വേനലില്‍ പാല്‍ കുറഞ്ഞാല്‍ ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം : ഇന്‍ഷുറന്‍സ് പദ്ധതിയുടെ ധാരണാപത്രം മില്‍മ ചെയര്‍മാന് കൈമാറി

തിരുവനന്തപുരം: കനത്ത വേനലില്‍ പശുക്കളില്‍ പാല്‍ കുറഞ്ഞാല്‍ ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കുന്ന പദ്ധതിയുമായി മില്‍മ. പാലുല്പാദനത്തില്‍ കുറവ് വരുന്നതു മൂലം ക്ഷീരകര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം നികത്തുന്നതിനുള്ള ഇന്‍ഷുറന്‍സ് പദ്ധതി മില്‍മ മലബാര്‍ മേഖലയാണ് ആദ്യം നടപ്പാക്കുന്നത്. അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി(എ.ഐ.സി)യുമായി ചേര്‍ന്ന് എയിംസ് ഇന്‍ഷുറന്‍സ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
തിരുവനന്തപുരം പട്ടത്തെ മില്‍മ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ് മണിക്ക് എ.ഐ.സി റീജണല്‍ മാനേജര്‍ വരുണ്‍ പദ്ധതിയുടെ ധാരണാപത്രം കൈമാറി.
കാലാവസ്ഥാ വ്യതിയാനവും ഉയര്‍ന്ന താപനിലയും കാരണം പാലുല്പാദനം കുറയുന്നത് ക്ഷീരകര്‍ഷകരെ ബാധിക്കുന്നുണ്ടെന്നും ഇതിന് പരിഹാരമായേക്കാവുന്ന ഈ പദ്ധതി മികച്ച ആശയമാണെന്നും കെ.എസ് മണി പറഞ്ഞു. പദ്ധതി ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നതിന്‍റെ അടിസ്ഥാനത്തില്‍ അടുത്ത വേനല്‍ക്കാലത്ത് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ മില്‍മ എം.ഡി ആസിഫ് കെ യൂസഫ്, തിരുവനന്തപുരം മേഖല യൂണിയന്‍ എം.ഡി ഡി. എസ് കോണ്ട, മലബാര്‍ യൂണിയന്‍ ജനറല്‍ മാനേജര്‍ എന്‍.കെ പ്രേംലാല്‍, മില്‍മ ജനറല്‍ മാനേജര്‍ പി. ഗോപാലകൃഷ്ണന്‍, പി ആന്‍ഡ് ഐ മാനേജര്‍ എ. ഗോപകുമാര്‍, എയിംസ് ഇന്‍ഷുറന്‍സ് എം.ഡി വിശ്വനാഥന്‍ ഒടാട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.
അന്തരീക്ഷ താപനില തുടര്‍ച്ചയായി ആറു ദിവസമോ അതില്‍ കൂടുതലോ നിശ്ചിത പരിധിക്കു പുറത്ത് വരികയാണെങ്കില്‍ പശു, എരുമ എന്നിവയ്ക്ക് പദ്ധതിപ്രകാരം ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. പാലക്കാട്, വയനാട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 34.5 ഡിഗ്രി സെല്‍ഷ്യസും മലപ്പുറത്ത് 33.5 ഡിഗ്രി സെല്‍ഷ്യസും കോഴിക്കോട് 33 ഡിഗ്രി സെല്‍ഷ്യസുമാണ് താപനിലയുടെ പരിധി. ഇതില്‍ കൂടുതല്‍ താപനില തുടര്‍ച്ചയായി രേഖപ്പെടുത്തിയാലാണ് ധനസഹായം ലഭിക്കുക.
കര്‍ഷകര്‍ക്ക് അതത് ക്ഷീരസംഘങ്ങള്‍ വഴി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. ആനുകൂല്യത്തിനായി പിന്നീട് പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. അതത് പ്രദേശത്തെ താപനില സാറ്റലൈറ്റ് വഴി ശേഖരിച്ചാണ് ഇന്‍ഷുറന്‍സ് കമ്പനി ആനുകൂല്യം നല്‍കുക. ആറു ദിവസത്തില്‍ കൂടുതല്‍ താപനില ഉയര്‍ന്നാല്‍ 140 രൂപയും എട്ടു ദിവസത്തില്‍ കൂടുതലായാല്‍ 440 രൂപയും 10 ദിവസത്തില്‍ കൂടുതലായാല്‍ 900 രൂപയും 25 ദിവസത്തില്‍ കൂടുതലായാല്‍ 2000 രൂപയുമാണ് ധനസഹായം ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Previous post നികുതി കുടിശ്ശിക; ഒറ്റത്തവണ തീര്‍പ്പാക്കലുമായി മോട്ടോര്‍ വാഹന വകുപ്പ്
Next post ഐക്ക ട്രേഡ് എക്സ്പോ 26 മുതൽ കൽപ്പറ്റയിൽ : ബ്രോഷർ പ്രകാശനം ചെയ്തു.
Close

Thank you for visiting Malayalanad.in