വന്യമൃഗ ആക്രമണം: നാളെ വയനാട്ടിൽ എൽ.ഡി.എഫ്‌ ഹർത്താൽ: സർക്കാരുകൾ അടിയന്തമായി ഇടപെടണം

കൽപ്പറ്റ:
വയനാട്ടിൽ മനുഷ്യജീവനെടുത്തുള്ള വന്യജീവി ആക്രമണങ്ങളിൽ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ അടിയന്തമായി ഇടപെടണമെന്നും പ്രശ്‌നത്തിന്‌ ശാശ്വത പരിഹാരം കാണണമെന്ന്‌ ആവശ്യപ്പെട്ടും ശനിയാഴ്‌ച ജില്ലയിൽ ഹർത്താൽ ആചരിക്കാൻ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്‌തു. വന്യമൃഗശല്യ പ്രതിരോധത്തിന്‌ സംസ്ഥാന സർക്കാർ സമർപ്പിച്ച 620 കോടി രൂപയുടെ പദ്ധതി കേന്ദ്രസർക്കാർ നിരാകരിച്ചിട്ടും വിഷയത്തിൽ ഇടപെടാത്ത രാഹുൽ ഗാന്ധി എംപിയുടെ നിലപാടിനെതിരെയുമാണ്‌ ഹർത്താൽ. രാവിലെ ആറുമുതൽ വൈകിട്ട്‌ ആറുവരെ ഹർത്താൽ ആചരിക്കും. 17 ദിവസത്തിനിടെ മൂന്നാമത്തെ ജീവനാണ്‌ കാട്ടാന കവരുന്നത്‌. ജനുവരി 31ന്‌ തോൽപ്പെട്ടി നരിക്കല്ല് കമ്പിളിക്കാപ്പ് കോളനിയിലെ ലക്ഷ്മണൻ കൊല്ലപ്പെട്ടു. പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷിനെ കഴിഞ്ഞ 10ന്‌ കാട്ടാന അയൽവീട്ടുമുറ്റത്ത്‌ കയറി കൊന്നു. ദുരന്തത്തിന്റെ ഞെട്ടൽ മാറുംമുമ്പേയാണ്‌ പാക്കം വെള്ളച്ചാലിൽ വി പി പോൾ കാട്ടന ആക്രമണത്തിൽ മരിക്കുന്നത്‌. രണ്ടുമാസം മുമ്പാണ്‌ വാകേരി കൂടല്ലൂരിൽ കടുവ യുവാവിനെ കൊന്നുതിന്നത്‌. ജില്ലയിലെ ജീവിതം ഭയാനകമായിരിക്കുകയാണ്‌. വന്യജീവി ആക്രമണങ്ങളിൽ നാട്‌ സ്തംഭിച്ചു. പ്രതിരോധത്തിന്‌ സംസ്ഥാന സർക്കാർ ഉർജിത നടപടികൾ സ്വീകരിക്കുമ്പോഴും പരിഹാരം പൂർണമാകുന്നില്ല. അജീഷിന്റെ മരണത്തെ തുടർന്ന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതലയോഗം ചേർന്ന്‌ ജില്ലയിൽ കമാൻഡ്‌ കൺട്രോർ സെന്റർ ആരംഭിക്കാനും പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കാനും തീരുമാനിച്ചു. വ്യാഴാഴ്ച മുഖ്യമന്ത്രി ജില്ലയിലെ ജനപ്രതിനിധകളുടെ യോഗം വിളിച്ച്‌ സുപ്രധാന തീരുമാനങ്ങളെടുത്തു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി സിസിഎഫ്‌ റാങ്കിലുള്ള സ്‌പെഷ്യൽ ഓഫീസറെ നിയമിക്കും. കേരളം, കർണാടകം, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിലെ ചീഫ്‌ സെക്രട്ടറിമാരുടെ എകോപനത്തിന്‌ സംവിധാനമൊരുക്കി. നഷ്ടപരിഹാരത്തിനായി 11.5 കോടി രൂപ അനുവദിച്ചു. കൂടുതൽ ആർആർടി സംഘങ്ങളെ നൽകി. കൊലയാളി ആന ബേലൂർ മഖ്‌നയെ മയക്കുവെടിവച്ച്‌ പിടിക്കാൻ യുദ്ധകാല പ്രവർത്തനങ്ങളാണ്‌ നടത്തുന്നത്‌. ഈ നടപടികളെല്ലാം സ്വാഗതാർഹമാണ്‌. പ്രശ്‌നത്തിന്‌ ശാശ്വതപരിഹാരമാണ്‌ വേണ്ടത്‌. വനം കൺകറന്റ്‌ ലിസ്‌റ്റിൽ ഉൾപ്പെട്ടതാണ്‌. വന്യമൃഗശല്യ പ്രതിരോധം കേന്ദ്രസർക്കാരിന്റെകൂടി ബാധ്യതയാണ്‌. എന്നാൽ കേന്ദ്രം, സംസ്ഥാനം സമർപ്പിച്ച പദ്ധതി തള്ളുകയാണുണ്ടായത്‌. ജില്ലയുടെ ജീവൽ പ്രശ്‌നങ്ങളിലൊന്നും എംപി ഇടപെടുന്നില്ല. സംസ്ഥാനത്തോടൊപ്പം ചേർന്നുനിന്ന്‌ കേന്ദ്രത്തിൽനിന്ന്‌ സഹായം ലഭ്യമാക്കാൻ ഉത്തരവാാദിത്വമുള്ള രഹുൽഗാന്ധിയുടെ നിഷ്‌ക്രിയത്വം പ്രതിഷേധാർഹമാണെന്നും എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിലെ വന്യജീവി പ്രശ്നം: പോരാട്ടങ്ങൾക്ക് നിരുപാധിക പിന്തുണ- ഫ്രറ്റേണിറ്റി മൂവ്മെന്റ്
Next post പോളിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോയി
Close

Thank you for visiting Malayalanad.in