അവയവദാന സന്ദേശം പകര്‍ന്ന് ശ്രദ്ധേയമായി സൈക്ലത്തോണ്‍

കൊച്ചി: അവയവ ദാനം മഹാ ദാനം എന്ന സന്ദേശം ഉയര്‍ത്തി ശ്രദ്ധേയമായി സൈക്ലത്തോണ്‍. ട്രാന്‍സ്പ്ലാന്റ് ഗെയിംസിന്റെ പ്രചാരണാര്‍ത്ഥം ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എന്നിവരുമായി ചേര്‍ന്നാണ് ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള സിയാല്‍ മുതല്‍ ആസ്റ്റര്‍ വരെ സൈക്ലത്തോണ്‍ സംഘടിപ്പിച്ചത്. അവയവ മാറ്റത്തിന് വിധേയരായവര്‍ക്കൊപ്പം വിവിധ സൈക്ലിംഗ് ക്ലബ്ബ് അംഗങ്ങളടക്കം നൂറിലേറെ പേരാണ് 24 കിലോമീറ്റര്‍ നീണ്ട സൈക്ലത്തോണില്‍ പങ്കാളികളായത്. സിയാല്‍ ബിസിനസ് ജെറ്റ് ടെര്‍മിനലിന് മുന്നില്‍ സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷാജി കെ ജോര്‍ജ് ഫ്‌ലാഗ് ഓഫ് ചെയ്ത സൈക്ലത്തോണ്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഹാര്‍ട്ട് കെയര്‍ ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം മെഡലുകള്‍ സമ്മാനിച്ചു.
അവയവ മാറ്റം നടത്തിയ ആളുകള്‍ക്കും സാധാരണ ജിവിതം സന്തോഷത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്ന സന്ദേശം പകരാന്‍ ഈ പരിപാടിക്ക് സാധിച്ചതായി ലിഫോക്ക് ട്രഷറര്‍ ബാബു കുരുവിള പറഞ്ഞു. അവയവമാറ്റ ചികിത്സകള്‍ക്ക് വിധേയരായവര്‍ക്ക് ഭാരപ്പെട്ട കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയില്ല എന്ന മിഥ്യാധാരണ തിരുത്തി കുറിക്കാന്‍ സൈക്ലത്തോണിലൂടെ സാധിച്ചെന്ന് ലിഫോക് ജനറല്‍ സെക്രട്ടറി മനോജ് കുമാര്‍ പറഞ്ഞു.
കരള്‍ മാറ്റിവെച്ച ബാബു കുരുവിള, ഫ്രാന്‍സിസ് ജോണ്‍, ജിജി ജോര്‍ജ്, മനോജ്കുമാര്‍, മനോജ് നന്ദകുമാര്‍, സണ്ണി ജോസ് മറ്റത്തില്‍, ഉണ്ണികൃഷ്ണന്‍ ടിഎസ്, കിഡ്‌നി സ്വീകരിച്ച ഹരീഷ് ലവന്‍ എന്നിവര്‍ക്കൊപ്പം അവയവം ദാനം ചെയ്ത ഹൃതിക് മനോജ്, മൂഹാന്‍ മുഹമ്മദ് ജൗഹര്‍ തുടങ്ങിയവരും സൈക്ലത്തോണിന്റെ ഭാഗമായി. സൈക്ലത്തോണിന്റെ ഭാഗമായി പങ്കെടുത്തവരില്‍ പ്രായം കൂടി സൈക്ലിസ്റ്റ് പറവൂര്‍ സ്വദേശി ജോയ്, പ്രായം കുറഞ്ഞ ആദില്‍ നവാസ്, കിഡ്‌നി മാറ്റിവെച്ച ഹാരിഷ് ലവന്‍ എന്നിവര്‍ക്ക് പ്രത്യേക ട്രോഫികള്‍ നല്‍കി. സൈക്ലത്തോണില്‍ പങ്കെടുത്തവര്‍ക്ക് മെഡലും, സര്‍ട്ടിഫിക്കറ്റുകളും ആസ്റ്റര്‍ മെഡ്‌സിറ്റി പ്രിവിലേജ് കാര്‍ഡും സമ്മാനിച്ചു.
ആസ്റ്റര്‍ മെഡ്‌സിറ്റി ഹെഡ് ഓഫ് ഓപ്പറേഷന്‍സ് ധന്യ ശ്യാമളന്‍, സീനിയര്‍ കണ്‍സല്‍ട്ടന്റ് ഹെപ്പറ്റോളജി ഡോ ചാള്‍സ് പനക്കല്‍, ഹാര്‍ട്ട്‌കെയര്‍ ഫൗണ്ടേഷന്‍ സിഇഒ ലിമി റോസ്, ആസ്റ്റര്‍ മീഡിയ റിലേഷന്‍സ് ഹെഡ് ശരത്കുമാര്‍ ടി എസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഡിസംബര്‍ 9ന് കൊച്ചിയില്‍ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ട്രാന്‍സ്പ്ലാന്റ് ഗെയിംസിന്റെ പ്രചരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്. സര്‍ക്കാരിന്റെ അവയവമാറ്റ സംഘടനയായ കെ- സോട്ടോ, ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള എന്നിവരുടെ സഹകരണത്തോടെയാണ് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ട്രാന്‍സ് പ്ലാന്റ് ഗെയിംസ് സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ ഒന്നര കോടിയുടെ സ്വർണ്ണ മിശ്രിതം പിടികൂടി
Next post ഒരു വിദ്യാർത്ഥി പോലും സ്കൂളിലെത്താതെ എരുമക്കൊല്ലി ജി.യു.പി.സ്കൂൾ: ഹാജരാവാതിരുന്നത് 47 കുട്ടികൾ
Close

Thank you for visiting Malayalanad.in