ഘാടനം 21ന് രാവിലെ 10.30ന് വൈത്തിരിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ചെമ്പേരി നിര്‍വഹിക്കും. സമാപന സമ്മേളനം 24ന് വൈകുന്നേരം കല്‍പ്പറ്റയില്‍ സംസ്ഥാന സെക്രട്ടറി ലിജോ ജോസഫ് ഉദ്ഘാടനം ചെയ്യും. ജാഥ ജില്ലയിലെ മൂന്നു താലൂക്കുകളിലുമായി 40 കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. ഓരോ കേന്ദ്രത്തിലും ഒപ്പുശേഖരണം ഉണ്ടാകും. നിവേദനം ജൂലൈ ആദ്യവാരം കേന്ദ്ര മന്ത്രാലയത്തിനു ലഭ്യമാക്കും. കേന്ദ്ര വനം-വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പൊളിച്ചെഴുതണം. കാടിനും വന്യജീവികള്‍ക്കും മാത്രമല്ല, മനുഷ്യര്‍ക്കും ജീവനോപാധികള്‍ക്കും സംരക്ഷണം ഉറപ്പുവരുത്തുന്നതാകണം നിയമം. വന്യജീവി ആക്രമണം മൂലം ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്കുള്ള പരിഹാരധനം വര്‍ധിപ്പിക്കണം. കാടിനെ പൂര്‍ണമായും അധിനിവേശസസ്യമുക്തമാക്കിയും നൈസര്‍ഗിക വനവത്കരണം നടത്തിയും വന്യജീവികളുടെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തണം. ജനവാസകേന്ദ്രങ്ങളില്‍ നിരന്തരം ശല്യം ചെയ്യുന്ന കാട്ടുപന്നി, കുരങ്ങ്, മരപ്പെട്ടി തുടങ്ങിയ ജീവികളെ ഷെഡ്യൂള്‍ ഒന്നില്‍നിന്നു നീക്കം ചെയ്യണം. വന്യജീവികളില്‍നിന്നു ജനങ്ങളുടെ ജീവനും സ്വത്തിനും പരിരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഇടപെടുന്നതിന് ഹൈക്കോടതിയെ സമീപിക്കുന്നതിനു പാര്‍ട്ടി ജില്ലാ ഘടകം നീക്കം നടത്തിവരികയാണെന്നും നേതാക്കള്‍ പറഞ്ഞു.പ്രസിഡന്റ് സണ്ണി മാത്യു, സംസ്ഥാന സെക്രട്ടറി കെ. ഭഗീരഥന്‍ പിള്ള, കല്‍പ്പറ്റ നിയോജകമണ്ഡലം സെക്രട്ടറി കെ. ദാസ്, ജില്ലാ കമ്മിറ്റിയംഗം സുരേഷ് ചെറുപറമ്പില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു..

Leave a Reply

Your email address will not be published. Required fields are marked *

Previous post മാനന്തവാടി എ.ഇ.ഒ ഗണേഷ് എം.എം.ന് യാത്രയയപ്പ് നല്കി
Next post ബദ്റുൽഹുദാ ഹിഫ്ളുൽ ഖുർആൻ പഠനാരംഭം നടത്തി
Close

Thank you for visiting Malayalanad.in