ദുബായ് ജൈടെക്സ് എക്സ്പോയിലേക്ക് കേരളത്തില്‍ നിന്നും 40 സ്റ്റാര്‍ട്ടപ്പുകള്‍

*തിരുവനന്തപുരം: *ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിനും വാണിജ്യ-നിക്ഷേപ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ 40 സ്റ്റാര്‍ട്ടപ്പുകള്‍ ദുബായിയില്‍ നടക്കുന്ന ജൈടെക്സ് സമ്മേളനത്തില്‍ പങ്കെടുക്കും. ഒക്ടോബര്‍ പത്തു മുതല്‍ നാലു ദിവസമാണ് ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ജൈടെക്സ്.
നോര്‍ത്ത് സ്റ്റാര്‍ എന്ന സ്റ്റാര്‍ട്ടപ്പ് പരിപാടിയിലാണ് കെഎസ് യുഎമ്മിലെ സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്നത്. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററിലെ സബീല്‍ ഹാളിലാണ് (ഹാള്‍ നമ്പര്‍ 4,5,6,7) പരിപാടി.
എജ്യുടെക്, സൈബര്‍ സുരക്ഷ, സംരംഭക ടെക്, അഗ്രിടെക്, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, മീഡിയ ടെക്, ഹെല്‍ത്ത് ടെക്, ഫിന്‍ടെക്, ഇന്‍ഷുറന്‍സ് ടെക്, കണ്‍സ്യൂമര്‍ ടെക് എന്നീ മേഖകളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളാണ് ജൈടെക്സില്‍ കേരളത്തില്‍ നിന്നും പങ്കെടുക്കുന്നത്. ജൈടെക്സിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും ഇത്രയധികം കമ്പനികള്‍ ഈ മേളയില്‍ പങ്കെടുക്കുന്നത്.
യുഎഇ, മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങിളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബന്ധം സ്ഥാപിക്കുന്നതിനായി നടത്തുന്ന ഇന്ത്യ സ്റ്റാര്‍ട്ടപ്പ് കോണ്‍ഫ്ളുവന്‍സ് 2022 ലും കെഎസ് യുഎം പ്രതിനിധി സംഘം പങ്കെടുക്കും. ഈ സമ്മേളനത്തിന്‍റെ അവതരണ പങ്കാളി കൂടിയാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍.
കേരളവും ഗള്‍ഫ് രാജ്യങ്ങളുമായി കാലങ്ങളായി തുടര്‍ന്നു വരുന്ന ഊഷ്മള ബന്ധം വഴി സ്റ്റാര്‍ട്ടപ്പ് മേഖലയിലും നിരവധി അവസരങ്ങള്‍ തുറക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. വാണിജ്യ-നിക്ഷേപ അവസരങ്ങള്‍ക്ക് പുറമെ സംരംഭങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള അവസരവും ജൈടെക്സിലുണ്ടാകും. സ്വന്തം ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം ഗള്‍ഫിലെ നിക്ഷേപകരുമായി ബന്ധമുറപ്പിക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗള്‍ഫിലെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെഎസ് യുഎമ്മില്‍ ഇന്‍കുബേറ്റ് ചെയ്യാനും അതുവഴി സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ വിവിധ ആനുകൂല്യങ്ങള്‍ നേടാനുമുള്ള അവസരമൊരുക്കുന്ന ഗ്ലോബല്‍ ലോഞ്ച് പാഡ് ക്രമീകരിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. ഭാവിയില്‍ ഈ സ്റ്റാര്‍ട്ടപ്പുകളെ കേരളത്തിലേക്കെത്തിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.
ഒക്ടോബര്‍ 15ന് ഷാര്‍ജ റിസര്‍ച്ച് ടെക്നോളജി ആന്‍ഡ് ഇനോവേഷന്‍ പാര്‍ക്ക് കേരളാ പ്രതിനിധി സംഘം സന്ദര്‍ശിക്കും.
എണ്ണൂറോളം സ്റ്റാര്‍ട്ടപ്പുകള്‍, അറുന്നൂറിലധികം നിക്ഷേപകര്‍, നാനൂറില്‍പ്പരം പ്രഭാഷകര്‍ തുടങ്ങിയവര്‍ നോര്‍ത്ത് സ്റ്റാര്‍ ഇവന്‍റില്‍ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post നാട്ടുകാർ കാഴ്ചക്കാരായി: വാഹനമിടിച്ച് വീണ മധ്യവയസ്ക്ക ഏറെ നേരം റോഡിൽ കിടന്നു
Next post അധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യത ബിരുദമാക്കുന്നു
Close

Thank you for visiting Malayalanad.in