പിണറായി വിജയന്‍ മുതലാളിത്വത്തിന് മുമ്പില്‍ മുട്ടുമടക്കി നില്‍ക്കുന്ന നേതാവ്: മാത്യു കുഴല്‍നാടന്‍

കല്‍പ്പറ്റ: പിണറായി വിജയന്‍ മുതലാളിത്തത്തിന്റെ മുമ്പില്‍ മുട്ടുമടക്കി നില്‍ക്കുന്ന നേതാവാണെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍ എ. കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്റെ പതനത്തിന്റെ നാളുകള്‍ ആഗതമായി കഴിഞ്ഞു. ആരൊക്കെ എന്തൊക്കെ തരത്തിലുള്ള പ്രതിരോധം തീര്‍ത്താലും പിണറായി വിജയന്റെ കസേരയുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞുവെന്നും മാത്യു പറഞ്ഞു. എത്ര അസ്ത്രങ്ങള്‍ ഏല്‍ക്കേണ്ടി വന്നാലും, ശരശയ്യയില്‍ കിടന്നാലും നിങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ നിന്ന് കടുകുമണി പോലും പിന്നോട്ടുപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതേതരചേരിയില്‍ നില്‍ക്കുന്ന ഒരു നേതാവും രാഹുല്‍ഗാന്ധിയെ ഇകഴ്ത്തി സംസാരിക്കില്ല. പിണറായി വിജയന്‍ രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കുന്നത് ആനിരാജക്ക് വേണ്ടിയല്ല, മറിച്ച് മോദിയെ സന്തോഷിപ്പിക്കാനാണ്. കേന്ദ്രസര്‍ക്കാര്‍ ഇഡി, സി ബി ഐ, ഐ ടി ഡിപ്പാര്‍ട്ടുമെന്റ് എന്നീ ആയുധങ്ങള്‍ ചൂണ്ടി ആയിരക്കണക്കിന് കേസുകളാണെടുക്കുന്നത്. ഇതിന്റെ ഭാഗമായി സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നുള്‍പ്പെടെ പതിനൊന്നായിരം കോടി രൂപയാണ് ബി ജെ പി വാങ്ങിക്കൂട്ടിയത്. മകളുടെയും, മകന്റെയും മരുമകന്റെയും അക്കൗണ്ടിലേക്ക് കേരളത്തില്‍ പിണറായി വിജയനും ഇതുപോലെ പണം വാങ്ങിയിട്ടുണ്ട്. ജി എസ് ടി ഇന്റലിജെന്‍സ് ക്രമക്കേടുകള്‍ കണ്ടെത്തിയ കമ്പനികളില്‍ നിന്നുപോലും എക്‌സാലോജിക്കിന്റെ അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയില്‍ തുടരുന്നത് മോദിയുടെ ഔദാര്യമാണ്. മൂന്ന് ഏജന്‍സികള്‍ക്കും അന്വേഷിക്കാവുന്ന വിഷയങ്ങളാണ് മകള്‍ക്കെതിരെയുള്ളത്. സി പി എമ്മിനെതിരെ ആശയപരമായ വിയോജിപ്പുണ്ടായിരുന്നുവെങ്കിലും ആ പാര്‍ട്ടിക്ക് ഒരു അന്തസുണ്ടായിരുന്നു. ഇന്നലെകളില്‍ തൊഴിലാളികളുടെ ഗന്ധമുണ്ടായിരുന്നു. അടുത്തിടെ കീറ്റെക്‌സ് മുതലാളി പറഞ്ഞത് തനിക്കെതിരെ ഒരു ചെറുവിരലനക്കിയാല്‍ മകളെ അകത്തിടുമെന്നാണ്. എന്നാല്‍ ഇങ്ങനെ വെല്ലുവിളിച്ചിട്ടും ഒരക്ഷരം മിണ്ടാന്‍ മുഖ്യമന്ത്രിയോ, സി പി എം നേതാക്കളോ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തിന്റെ മതേതരചിന്തക്ക് വലിയ വെല്ലുവിളി നേരിടുന്ന സമയത്താണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ട് തന്നെ രാഹുല്‍ഗാന്ധിയെ വിജയിപ്പിക്കുന്നതിലൂടെ വയനാട് വലിയ ചരിത്ര ദൗത്യമാണ് നിറവേറ്റാന്‍ പോകുന്നതെന്നും മാത്യു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post യുവാവില്‍ നിന്ന് 23 ലക്ഷം തട്ടിയെടുത്ത സംഘത്തിലെ ഒരാളെ കൂടി മാനന്തവാടി പോലീസ് പോലീസ് പിടികൂടി
Next post സജന സജീവനെ ഡി.വൈ.എഫ്.ഐ ആദരിച്ചു
Close

Thank you for visiting Malayalanad.in