വന്യമൃഗ ശല്യം: സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഹൈക്കോടതിയിലെ പരാതിക്കാരൻ.

കൽപ്പറ്റ: , ഇടുക്കി ജില്ലയിൽ സമൂഹത്തിൽ വലിയ ഭീതി പരത്തിയും നഷ്ടം വരുത്തിയും മുന്നേറുന്ന അരിക്കൊമ്പൻ എന്ന ആനയുടെ പ്രശ്നം പോലെ, കേരളത്തിൽ അങ്ങോളമിങ്ങോളം കർഷക ജനതയുടെ ജീവിതം ദുരിത പൂർണ്ണമാക്കിക്കൊണ്ട് അനുദിനം വന്യമൃഗ ശല്യം വർദ്ധിച്ചു വരുന്നു.ഈ പശ്ചാത്തലത്തിൽ വന്യമൃഗ ശല്യം എന്ന എന്ന വലിയ സാമൂഹ്യ പ്രശ്നം പരിഹരിക്കുന്നതിന് സമർപ്പിച്ച പദ്ധതി പരിഗണിക്കാൻ കേരള ഹൈക്കോടതി നിർദ്ദേശിച്ചിട്ടും സർക്കാർ തയ്യാറാകാത്തതിൽ വനം പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി സുൽത്താൻബത്തേരിയിലെ അഡ്വക്ക റ്റ് തങ്കച്ചൻ മുഞ്ഞനാട്ട് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് കാടും നാടും ശാശ്വതമായി വേർതിരിക്കുക, കേരളത്തിൽ ബഫർസോൺ നടപ്പാക്കുന്നത് തടയുക, കാടും നാടും ശാശ്വതമായി വേർതിരിക്കുന്നത് ഉൾപ്പെടെ ശരിയായ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് നിർദ്ദേശം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അഡ്വക്കറ്റ് തങ്കച്ചൻ മുഞ്ഞനാട്ട് കേരള ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയിരുന്നു . റിട്ട് പരിഗണിച്ച ഹൈക്കോടതി, ആവശ്യങ്ങൾ സർക്കാരിനു മുന്നിൽ അവതരിപ്പിക്കാനും വനം പ്രിൻസിപ്പൽ സെക്രട്ടറിയോട് പ്രസ്തുത ആവശ്യങ്ങൾ പരിഗണിക്കാനും നിർദ്ദേശിച്ച് ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാടും നാടും ശാശ്വതമായി വേർതിരിക്കുന്നതിനും അതുവഴി വന്യമൃഗ ശല്യം പരിഹരിക്കുന്നതിനും (1) വനക്രമീകരണം (2) ഭൂമിക്ക് പകരം ഭൂമി (3)സംയോജിത പ്രതിരോധം (4) സജീവവനം എന്നിങ്ങനെ നാലിന പരിപാടികൾ സർക്കാരിന് മുമ്പിൽ അഡ്വ തങ്കച്ചൻ മുഞ്ഞനാട്ട് സമർപ്പിച്ചിരുന്നു. തെറ്റായ വികസനവും തെറ്റായ പരിസ്ഥിതി പ്രവർത്തനവും ഒരുപോലെ പരിസ്ഥിതി നാശം വരുത്തുന്നു എന്നും ഒരുപോലെ വികസനം മുരടിപ്പ് സൃഷ്ടിക്കുന്നു എന്നുമുള്ളത് വസ്തുതയാണ്. സുസ്ഥിരവികസനം എന്ന ആശയം ഈ അടിസ്ഥാന വസ്തുതയെ മുൻനിർത്തിയുള്ളതല്ല. അതിനാൽത്തന്നെ കാലഹരണപ്പെട്ടതും നിലവിലെ ആവശ്യങ്ങൾക്ക് അനുയോജ്യമല്ലാത്തതുമാണ്. അതിനാൽ സുസ്ഥിര വികസനത്തിന് പകരം അതിന്റെ ആധുനികവും കാലാനുസൃത രൂപവുമായ ‘പുരോസ്ഥിരവികസനം ‘എന്ന ആശയത്തെ മുൻനിർത്തി പരിസ്ഥിതി സംരക്ഷണത്തിനും മനുഷ്യജീവനും കാർഷിക വിളകൾക്കും സംരക്ഷണം നൽകുന്നതിനും വികസനത്തിനും ഉതകുന്ന സമഗ്ര പദ്ധതിയാണ് സർക്കാരിന് മുന്നിൽ അവതരിപ്പിച്ചത്.
സംസ്ഥാനത്തും രാജ്യത്തും ലോകത്താകെയും നടപ്പാക്കി വരുന്നതിൽ മിക്കവയും തീർത്തും തെറ്റും കാലഹരണപ്പെട്ടതും വികസന വിരുദ്ധവും സമൂഹവിരുദ്ധവുമായ പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളാണ്. ഇത്തരത്തിൽ നടപ്പിലാക്കിവരുന്ന തീർത്തും തെറ്റായ പരമ്പരാഗത പരിസ്ഥിതി ചിന്തകളും പ്രവർത്തനങ്ങളും വലിയ പരിസ്ഥിതി നാശത്തിന് കൂടി കാരണമാകുന്നു.അതായത് നമ്മുടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ മിക്കതും തീർത്തും വഴിപിഴച്ചു പോകുന്നു എന്നതാണ് വസ്തുത. അതിന്റെ ഏറ്റവും പുതിയ ഒരു ഉദാഹരണമാണ് ഇടുക്കി ജില്ലയിൽ നിന്നുയർന്ന അരിക്കൊമ്പൻ വിഷയം. ഇത്തരം സംഗതികൾ സംസ്ഥാനത്തും രാജ്യത്താകെയും നിലനിൽക്കുന്നതിനാൽ അതിനുപകരമായി പുരോസ്ഥിരവികസനം എന്ന ആശയത്തെ മുൻനിർത്തിയുള്ള ശരിയായ പരിസ്ഥിതി സംരക്ഷണം സംസ്ഥാനത്താകെ നടപ്പിലാക്കണമെന്ന ആവശ്യവും അതിനുള്ള പദ്ധതിയും കൂടി സർക്കാറിനു മുന്നിൽ സമർപ്പിച്ചിരുന്നു. അതുവഴി ശരിയായ വികസനവും ശരിയായ പരിസ്ഥിതി സംരക്ഷണവും സംസ്ഥാനത്ത് നിലനിർത്തുന്നതിന് സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടിരുന്നു. കൂടാതെ, വലിയ പരിസ്ഥിതി നാശം വരുത്തുന്നു എന്നതിനാലും ഭരണഘടന വിരുദ്ധമാണ് എന്നതിനാലും ബഫർ സോണിൽ കേവലം ചില ഇളവുകൾ അല്ല മറിച്ച് തീർത്തും നടപ്പിലാക്കാതിരിക്കുകയാണ് കേരളത്തിനാവശ്യം എന്ന വസ്തുതയും സർക്കാരിനു മുന്നിൽ സമർപ്പിച്ചിരുന്നു. എന്നാൽ വന്യമൃഗശല്യം പരിഹരിക്കുന്നതടക്കം കേരള ഹൈക്കോടതിക്ക് മുന്നിൽ വെച്ച ആവശ്യങ്ങൾ മുൻനിർത്തി സർക്കാറിനു മുൻപിൽ സമർപ്പിച്ച പരിഹാര നിർദ്ദേശങ്ങളും പദ്ധതികളും ഹൈക്കോടതി നിർദ്ദേശം ഉണ്ടായിട്ടും നടപ്പിലാക്കാൻ സർക്കാർ തയ്യാറായില്ല. വന്യമൃഗ ശല്യം എന്ന അപകടകരമായ അവസ്ഥ ഇല്ലാതാക്കാൻ ഭരണഘടനപരമായും നിയമപരമായും ബാധ്യസ്ഥമായ സർക്കാർ , അതിനുതകുന്ന യഥാർത്ഥ പദ്ധതികളെപ്പോലും അവഗണിക്കുന്നു എന്നത് തീർത്തും ജനാധിപത്യ വിരുദ്ധമായ നടപടിയാണ്. സർക്കാരിന്റെ ഈ നടപടി കോടതിയലക്ഷ്യമാണ് എന്നതിനാൽ, വനം പ്രിൻസിപ്പൽ സെക്രട്ടറിക്ക് കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുന്നതിനു മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി അഡ്വക്കറ്റ് തങ്കച്ചൻ പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ അഡ്വക്കറ്റ് തങ്കച്ചൻ മുഞ്ഞനാട്ട്, മനുഷ്യാവകാശ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ മുജീബ് റഹ്മാൻ അഞ്ചുകുന്ന് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിമൻ ചേംബറിന്റെ പ്രദർശന മേള `ഛായാമുഖി 2023′ ബുധനാഴ്ച മുതൽ കൽപ്പറ്റയിൽ; ടി സിദ്ധീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും
Next post തുരങ്ക പാതക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി
Close

Thank you for visiting Malayalanad.in