മുട്ടില്‍ മരം മുറി; റവന്യു വകുപ്പിന്റെ ഭാഗത്ത് വീഴ്ചയില്ല -ജില്ലാ കലക്ടര്‍ ഡോ.രേണു രാജ്

.
മുട്ടില്‍ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിന്റെ ഭാഗത്തു നിന്ന് അനാസ്ഥയോ കാലതാസമോ ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. 2020-21 ല്‍ വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പട്ടയത്തില്‍ സര്‍ക്കാറിലേക്ക് റിസര്‍വ്വ് ചെയ്ത മരങ്ങള്‍ അനധികൃതമായി മുറിച്ചതുമായി ബന്ധപ്പെട്ട് ജില്ലയില്‍ മുഴുവന്‍ പരിശോധന നടത്തിയിട്ടുണ്ട്. മരം മുറി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വൈത്തിരി താലൂക്കില്‍ 61 കേസുകളും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 14 കേസുകളും കണ്ടെത്തി. അനധികൃതമായി മുറിച്ച 186 മരങ്ങള്‍ കുപ്പാടി വനം വകുപ്പ് ഡിപ്പോയില്‍ എത്തിച്ചിരുന്നു. എത്തിക്കാന്‍ സാധിക്കാത്ത മരങ്ങള്‍ കച്ചീട്ടില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ്, വനം വകുപ്പുകള്‍ കേസ്സെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. അനധികൃതമായി മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട എല്ലാ കേസ്സുകളിലും (75 കേസുകള്‍) കെ.എല്‍.സി. കേസുകള്‍ ബുക്ക് ചെയ്യുകയും കക്ഷികള്‍ക്ക് നോട്ടീസ് നല്‍കി വിചാരണ നടത്തുകയും ചെയ്തിട്ടുണ്ട്. നിയമപ്രകാരമുള്ള നടപടികളുടെ ഭാഗമായി അനധികൃതമായി മരങ്ങള്‍ മുറിച്ച കക്ഷികള്‍ക്കെതിരെ കെ.എല്‍.സി. നടപടികള്‍ പ്രകാരം പിഴ ചുമത്തുന്നതിനായി മരങ്ങളുടെ വില നിര്‍ണ്ണയ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. വില നിര്‍ണ്ണയ സര്‍ട്ടിഫിക്കറ്റ് ലഭ്യമായ 42 കേസ്സുകളില്‍ 38 കേസ്സുകള്‍ വൈത്തിരി താലൂക്കിലും 4 കേസ്സുകള്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധിയിലുമാണ്. വൈത്തിരി താലൂക്കിലെ 38 കേസ്സുകളുടെ വില നിര്‍ണ്ണയ സര്‍ട്ടിഫിക്കറ്റ് 2023 ജനുവരി 31 നാണ് ലഭിച്ചത്. വൈത്തിരി താലൂക്കിലെ 38 കേസ്സുകളില്‍ ഓരോ കേസ്സിലെയും സര്‍വ്വെ നമ്പറുകളും ഭൂവുടമയുടെ വിലാസവും മരങ്ങളുടെ വിവരങ്ങളും പ്രത്യേകം പ്രത്യേകം നല്‍കുന്നതിന് പകരം ചില കേസുകളില്‍ വിവരങ്ങള്‍ ഒന്നിച്ചാണ് വനം വകുപ്പ് നല്‍കിയത്. ഇത് ഓരോ കേസ്സിലും പ്രത്യേകമായി പിഴ ചുമത്തുന്നതിന് പര്യാപ്തമല്ലാത്തതിനാല്‍ ഓരോ കേസ്സിലും മരവില പ്രത്യേകം നിര്‍ണ്ണയിച്ചു തരുന്നതിനും കക്ഷികളുടെ പേരും വിലാസവും വ്യക്തമാക്കിത്തരുന്നതിനും വനം വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വില നിര്‍ണ്ണയ സര്‍ട്ടിഫിക്കറ്റ് ലഭ്യമായതില്‍ അപാകത ഇല്ലെന്ന് കണ്ടെത്തിയ സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധിയിലെ 4 കേസുകളില്‍ പിഴ ചുമത്തി ഉത്തരവായിട്ടുണ്ട്. വൈത്തിരി താലൂക്ക് പരിധിയിലെ കേസുകളില്‍ ഒരാഴ്ചയ്ക്കകം ഉത്തരവ് നല്‍കാവുന്ന രീതിയില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുട്ടിൽ മരം മുറി: 41 കേസുകളിൽ മരവിലയുടെ മൂന്നിരട്ടി പിഴയടക്കാൻ ഉത്തരവിറക്കാൻ കലക്ടറുടെ നിർദ്ദേശം
Next post സുൽത്താൻ ബത്തേരി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് ആരംഭിക്കണം; വകുപ്പ് മന്ത്രിയുമായി എം.എൽ.എ. കൂടിക്കാഴ്ച നടത്തി
Close

Thank you for visiting Malayalanad.in