
ആനവണ്ടി യാത്രക്ക് ഓൺലൈൻ ബുക്കിംഗിന് 30 ശതമാനം ഇളവുമായി കെ.എസ്. ആർ.ടി.സി
യാത്രക്കാർക്ക് സൗകര്യമൊരുക്കി കെ.എസ്. ആർ.ടി.സി. പ്രധാന നഗരങ്ങളിൽ ആരംഭിച്ച ഇൻഫർമേഷൻ കൗണ്ടറുകളിൽ ഇപ്പോൾ ദീർഘദൂര ബസുകൾക്കുള്ള ടിക്കറ്റുകളും ബുക്ക് ചെയ്യാം. പണം ഓൺലൈനായി അടക്കുകയും ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്ന റൂട്ടുകളിൽ പ്രത്യേക ഓഫർ എന്ന നിലയിൽ 30 ശതമാനം നിരക്ക് ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ തിരിച്ചുള്ള യാത്രക്കുള്ള ടിക്കറ്റും ഒരുമിച്ച് ബുക്ക് ചെയ്താൽ പത്ത് ശതമാനം ഇളവ് വേറെയും ലഭിക്കും.
വയനാട്ടിൽ കൽപ്പറ്റ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിൽ ഇപ്പോൾ ബുക്കിംഗ് കൗണ്ടറുകളിൽ ധാരാളം ആളുകൾ ഇളവ് ആനുകൂല്യം പ്രയോജന പ്പെടുത്തുന്നുണ്ട്.
ഓരോ കൗണ്ടറിലും പ്രതിമാസം ആയിരത്തോളം യാത്രക്കാർ ഇങ്ങനെ മുൻകൂട്ടി ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവരാണ്. ഓരോ ഡിപ്പോക്ക് കീഴിലുമുള്ള ബുക്കിംഗ് കൗണ്ടറുകളിൽ അഞ്ച് ലക്ഷം രൂപ മുതൽ പത്ത് ലക്ഷം രൂപ വരെ പ്രതിമാസം കെ.എസ്.ആർ.ടി.സി.ക്ക് വരുമാനമായി ലഭിക്കുന്നുണ്ട്. കുറഞ്ഞ ചിലവിൽ സുരക്ഷിത യാത്രയൊരുക്കുകയെന്ന ഈ ആശയത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.