
മൊബൈൽ ആപ്പ് ഉപയോഗിച്ച് നടന്നാൽ പണം കിട്ടുമോ? വയനാട്ടിൽ തട്ടിപ്പിനിരയായത് ഒരു കൂട്ടമാളുകൾ
കൽപ്പറ്റ:ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വയനാട്ടില്‍ ആയിരങ്ങള്‍. പലരും പരാതി നല്‍കാന്‍ തയ്യാറാവുന്നില്ലെന്ന് മാത്രം. മൊബൈല്‍ കയ്യില്‍ പിടിച്ച് നടന്നാല്‍ പണം ലഭിക്കുമെന്നും, മൊബൈല്‍ ആപ്പുകള്‍ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തിയാല്‍ അക്കൗണ്ടിലേക്ക് പണമെത്തുമെന്നും തെറ്റിദ്ധരിച്ച് ഒ.ടി.പി. നല്‍കിയാല്‍ ഉടന്‍ അക്കൗണ്ടിലെ മുഴുവന്‍ പണവും നഷ്ടമാകുന്ന വലിയ കെണികളാണ് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍. നിലവില്‍ ഐ.ടി.ആക്ട് പ്രകാരമുള്ള നാല്‍പതിലധികം സൈബര്‍ കേസുകളാണ് വയനാട് ജില്ലാ സൈബര്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. മൊബൈല്‍ഫോണില്‍ വരുന്ന ചില മെസ്സേജുകളില്‍ ക്ലിക്ക് ചെയ്തും സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുന്ന സുഹൃത്തിന് വിവരങ്ങള്‍ കൈമാറിയുമാണ് പലരും ചതിയില്‍ പെടുന്നത്. പതിനായിരം രൂപ മുതല്‍ പതിനാല് ലക്ഷം രൂപവരെ നഷ്ടപ്പെട്ടവരാണ് പരാതിക്കാരിലേറെയും. മൊബൈല്‍ ആപ്പ് ഉപയോഗിച്ച് നടന്നാല്‍ നടക്കുന്ന ദൂരത്തിന് പണം ലഭിക്കുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചില സന്ദേശങ്ങളില്‍ കുടുങ്ങിയത് മുട്ടിലിലെ ഒരുപറ്റം ആളുകളാണ്. ആദ്യം നടത്തത്തിന് മുന്നില്‍ നിന്നവര്‍ക്ക് പണമയച്ച് പിന്നീട് കൂട്ടിയവരുടെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്ന തട്ടിപ്പ് രീതിയാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ അനുവര്‍ത്തിച്ചതെങ്കില്‍ മറ്റൊരു കേസില്‍ ഗ്രാഫിക് കാര്‍ഡ് ഓര്‍ഡര്‍ ചെയ്ത് പണം നല്‍കി തട്ടിപ്പിനിരയായത് ജില്ലയിലെ ഒരു കമ്പ്യൂട്ടര്‍ വിദഗ്ധനാണ്. ബി.എസ്.എന്‍.എല്‍. ഫാന്‍സി നമ്പര്‍ ആവശ്യപ്പെട്ട ഉപഭോക്താവിനും വിദേശരാജ്യങ്ങളിലേക്ക് ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് വിവരങ്ങള്‍ കൈമാറിയ ഉദ്യോഗാര്‍ത്ഥിക്കും യു.കെ.യില്‍ എം.ബി.എ. അഡ്മിഷന് സ്‌കോളര്‍ഷിപ്പ് ലഭിക്കുമെന്ന് പ്രതീക്ഷിച്ച് വിവരങ്ങള്‍ കൈമാറിയ വിദ്യാര്‍ത്ഥിക്കുമടക്കം പണം നഷ്ടമായി. സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ആദ്യം 1930 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചറിയിക്കുകയാണ് വേണ്ടതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. 1930ല്‍ ഒരു പരാതി ലഭിച്ചാല്‍ ഉടന്‍ എല്ലാ ബാങ്കുകളുടെയും നോഡല്‍ ഓഫീസര്‍മാര്‍ അംഗങ്ങളായ ഒരു ഗ്രൂപ്പിലേക്ക്‌പോലീസ് സന്ദേശംകൈമാറുകയും ഉടന്‍ തട്ടിപ്പ് സംഘത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്യും. തട്ടിപ്പ് നടത്തുന്നവര്‍ സാധാരണയായി സ്വന്തം അക്കൗണ്ടിലേക്ക് പണം വന്നാല്‍ നിമിഷങ്ങള്‍ക്കകം മറ്റ് പല അക്കൗണ്ടുകളിലേക്കായി പണം മാറ്റുന്ന രീതി ശ്രദ്ധയില്‍ പെട്ടതിനാലാണ് എല്ലാ ബാങ്കുകളുടെയും അക്കൗണ്ടുകള്‍ ഒരേസമയം പോലീസ് മരവിപ്പിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലെ അറിവില്ലായ്മയും അധ്വാനിക്കാതെ പണം നേടാനുള്ള ചിലരുടെ ശ്രമങ്ങളുമാണ് ചതിയില്‍ പെട്ടുപോകുന്നതിനുള്ള പ്രധാന കാരണം. ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നാണ് പോലീസ് നല്‍കുന്ന സന്ദേശം.